തുലാവര്‍ഷം ശക്തമാകുന്നതിനൊപ്പം അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കാരണം അടുത്ത നാലു ദിവസം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാലു ദിവസത്തേക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഏഴ് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ(115 mm വരെ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണ്.
ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.