ആദായനികുതി വകുപ്പ് റിട്ടേണ്‍ ഫയല്‍ചെയ്യുന്നതിനും പാന്‍കാര്‍ഡിനും ആധാര്‍ നിര്‍ബന്ധമാക്കിയത് എന്തിനെന്ന് സുപ്രീംകോടതി ആരാഞ്ഞു. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തില്‍ ഈ നീക്കം നടത്തിയത് എന്തടിസ്ഥാനത്തിലാണെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. വ്യാജ പാന്‍, റേഷന്‍ കാര്‍ഡുകള്‍ തടയാന്‍ പൌരന്മാരെക്കൊണ്ട് നിര്‍ബന്ധപൂര്‍വം ആധാര്‍ എടുപ്പിക്കുന്നത് ശരിയാണോയെന്നും ജസ്റ്റിസുമാരായ എ കെ സിക്രിയും അശോക്ഭൂഷണും അംഗങ്ങളായ ബെഞ്ച് സര്‍ക്കാരിനോട് ആരാഞ്ഞു. ആദായനികുതി വകുപ്പിലെ 139എഎ വകുപ്പ് പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ നടപടിയെ ചോദ്യംചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. ഹര്‍ജി വിശദമായ വാദംകേള്‍ക്കുന്നതിന് 26ലേക്ക് മാറ്റി.
ആദായനികുതി വകുപ്പിലെ 139 എ വകുപ്പ് പ്രകാരം റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ പാന്‍കാര്‍ഡുകള്‍ നിര്‍ബന്ധമാണ്. പലരും വ്യാജ പാന്‍കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ആധാര്‍ നിര്‍ബന്ധമാക്കിയതെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍റോഹ്തഗി വാദിച്ചു. നിയമനിര്‍മാണത്തിലൂടെയാണ് ഈ വ്യവസ്ഥ നിര്‍ബന്ധമാക്കിയതെന്നും നേരത്തേ സിംകാര്‍ഡുകള്‍ എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കിയ നീക്കം കോടതി അംഗീകരിച്ചിരുന്നെന്നും എജി പറഞ്ഞു. ആദായനികുതി വകുപ്പിലെ 139 എഎ വകുപ്പുകള്‍ നിയമവിരുദ്ധവും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാണിച്ച് സിപിഐ നേതാവ് ബിനോയ് വിശ്വം, വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ എസ് ജി വോബാദ്കറെ, സഫായ് കര്‍മചാരി ആന്ദോളന്‍ കണ്‍വീനര്‍ ബെസ്വാദ വിത്സന്‍ എന്നിവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.
ഈ ഘട്ടത്തില്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് ഭരണഘടനാബെഞ്ച് വ്യക്തമായ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള കാര്യം കോടതി സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. ആധാര്‍ ഇല്ലാത്തതുകൊണ്ട് ഒരൊറ്റ ഗുണഭോക്താവിനും ആനുകൂല്യം നഷ്ടമാകുന്ന സാഹചര്യമുണ്ടാകരുതെന്ന് കോടതി പ്രത്യേകം നിര്‍ദേശിച്ചിരുന്നു.