പോലീസ് റെയ്ഡ് ശക്തം; വന്‍ ചാരായ വേട്ട

ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്റെ നിര്‍ദേശം അനുസരിച്ച് ദിവസങ്ങളോളം ഉറക്കമിളച്ച് ഷാഡോ പോലീസ് നടത്തിയ നിരീക്ഷണം പാഴായില്ല. തന്ത്രപരവും സാഹസികവുമായ നീക്കത്തിലൂടെ വലയിലാക്കിയത് വന്‍ തോതില്‍ ചാരായം വാറ്റി വില്‍ക്കുന്ന ക്രിമിനല്‍ സംഘത്തെ. ബുധന്‍ പുലര്‍ച്ചെ വരെ നീണ്ടുനിന്ന ”ഓപ്പറേഷനി”ല്‍ കുടുങ്ങിയത് വന്‍ സംഘത്തിലെ അംഗങ്ങളായിരുന്നു.
കോയിപ്രം പുല്ലാട് വാളക്കുഴിയില്‍ സണ്ണി എന്ന ആളുടെ ഉടമസ്ഥതയിലുള്ള ബഹുനില വീട് കേന്ദ്രമാക്കിയുള്ള ചാരായ വാറ്റ് സങ്കേതം വളഞ്ഞ് ഷാഡോ പോലീസ് അംഗങ്ങള്‍ അവിടേക്കെത്തിയത് പ്രതികളിലൊരാളായ രാജേഷിലൂടെയായിരുന്നു. ദിവസങ്ങളായുള്ള നിരീക്ഷണത്തിന് ഒടുവില്‍ ഷാഡോ ടീമിന്റെ പിടിയില്‍പെട്ട ഇയാളുടെ പക്കല്‍ നിന്നും ഒരു ലിറ്റര്‍ ചാരായം കണ്ടെടുത്തു. ഉറവിടത്തെ പറ്റിയും, കൂട്ടാളികളെയും കുറിച്ചുള്ള വിശദമായ അന്വേഷണം ഒടുവില്‍ വാറ്റു കേന്ദ്രത്തിലും ബാക്കി പ്രതികളിലേക്കും പോലീസിനെ വഴി നടത്തി.
ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരം കൈമാറപ്പെട്ടതോടെ ഷാഡോ ടീം ജാഗരൂകരായി ഈ പരിസരങ്ങളില്‍ തമ്പടിച്ചു. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി ആര്‍.ജോസിന്റെ നിര്‍ദേശാനുസരണം നീക്കം ചടുലമാക്കിയ പോലീസ് സംഘത്തിന് ലക്ഷ്യത്തിലെത്താന്‍ വളരെ വേഗം സാധിച്ചു. ആഡംബര സൗകര്യങ്ങളെല്ലാമുള്ള വലിയ വീട്ടില്‍ വാറ്റ് ചാരായ നിര്‍മാണ യൂണിറ്റ് സ്ഥാപിച്ച് ചാരായം നിര്‍മിക്കുകയായിരുന്ന രണ്ട് പേരെ കയ്യോടെ പിടിച്ചു. 250 ലിറ്റര്‍ കോടയും 15 ലിറ്റര്‍ വാറ്റ് ചാരായവും വാറ്റുപകരണങ്ങളും കസ്റ്റഡിയിലെടുത്തു. അയിരൂര്‍ നോര്‍ത്ത് രാജേഷ്ഭവനില്‍ അയ്യപ്പന്‍ (55) , തടിയൂര്‍ പടിഞ്ഞാറേ ചരുവില്‍  സുന്ദരന്‍ (65) എന്നിവരാണ് രാജേഷിന് പിന്നാലെ അറസ്റ്റിലായവര്‍. അയ്യപ്പന്റെ ഭാര്യാസഹോദരനാണ് രാജേഷ്. വന്‍ ചാരായ വാറ്റുമായി ബന്ധപ്പെട്ട് അന്വേഷണം കാര്യക്ഷമമാക്കിയതിന്റെ അടിസ്ഥാനത്തില്‍ സൂത്രധാരനും സംഘത്തിന്റെ നേതാവുമെന്ന് സംശയിക്കുന്ന പ്രതിയെ പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് അറസ്റ്റ് ചെയ്തു.  നെജി എന്ന് വിളിക്കുന്ന ജോസഫ് തോമസ്(41) ആണ് അതിവേഗത്തിലുള്ള തുടര്‍ അന്വേഷണത്തില്‍ പിടിയിലായത്. ഇയാള്‍ കോയിപ്രം പോലീസ് സ്റ്റേഷനിലെ മുന്‍ അബ്കാരി കേസില്‍ പ്രതിയാണ്. കുപ്പി ഒന്നിന് 1500 രൂപയ്ക്കാണ് വില്‍ക്കുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു.
ഷാഡോ പോലീസ് ടീമംഗങ്ങളായ എസ്.ഐ രഞ്ജു, രാധാകൃഷ്ണന്‍, എഎസ്‌ഐ മാരായ ഹരികുമാര്‍, വില്‍സണ്‍, സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ ഹരികുമാര്‍, സിപിഒ ശ്രീരാജ് എന്നിവരെ കൂടാതെ കോയിപ്രം പോലീസ് ഇന്‍സ്‌പെക്ടര്‍ ഗിരീഷ്, എസ്‌ഐ രമേശന്‍, സാബു ഹെന്‍ട്രി, എഎസ്‌ഐ മോഹന്‍ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
ജില്ലയില്‍ ഉടനീളം വ്യാജചാരായവുമായി ബന്ധപ്പെട്ട റെയ്ഡുകള്‍ തുടരുകയാണ്.   കോയിപ്രം, തടിയൂര്‍, അയിരൂര്‍, ചെറുകോല്‍പ്പുഴ തുടങ്ങിയ പ്രദേശങ്ങളില്‍ വ്യാജചാരായം സുലഭമാകുന്നത് ജില്ലാ പോലീസ് മേധാവിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. കലഞ്ഞൂര്‍ കഞ്ചോട് വീട്ടില്‍ നിന്നും കൂടല്‍ പോലീസ് 10 ലിറ്റര്‍ കോടയും ചാരായവും പിടികൂടി. രണ്ട്‌പേരെ അറസ്റ്റ് ചെയ്തു. കഞ്ചോട് കാലായില്‍തെക്കേതില്‍ ഷിജു തോമസ്(41), ഒന്നാംകുറ്റി സുമംഗലവിലാസത്തില്‍ സുരേഷ് ജി നായര്‍(45) എന്നിവരെയാണ് കൂടല്‍ പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സേതുനാഥും സംഘവും പിടികൂടിയത്. ഷിജുതോമസിന്റെ വീടിന്റെ വര്‍ക്ക് ഏരിയായില്‍ പ്രഷര്‍കുക്കര്‍ ഉപയോഗിച്ചാണ് ചാരായം വാറ്റിക്കൊണ്ടിരുന്നത്. ചിറ്റാര്‍ പോലീസ് നടത്തിയ ചാരായ റെയ്ഡില്‍ ബെഞ്ചമിന്‍പാറ പാറയ്ക്കല്‍വീടിന്റെ മുറ്റത്ത് നിന്നും വാറ്റുപകരണങ്ങളും കോടയും ഒരു ലിറ്റര്‍ ചാരായവും പിടിച്ചെടുത്തു. നാല് പ്രതികള്‍ അറസ്റ്റിലായി.
പണം വച്ച് ചീട്ട്കളിച്ചതിന് നാലു പേരെ പുളിക്കീഴ് കളീക്കല്‍പടി എന്ന സ്ഥലത്ത്  നിന്നും എസ്‌ഐ അനിരുദ്ധന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
മദ്യവില്പനയും, വ്യാജവാറ്റും തടയുന്നതിന് ശക്തമായ റെയ്ഡുകളും പരിശോധനകളും തുടരുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.