Thursday, April 25, 2024
HomeKeralaസെന്‍സസ് നടപടികള്‍ തുടങ്ങി; വിവരശേഖരണത്തിന് മൊബൈല്‍ ആപ്പ്

സെന്‍സസ് നടപടികള്‍ തുടങ്ങി; വിവരശേഖരണത്തിന് മൊബൈല്‍ ആപ്പ്

ഭാരത സെന്‍സസ് 2021ന്റെ പ്രരംഭ നടപടികള്‍ ആരംഭിച്ചു. 30 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിവരശേഖരണത്തിനായി താമസസ്ഥലങ്ങളില്‍ എത്തും. സെന്‍സസ് ചരിത്രത്തില്‍ ആദ്യമായി വിവര ശേഖരണത്തിന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ്പ് ഉപയോഗിക്കും. കൂടാതെ സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ തത്സമയ പുരോഗതി നിരീക്ഷിക്കാന്‍ വെബ്‌പോര്‍ട്ടലും  ഉപയോഗിക്കും. ഭാരതത്തിലെ സെന്‍സസ് ചരിത്രത്തിലെ ആദ്യ ഡിജിറ്റല്‍ സെന്‍സസ് എന്ന വിശേഷണമാണ് സെന്‍സസ് 2021 ന് ഉള്ളത്. സെന്‍സസിനു വേണ്ടി നല്‍കുന്ന വിവരങ്ങള്‍ തികച്ചും രഹസ്യാത്മകമായിരിക്കും. അതിനാല്‍ ജനങ്ങള്‍ തങ്ങളുടെ വീട് സന്ദര്‍ശിക്കുന്ന എന്യുമറേറ്റര്‍മാര്‍ക്കും, സൂപ്പര്‍വൈസര്‍മാര്‍ക്കും ശരിയായ വിവരങ്ങള്‍ നല്‍കുകയും സെന്‍സസിനോടു പൂര്‍ണമായും സഹകരിക്കുകയും വേണം. ഇത് സെന്‍സസിന്റെ വിജയത്തിന് അനിവാര്യമാണെന്ന് ജില്ലാ കളക്ടറും പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറുമായ  പി.ബി.നൂഹ് പറഞ്ഞു. സെന്‍സസിന്റെ ഒന്നാം ഘട്ടം വീടുപട്ടിക തയാറാക്കലും, വീടുകളുടെ സെന്‍സസും ആണ്. ഏകദേശം 77000 സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് കേരളത്തില്‍ കണക്കെടുപ്പിനായി നിയോഗിക്കപ്പെടുക. രണ്ടാം ഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2021 ഫെബ്രുവരിയില്‍ നടക്കും. ഒന്നാം ഘട്ടത്തില്‍ വീടുകളുടെ പട്ടിക തയാറാക്കുന്നതിനോടൊപ്പം ആവാസസ്ഥിതി, പ്രാഥമിക സൗകര്യങ്ങളുടെ ലഭ്യത, പാര്‍പ്പിട ദൗര്‍ലഭ്യം, എന്നിവ വിലയിരുത്തുന്നതിന് ലഭ്യമായ വിവിധ സൗകര്യങ്ങളെ സംബന്ധിക്കുന്നതും കുടുംബത്തിനു കൈവശമുള്ള സാമഗ്രികളെ കുറിച്ചുള്ളതും ഉള്‍പ്പെടെ 31 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ചോദ്യങ്ങള്‍:കെട്ടിട നമ്പര്‍,  സെന്‍സസ് വീടിന്റെ നമ്പര്‍, സെന്‍സസ് വീടിന്റെ നിലം, ഭിത്തി, മേല്‍ക്കൂര എന്നിവയ്ക്ക് ഉപയോഗിച്ച സാമഗ്രികള്‍, സെന്‍സസ് വീടിന്റെ ഉപയോഗം, സെന്‍സസ് വീടിന്റെ അവസ്ഥ, കുടുംബത്തിന്റെ നമ്പര്‍,  കുടുംബത്തില്‍ പതിവായി താമസിക്കുന്നവരുടെ ആകെ എണ്ണം, കുടുംബ നാഥന്റെ അല്ലെങ്കില്‍ നാഥയുടെ പേര്, ആണോ പെണ്ണോ  ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തിയോ, പട്ടികജാതിയോ പട്ടികവര്‍ഗമോ മറ്റുള്ളവരോ, വീടിന്റെ ഉടമസ്ഥത, താമസിക്കുവാന്‍ കുടുംബത്തിനു മാത്രമായി കൈവശമുള്ള മുറികളുടെ എണ്ണം, കുടുംബത്തില്‍ താമസിക്കുന്ന ദമ്പതികളുടെ എണ്ണം, പ്രധാന കുടിവെള്ള സ്രോതസ്, കുടിവെള്ള സ്രോതസിന്റെ ലഭ്യത, വെളിച്ചത്തിന്റെ പ്രധാന സ്രോതസ്, കക്കൂസിന്റെ ലഭ്യത, ഏതു തരം കക്കൂസ്, അഴുക്കുവെള്ള കുഴല്‍ സംവിധാനം, കുളിക്കുവാനുള്ള സൗകര്യം, അടുക്കളയുടെയും എല്‍.പി.ജി അല്ലെങ്കില്‍ പി.എന്‍.ജി കണക്ഷന്റെയും ലഭ്യത , പാചകത്തിനുപയോഗിക്കുന്ന പ്രധാന ഇന്ധനം, റേഡിയോ അല്ലെങ്കില്‍ ട്രാന്‍സിസ്റ്റര്‍, ടെലിവിഷന്‍, ഇന്റര്‍നെറ്റിന്റെ ലഭ്യത, ലാപ്‌ടോപ്പ് അല്ലെങ്കില്‍ കംപ്യൂട്ടര്‍, െടലിഫോണും മൊബൈല്‍ അല്ലെങ്കില്‍ സ്മാര്‍ട്ട് ഫോണ്‍, സൈക്കിള്‍,സ്‌കൂട്ടര്‍/മോട്ടോര്‍ സൈക്കിള്‍/മോപ്പഡ്, കാര്‍/ജീപ്പ്്/വാന്‍, കുടുംബത്തില്‍ പ്രധാനമായും ഉപയോഗിക്കുന്ന ധാന്യം, മൊബൈല്‍ നമ്പര്‍.  ഒന്നാം ഘട്ടത്തിന് വേണ്ടി സെന്‍സസ് അധികാരികള്‍ക്കുള്ള പരിശീലനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജില്ലാ തലത്തില്‍ സെന്‍സസിന്റെ മേല്‍നോട്ടം നടത്തുന്നതിനും കുറ്റമറ്റ രീതിയില്‍ സെന്‍സസ് പൂര്‍ത്തീകരിക്കുന്നതിനുമുള്ള  ഉത്തരവാദിത്വം പ്രിന്‍സിപ്പില്‍ സെന്‍സസ് ഓഫീസറായ ജില്ലാ കളക്ടര്‍ക്കാണ്. ആദ്യ പരിശീലനം പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍മാര്‍ക്ക് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നല്‍കി. ജില്ലയിലെ മറ്റു ജില്ലാ സെന്‍സസ് ഉദ്യോഗസ്ഥര്‍ക്കും, തഹസില്‍ദാര്‍മാര്‍ക്കും, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയ ചാര്‍ജ് ഓഫീസര്‍മാര്‍ക്കും, സെന്‍സസ് ക്ലര്‍ക്ക് മാര്‍ക്കും ഉള്ള ദ്വിദിന പരിശീലന പരിപാടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഈമാസം 25,26 തീയതികളില്‍ നടക്കും. സെന്‍സസ് പ്രക്രിയ, ചോദ്യങ്ങള്‍, വിവിധ സെന്‍സസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വങ്ങള്‍, 1948 സെന്‍സസ് ആക്ടും 1990 ലെ സെന്‍സസ് റൂളും, മൊബൈല്‍ ആപ്പ്, സെന്‍സസ് മാനേജ് മെന്‍ന്റ് ആന്റ് മോണിറ്റിംഗ് പോര്‍ട്ടല്‍(സി.എം.എം.എസ് പോര്‍ട്ടല്‍) തുടങ്ങിയ വിഷയങ്ങളിലായിരിക്കും പരിശീലനം. ഓരോ കണക്കെടുപ്പിന്റെയും ഗുണനിലവാരം ഉറപ്പാക്കുന്നതിന് പരിശീലന പരിപാടികള്‍ക്ക് പ്രധാന പങ്കുണ്ട്. അതിനാല്‍ സെന്‍സസിനായി നിയോഗിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരും പരിശീലനപരിപാടികളില്‍ കൃത്യമായി പങ്കെടുക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments