നാട്യങ്ങൾ കാണിക്കാൻ ഒരു രാഷ്ട്രീയക്കാരനും ദലിത് കുടുംബത്തിലേക്കു പോകരുതെന്ന് കോൺഗ്രസ്
‘ഇഡ്ഡലിയും വടയും’ കർണാടക ബിജെപി അധ്യക്ഷൻ യെഡിയൂരപ്പയ്ക്ക് ‘പണി’ കൊടുത്തു
ദലിത് കുടുംബത്തെ സന്ദർശിക്കാനെത്തിയ കർണാടക ബിജെപി അധ്യക്ഷനും മുൻമുഖ്യമന്ത്രിയുമായ ബി.എസ്. യെഡിയൂരപ്പയാണ് വിവാദത്തിലകപ്പെട്ടത്. ദലിത് വീട്ടിൽ നിന്ന് കഴിക്കാൻ മനസ്സില്ലാതെ ഹോട്ടലിൽനിന്ന് ഇഡ്ഡലിയും വടയും വരുത്തിച്ചു കഴിച്ച സംഭവം യെഡിയൂരപ്പയ്ക്ക് പണി കൊടുത്തു. കർണാടകയിലെ തുംകൂർ ജില്ലയിലെ ചിത്രദുർഗയിലാണു സംഭവം. യെഡിയൂരപ്പ തൊട്ടുകൂടായ്മയാണു കാണിച്ചതെന്നു ചൂണ്ടിക്കാട്ടി ദലിത് കുടുംബാംഗം പൊലീസിൽ പരാതി നൽകിയത് മാധ്യമ ശ്രദ്ധ നേടിയതാണ് യെഡിയൂരപ്പയ്ക്ക് ‘പണി’ കിട്ടാൻ കാരണം.
എന്നാൽ വിവാദം രാഷ്ട്രീയപ്രേരിതമാണെന്ന് ബിജെപി പ്രതികരിച്ചു. കർണാടകയിൽ കോൺഗ്രസിന്റെയും ജനതാദളിന്റെയും അടിത്തറയിളകിക്കൊണ്ടിരിക്കുന്നത് മറയ്ക്കാനാണ് അനാവശ്യ വിവാദമെന്ന് പ്രകാശ് ആരോപിച്ചു. ഭക്ഷണം ഹോട്ടലിൽനിന്നു വാങ്ങിയത് യെഡിയൂരപ്പയ്ക്ക് ഇഡ്ഡലിയും വടയും ഇഷ്ടമായതിനാലാണെന്ന് സംസ്ഥാന ബിജെപി മാധ്യമ വിഭാഗം മേധാവി ദാഗെ ശിവപ്രകാശ് പറഞ്ഞു. അതേസമയം, ഇത്തരം നാട്യങ്ങൾ കാണിക്കാൻ ഒരു രാഷ്ട്രീയക്കാരനും ദലിത് കുടുംബത്തിലേക്കു പോകരുതെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക് ഖാർഗെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.