ദേശാടനപക്ഷികള്‍ക്ക് ഭക്ഷണമൊരുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ്

ലോക്ഡൗണില്‍ ചന്തകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ പട്ടിണിയിലായ പത്തനംതിട്ട ടൗണിലെ ദേശാടനപക്ഷികള്‍ക്ക് ഭക്ഷണമൊരുക്കി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജി. അംബികാദേവിയുടെ നേതൃത്വത്തില്‍  നഗരസഭാ പരിസരം, ജനറല്‍ ആശുപത്രി പരിസരം, കൊടുന്തറ പെട്രോള്‍ പമ്പിന് എതിര്‍വശം എന്നീ സ്ഥലങ്ങളില്‍ ദേശാടന പക്ഷികള്‍ക്ക് തീറ്റ നല്‍കി. കഴിഞ്ഞ ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപത്തെ മരത്തില്‍ നിന്ന് മൂന്ന് കൊക്കുകള്‍ നിലത്ത്് ചത്തുവീണതായി പത്തനംതിട്ട ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സാജന്‍ മാത്യു ജില്ലാ മൃഗ സംരക്ഷണ വകുപ്പിനെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് വെറ്ററിനറി കേന്ദ്രത്തില്‍ നിന്നും ഡോക്ടര്‍മാര്‍ എത്തി പ്രാഥമിക പരിശോധന നടത്തുകയും ചത്ത കൊക്കുകളെ തിരുവല്ല പക്ഷിരോഗ നിര്‍ണയ ശാലയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയും ചെയ്തിരുന്നു.
 പരിശോധനയില്‍ മരണകാരണം പകര്‍ച്ചവ്യാധികള്‍ അല്ലെന്നും പട്ടിണി മൂലമാണെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മൃഗ സംരക്ഷണ വകുപ്പും, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷനും ചേര്‍ന്ന് പത്തനംതിട്ട ടൗണിലെ ദേശാടനക്കിളികള്‍ ധാരാളമായി എത്തുന്ന നഗരസഭാ പരിസരം, ജനറല്‍ ആശുപത്രി പരിസരം, കൊടുന്തറ പെട്രോള്‍ പമ്പിന് എതിര്‍വശം എന്നീ സ്ഥലങ്ങളില്‍ ദേശാടന പക്ഷികള്‍ക്ക് തീറ്റ നല്‍കിയത്.
ലോക്ഡൗണില്‍ ചന്തകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ഭക്ഷണലഭ്യത കുറവ് മൂലം ദേശാടന പക്ഷികള്‍ മരണമടയാതിരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മൃഗ സ്‌നേഹികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ മുന്‍കൈയെടുക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ജി. അംബികാദേവി അഭ്യര്‍ഥിച്ചു.
ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാജന്‍ മാത്യു, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ. സിസിലി അന്നാ ബാസില്‍, അസി.ഡയറക്ടര്‍മാരായ ഡോ. ഇ രാജന്‍, ഡോ.ജോര്‍ജ് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.