ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്
കല്‍ക്കരി കുംഭകോണക്കേസില്‍ മൂന്ന് പേര്‍ക്ക് രണ്ട് വര്‍ഷം തടവുശിക്ഷ. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച് സി ഗുപ്ത അടക്കം മൂന്ന് പേര്‍ക്കാണ് തടവുശിക്ഷ. മധ്യപ്രദേശിലെ രുദ്രപുരിയിൽ കമൽ സ്പോഞ്ച് ആൻഡ് സ്റ്റീലിന് (കെഎസ്എസ്പിഎൽ) കൽക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടിലാണ് ഡല്‍ഹിയിലെ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ എന്നീ വകുപ്പുകളനുസരിച്ചാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ മുഖ്യപ്രതിയായ ഗുപ്ത 2005 ഡിസംബര്‍ 31 മുതല്‍ 2008 നവംബര്‍ വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു. ഗുപ്ത ഉൾപ്പെടെ മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹി സിബിഐ കോടതി 19ന് കണ്ടെത്തിയിരുന്നു. പ്രതികൾ ഒരുലക്ഷം രൂപ വീതം പിഴയടയ്ക്കണം.ഉദ്യോഗസ്ഥരെ കൂടാതെ കമൽ സ്പോഞ്ച് മാനേജിങ് ഡയറക്ടർ പവൻകുമാർ അലൂവാലിയയും കുറ്റക്കാരാണെന്നു പ്രത്യേകകോടതി വിധിച്ചിരുന്നു. അലൂവാലിയയെ മൂന്നുവർഷം തടവിനു വിധിച്ചു. ഇയാൾ 30 ലക്ഷം രൂപ പിഴയും ഇദ്ദേഹത്തിന്റെ കമ്പനി ഒരു കോടി രൂപയും പിഴയടയ്ക്കണം.
ഗുപ്തക്കൊപ്പം കല്‍ക്കരി വകുപ്പില്‍ അന്നത്തെ ജേയിന്റ് സെക്രട്ടറിയായിരുന്ന കെ.എസ് ക്രോഭ, ഡയറക്ര് കെ.സി സമരിയ എന്നിവരാണ് കേസില്‍ ശിക്ഷിക്കപ്പെട്ട മറ്റ് രണ്ട് പേര്‍. കല്‍ക്കരി കുംഭകോണത്തില്‍ 2012 ഒക്ടോബറിലാണ് സി.ബി.ഐ കേസെടുത്തത്. 2014 മാര്‍ച്ചില്‍ കേസ് അവസാനിപ്പിച്ചു കൊണ്ട് സി.ബി.ഐ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി ഇത് അംഗീകരിച്ചിരുന്നില്ല.
കല്‍ക്കരിപ്പാടം നേടുന്നതിന് മധ്യപ്രദേശ് കമ്പനി തങ്ങളുടെ വിറ്റുവരവ് കൃത്രിമമായി കാണിച്ചുവെന്നാണ് കേസ്. കമ്പനികളെ വഴിവിട്ട് സഹായിച്ചാണ് കല്‍ക്കരിപാടം അനുവദിച്ചതെന്ന് കണ്ടെത്തിയിരുന്നു. ശരിയായ രീതിയില്‍ ലേലം സംഘടിപ്പിക്കാതെ കല്‍ക്കരി പാടങ്ങള്‍ അനുവദിച്ചതിലൂടെ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടായതായും കോടതി കണ്ടെത്തിയിരുന്നു. അഴിമതി നടക്കുമ്പോള്‍ കല്‍ക്കരിമന്ത്രാലയം അന്ന് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍സിംഗിന്റെ കീഴിലായിരുന്നു.