റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ 10, 12 ക്ലാസുകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് വിവിധ മേഖലകളിലെ പ്രഗത്ഭരുമായി ഓണ്‍ലൈനിലൂടെ സംവദിക്കാന്‍ അവസരം

റാന്നി നോളജ് വില്ലേജ് പദ്ധതി: മീറ്റ് ദി മാസ്റ്റേഴ്സ് പ്രോഗ്രാം ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

അറിവിന്റെ വാതായനം കുട്ടികള്‍ക്ക് തുറന്നു നല്‍കാന്‍ കഴിഞ്ഞ സന്തോഷത്തിലായിരുന്നു ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരും അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയും.  അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നേതൃത്വം നല്‍കുന്ന റാന്നി നോളജ് വില്ലേജ് പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തിലെ 10, 12 ക്ലാസുകളില്‍ മികവ് തെളിയിച്ച കുട്ടികള്‍ക്ക് വിവിധ മേഖലകളിലെ പ്രഗത്ഭരുമായി ഓണ്‍ലൈനിലൂടെ സംവദിക്കാന്‍ അവസരം നല്‍കുന്ന മീറ്റ് ദി മാസ്റ്റേഴ്സ് പ്രോഗ്രാമിന്റെ ഉദ്ഘാടന ചടങ്ങാണ് ശ്രദ്ധനേടിയത്. ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ മീറ്റ് ദി മാസ്‌റ്റേഴ്‌സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളുടെ ചോദ്യങ്ങളുടെ ആഴം വലുതാണെന്ന ബോധ്യം കളക്ടറും എംഎല്‍എയും പങ്കുവച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ മോഡറേറ്ററായിരുന്ന പരിപാടി എംഎല്‍എയുടെ ഫെയിസ് ബുക്ക് പേജിലൂടെ തല്‍സമയ സംപ്രേക്ഷണം ചെയ്തു.
കലയെയും പഠനത്തെയും കുട്ടിക്കാലത്ത് എങ്ങനെ മുന്നോട്ടുകൊണ്ടുപോയി എന്ന ആദ്യ ചോദ്യശരം ഗായത്രി ജയരാജിന്റെയായിരുന്നു.  കുട്ടിക്കാലത്ത് പഠനത്തിലും ഒപ്പം പാട്ട്, നൃത്തം, കഥ രചനാ മത്സരം തുടങ്ങി വിവിധ മേഖലകളിലും ജിജ്ഞാസ സത്തമായ മനസോടെ പ്രത്യേക ശ്രദ്ധ നല്‍കി സ്വപ്‌നങ്ങള്‍ നെയ്‌തെടുത്തതായി കളക്ടര്‍ പറഞ്ഞു. ജീവിത വിജയം എന്ന സ്വപ്നമാണ് നെയ്തതെന്ന നിരീക്ഷണത്തിലേക്ക് കളക്ടര്‍ കടന്നപ്പോള്‍,  അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ അധ്യാപകവൃത്തി എന്ന ഗുരുത്വത്തില്‍ അധിഷ്ഠിതമായ ശ്രേഷ്ടമായ ജോലിയെക്കുറിച്ചും വിദ്യാര്‍ഥി- അധ്യാപക ബന്ധത്തെകുറിച്ചും ചിലത് കൂട്ടിചേര്‍ത്തു. വിദ്യാര്‍ഥികള്‍ക്ക് ഇന്ന് ആധുനിക പഠനസങ്കേതങ്ങള്‍ ലഭ്യമാണ്. ഇത് വിദ്യാധനത്തെ പോഷിപ്പിക്കുന്നതലത്തില്‍ വളര്‍ത്തിയെടുക്കാന്‍ വിദ്യാര്‍ഥികള്‍ ഉത്തമ ബോധ്യത്തോടെ കടന്നുവരണമെന്ന് എംഎല്‍എ പറഞ്ഞു.
വടശേരിക്കരയില്‍ നിന്നുള്ള ഷൈബ ഏബ്രഹാമിന്റെ ചോദ്യം പറന്നെത്തിയത് എംഎല്‍എയിലേക്കായിരുന്നു. റാന്നിയെ നോളജ് വില്ലേജാക്കി മാറ്റുന്നതിന് കോച്ചിംഗ് സെന്ററുകള്‍ ആരംഭിക്കുമോ?. ചോദ്യകര്‍ത്താവിനെ എംഎല്‍എ അഭിനന്ദിച്ചു. റാന്നി നിയോജക മണ്ഡലത്തിലെ എല്ലാ വിദ്യാര്‍ഥികളെയും അവരുടെ കഴിവിനും നൈപുണ്യത്തിനും അനുസരിച്ച് ക്രിയാത്മകമായ നിലയില്‍ വളര്‍ത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലേക്കായി വിദ്യാര്‍ഥികളുടെ കഴിവുകള്‍ക്കും നൈപുണ്യത്തിനും ഊന്നല്‍ നല്‍കി ശാസ്ത്രീയമായ ആപ്റ്റിറ്റിയൂഡ് മാപ്പിംഗ് നടത്തുമെന്നും എംഎല്‍എ പറഞ്ഞു. ഇത് നൂതനവും ഭാവനാത്മകവുമായ ആശയമാണെന്ന് കളക്ടറും അഭിപ്രായം പങ്കുവെച്ചു.
തങ്ങളുടെ ജീവിതത്തില്‍ അര്‍ജിച്ച അറിവുകള്‍ ജില്ലാ കളക്ടറും എംഎല്‍എയും വിദ്യാര്‍ഥികള്‍ക്കായി പങ്കുവച്ചു. ജീവിത വിജയത്തിന് നാം പ്രാവര്‍ത്തികമാക്കേണ്ട പ്രവര്‍ത്തന രീതിയെക്കുറിച്ചായിരുന്നു അത്. വസ്തുനിഷ്ഠവും വിജ്ഞാനപ്രദവുമായ പുസ്തകങ്ങളുടെ പരന്ന വായന അനിവാര്യമാണ്. ഇതില്‍നിന്നും ജീവിത അനുഭവ താളുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് നാളേക്കായി സ്വപ്നങ്ങള്‍ കണ്ട് ജീവിത വിജയം നേടാന്‍ കര്‍മ്മശേഷി കൈവരിക്കണം. കുട്ടികള്‍ തങ്ങളുടെ കഴിവുകളെ സ്വയം കണ്ടെത്തുന്ന നിലയുണ്ടാകണം. സ്വയം കണ്ടെത്തുന്ന അറിവുകളെ പരിപോഷിപ്പിച്ച് കര്‍മ്മപഥത്തില്‍ പ്രാപ്തമാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ വേദജിത്ത്  കളക്ടറുടെ ജീവിത ഏടുകളെകുറിച്ച് ജിജ്ഞാസ കലര്‍ന്ന ചോദ്യം ഉയര്‍ത്തി. വിദ്യാര്‍ഥിയായി വിവിധ ക്ലാസുകളിലും, ഡോക്ടറായി മാറുകയും, പിന്നീട് ഐഎഎസ് നേടുകയും ചെയ്തതിലെ അനുഭവ പാഠംങ്ങളെ കുറിച്ചായിരുന്നു ചോദ്യം. കുട്ടിക്കാലം മുതല്‍ ഐഎഎസ് പോലെ ഉയര്‍ന്ന ഭരണ നിര്‍വഹണ സംവിധാനത്തിന്റെ ഭാഗമാകണമെന്ന സ്വപ്നം മനസില്‍ കൊണ്ടുനടന്നിരുന്നതായി കളക്ടര്‍ പറഞ്ഞു. എംബിബിഎസ് നേടിയപ്പോഴും, തുടര്‍ന്ന് ഐഎഎസ് നേടിയെടുത്തപ്പോഴും  മാനുഷികമായ മൂല്യം ഉയര്‍ത്തിപ്പിക്കാന്‍ എപ്പോഴും ശ്രദ്ധ നല്‍കി വരുന്നതായും കളക്ടര്‍ പറഞ്ഞു.  എങ്ങനെ ഐഎഎസ് സ്വായത്തമാക്കാം എന്നതായിരുന്നു ഗോപികയുടെ ചോദ്യം. ഉന്നം പിഴയ്ക്കാത്ത സ്വപ്നം മനസില്‍ കൊണ്ടു നടക്കുകയും ഉത്തമ ബോധ്യത്തോടെ സ്വരുക്കൂട്ടി ഫലപ്രാപ്തിയിലേക്കുള്ള പാത വെട്ടിതുറക്കണമെന്നും കളക്ടര്‍ പറഞ്ഞു.
തടിയൂരില്‍ നിന്നുമുള്ള വിദ്യാര്‍ഥി ആരോമല്‍ പാത്ത് ഫൈന്‍ഡര്‍ എന്ന പുസ്തകത്തെകുറിച്ചാണ് ചോദിച്ചത്. ഐഎഎസ് നേടുന്നതിനും ജീവിത അനുഭവ പാഠത്തില്‍ നിന്നും വിജയ പ്രാപ്തിയില്‍ എത്തുന്നതിനും ഉപകരിക്കുന്ന പുസ്തകമാണ്പാത്ത് ഫൈന്‍ഡര്‍ എന്നും കളക്ടര്‍ പറഞ്ഞു. കേരളത്തില്‍ 231 ഐഎഎസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് 134 എന്ന നിലയില്‍ ലഭ്യതകുറവ് കാണിക്കുന്നത് സംബന്ധിച്ചായിരുന്നു ഗോപികയുടെ ചോദ്യം. കളക്ടറും എംഎല്‍എയും ആദ്യം അത്ഭുതപ്പെട്ടു. നിയമ സഭയില്‍ മുഴങ്ങുന്ന ചോദ്യത്തിന് തുല്യം. ഐഎഎസ് തലത്തില്‍ കേരളത്തില്‍ നിന്ന് കൂടുതല്‍ പേര്‍ തിരഞ്ഞെടുക്കപ്പെടുന്ന രീതിയിലേക്ക് നിലവില്‍ സ്ഥിതി മാറിയിട്ടുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ഇതിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ ഐഎഎസ് സിലബസ് ഉള്‍പ്പെടെ വിശദമായി പ്രത്യേക ശ്രദ്ധ നല്‍കി സ്വായത്തമാക്കാന്‍ ശ്രമിക്കണം. കഠിനാധ്വാനം ഉണ്ടെങ്കില്‍ ജീവിത വിജയം ഉറപ്പാണെന്നും കളക്ടര്‍ പറഞ്ഞു.
എങ്ങനെയുള്ള ആനുകാലിക പുസ്തകങ്ങളാണ് ഐഎഎസ് ലക്ഷ്യമാക്കി പഠിക്കുന്നവര്‍ പിന്തുടരേണ്ടതെന്നായിരുന്നു ഹലീന എലിസമ്പത്ത് ജോബിയുടെ തിളക്കമാര്‍ന്ന ചോദ്യം. പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും വായിക്കുകയും നോട്ട് തയാറാക്കുകയും കൂട്ടുകാരുമായി ക്വിസ് മത്സരം ഉള്‍പ്പെടെ നടത്തുന്നതും വിജയത്തിലേക്കുള്ള മാര്‍ഗദര്‍ശിയാകുമെന്ന് കളക്ടര്‍ പറഞ്ഞു. കുമ്പളാംപൊയ്കയില്‍ നിന്നുള്ള എസ്. സ്വാതിക്ക് ഐഎഎസിന് കൂടുതലും തിരഞ്ഞെടുക്കപ്പെടുന്നത്ഡോക്ടര്‍മാരെ മാത്രമാണോ എന്ന ചോദ്യമാണ്  ഉന്നയിക്കാനുണ്ടായിരുന്നത്. കൃത്യമായ രീതിയില്‍ വേണ്ടത്ര ശ്രദ്ധയോടെയും ഉത്സാഹ ചിത്തരായും കഠിനാദ്ധ്വാനം നടത്തിയാല്‍ ആര്‍ക്കും ഐഎഎസ് എന്ന സ്വപ്നം നേടിയെടുക്കാം എന്ന ബോധ്യം വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഉന്നമനത്തിന് ഐഎഎസ് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്ന ചോദ്യമാണ് ഐശ്വര്യയ്ക്ക് ചോദിക്കാനുണ്ടായിരുന്നത്. കുടുംബാംഗങ്ങള്‍ തമ്മിലും സുഹൃത്തുക്കള്‍ തമ്മിലുമുള്ള ഊഷ്മള ബന്ധങ്ങള്‍പോലെ ഹൃദ്യമായ രീതിയില്‍ സമൂഹത്തിലെ എല്ലാതരത്തിലുമുള്ള പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിന് ശ്രദ്ധ നല്‍കിയുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് പ്രാവര്‍ത്തികമാക്കുക എന്നത് ദൗത്യമായി കാണുന്നതായി കളക്ടര്‍ പറഞ്ഞു.  
സംവാദം സജീവമായി ഒന്നര മണിക്കൂര്‍ നീണ്ടുനിന്നു. പൊതുവിദ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് എസ്. വള്ളിക്കോട് സ്വാഗതവും, ദേശീയ പുരസ്‌ക്കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ അധ്യാപകന്‍ സാബു പുല്ലാട് നന്ദിയും പറഞ്ഞു. 600 കുട്ടികള്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു. മീറ്റ് ദി മാസ്റ്റേഴ്സ് പ്രോഗ്രാമില്‍ ഇനിയുള്ള ദിവസങ്ങളില്‍ വിവിധ മേഖലകളില്‍ നിന്നുള്ള പ്രഗത്ഭ വ്യക്തികള്‍ കുട്ടികളുമായി സംവദിക്കാന്‍ എത്തും. വിദ്യാഭ്യാസം, കല, കായികം, ശാസ്ത്രം, സാങ്കേതിക വിദ്യ, കൃഷി, തുടങ്ങി എല്ലാ മേഖലയിലെയും ഏറ്റവും മികച്ച വ്യക്തികളാകും കുട്ടികള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനെത്തുക. നിയോജക മണ്ഡലത്തിലെ നഴ്‌സറി മുതല്‍ ഉന്നത വിദ്യാഭ്യാസ മേഖല വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്  പ്രയോജനപ്പെടുന്ന വിധമാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്.

പത്തനംതിട്ട ജില്ലയിലെ പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍
വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 08, 09 പൂര്‍ണമായും സെപ്റ്റംബര്‍ 22 മുതല്‍ 28 വരെ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം.
രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്കപട്ടിക ഉയരുന്നതു കണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍  പ്രഖ്യാപിച്ചത്.
പ്രഖ്യാപിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ ദീര്‍ഘിപ്പിക്കാത്തപക്ഷം മറ്റൊരു ഉത്തരവ് കൂടാതെ നിയന്ത്രണങ്ങള്‍ സെപ്റ്റംബര്‍ 28ന് അവസാനിക്കും.