പതിനേഴു വയസ്സ് മാത്രം പ്രായമുള്ള ജാർഖണ്ഡ് സ്വദേശിനിയെ ബലാത്സംഗ ശ്രമത്തിനിടെ കൊലപ്പെടുത്തിയ റാന്നി സ്വദേശിയായ പ്രതിക്ക് ശിക്ഷ ജീവപര്യന്തം തടവ്.പത്തനംതിട്ട ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബീഹാർ മുസാഫർപുർ സ്വദേശി ജുൻ ജുൻ കുമാർ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.
പത്തനംതിട്ട ജില്ലയിൽ കുമ്പനാട്ടാണ് 2012 മാർച്ച് മാസം 9 ന് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹിതയായി കുമ്പനാട്ട് വാടകക്ക് താമസിച്ചിരുന്ന ജേഷ്ഠസഹോദരിയെ സഹായിക്കാനാണ് ബീഹാർ സ്വദേശിയായ പതിനേഴുകാരി കുമ്പനാട്ടെ വാടക വീട്ടിൽ വന്നത്. സഹോദരിയുടെ ഭർത്താവിനെ ജോലിയിൽ സഹായിക്കുവാനാണ് കുറ്റകൃത്യം ചെയ്ത പ്രതിയെ ഇവിടെക്കു കൊണ്ടു വന്നിരുന്നത്. സംഭവ ദിവസം ജേഷ്ഠ സഹോദരിയും ഭർത്താവും ആശുപത്രിയിൽ പോയ തക്കത്തിന് പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചു. എതിർപ്പ് കാരണം പ്രതിയുടെ താല്പര്യം സാധിക്കാതെ വന്നപ്പോൾ പെൺകുട്ടിയെ ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു.
പ്രോസിക്യഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. പി എ ഹൻസലാഹ് മുഹമ്മദ് കേസിൽ ഹാജരായി. ശക്തമായ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിയെ ശിക്ഷിക്കാൻ ദൃക്സാക്ഷികൾ ഇല്ലാതിരുത്ത കേസിൽ സഹായകമായതായി അഡ്വ. ഹൻസലാഹ് മുഹമ്മദ് പറഞ്ഞു. പ്രതിയുടെ ശരീരത്തിൽ കാണപ്പെട്ട മുറിവുകളും പെൺകുട്ടിയുടെ നഖത്തിനടിയിൽ നിന്നും ശേഖരിച്ച ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയിൽ പ്രതിയുടെതെന്ന് തെളിഞ്ഞതും പ്രതിയെ ശിക്ഷിക്കാനുള്ള ശക്തമായ തെളിവായി. കൊലപാതകത്തിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും പീഡന ശ്രമത്തിന് മൂന്ന് വർഷം കഠിന തടവും 50,000 രൂപ പിഴയൊടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. സെഷൻസ് 1 ജഡജി എൻ ഹരികുമാറാണ് ശിക്ഷവിധിച്ചത്. പ്രതിയോടൊപ്പം ചിത്രത്തിൽ കാണുന്ന വ്യക്തി റാന്നിയിൽ 2 കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.