89ാമത് ദേശീയ ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ സൗദി അറേബ്യ അണിഞ്ഞൊരുങ്ങി . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളും പാര്‍ക്കുകളും ബീച്ചുകളും ഷോപ്പിങ് മാളുകളും സൗദിയുടെ വിവിധ വൈവിധ്യങ്ങള്‍ വിളിച്ചോതുന്ന തരത്തില്‍ അലങ്കരിച്ചു.
രാജ്യത്തെ പ്രധാന ലാന്റ്മാര്‍ക്കുകളില്‍ സൗദി സ്ഥാപകനായ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജാവിന്റേതടക്കമുള്ള ഭരണാധികാരികളുടെയും ദേശീയപതാകയുടെയും ചിത്രങ്ങള്‍ തെളിഞ്ഞിട്ടുണ്ട്. വഴിയോരങ്ങള്‍ ദീപാലങ്കൃതമാക്കിയത് ഉല്‍സവ പ്രതീതിയുണര്‍ത്തുന്നു. സ്വകാര്യ-പൊതു മേഖലകളിലെ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇത്തവണ തുടര്‍ച്ചയായ നാലു ദിവസത്തെ ഒഴിവ് ലഭിക്കുന്നതും ഇതേ ദിവസങ്ങള്‍ തന്നെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്ക് ഒഴിവ് പ്രഖ്യാപിച്ചതും ദേശീയ ദിനാഘോഷത്തിന്റെ ജനപങ്കാളിത്തം വര്‍ധിപ്പിക്കും.
സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ വിവിധ അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ഷോപ്പിങ് മാളുകള്‍, ഭക്ഷണ ശാലകള്‍ എന്നിവയില്‍ ആകര്‍ഷകമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സൗദി അതോറിറ്റി ഓഫ് എന്റര്‍ടെയിന്‍മെന്റും വിവിധ പ്രവശ്യകളിലെ മുന്‍സിപ്പാലിറ്റികളും ചേര്‍ന്ന് ഒരുക്കുന്ന കരിമരുന്ന് പ്രയോഗം, സൗദി എയര്‍ഫോഴ്‌സ് ഷോ, മ്യൂസിക്കല്‍ സ്‌റ്റേജ്, ഫോട്ടോ പ്രദര്‍ശനം, നാടകം, ഭക്ഷണ സ്റ്റാളുകള്‍, സൗദി ചരിത്രം ആവിഷ്‌കരിക്കുന്ന പരമ്പരാഗത പരിപാടികള്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാവും. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളില്‍ അന്താരാഷ്ട്രതലത്തിലുള്ള പ്രത്യേക ഷോകളും ഉണ്ടായിരിക്കും.
അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമായ സൗദി അറേബ്യ അബ്ദുല്‍ അസീസ് അല്‍സഊദ് എന്ന രാജാവിന്റെ നേതൃത്വത്തില്‍ പൂര്‍ണ രാജ്യമായി ഏകീകരിക്കപ്പെട്ടത് 1932 സപ്തംബര്‍ 23നാണ്.