Thursday, April 25, 2024
HomeKeralaകോവിഡ് 19: ജില്ലയില്‍ ജാഗ്രത ശക്തമാക്കണമെന്ന് മന്ത്രി കെ.രാജു

കോവിഡ് 19: ജില്ലയില്‍ ജാഗ്രത ശക്തമാക്കണമെന്ന് മന്ത്രി കെ.രാജു

പത്തനംതിട്ട ജില്ലയില്‍ കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൂടുതല്‍ ശക്തമാക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള വനം- വന്യജീവി വകുപ്പ് മന്ത്രി കെ.രാജു നിര്‍ദേശിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ അവലോകനത്തിനായി എംഎല്‍എമാരുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായും വിവിധ ഉദ്യോഗസ്ഥരുമായും കളക്ടറുടെ ചേംബറില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.  പഞ്ചായത്ത്-വാര്‍ഡ് തലത്തിലുള്ള നിരീക്ഷണ സമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കണം. നിലവില്‍ ജാഗ്രത കുറയുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് നല്ല പ്രവണതയല്ല. ജാഗ്രതയില്‍ കുറവ് വരാന്‍ പാടില്ല. ജാഗ്രതാ സമിതികള്‍ മികച്ച രീതിയിലേക്കു പ്രവര്‍ത്തനം കൊണ്ടുവരണം. മാസ്‌ക് ശരിയായ രീതിയില്‍ത്തന്നെ ധരിക്കണം. ശാരീരിക അകലം നിര്‍ബന്ധമായും ഉണ്ടാകണം. നിലവിലുള്ള ഇളവുകള്‍ കര്‍ശനമാക്കേണ്ട സ്ഥിതിയുണ്ട്. വരുംദിവസങ്ങളില്‍ ജില്ലയിലേക്കു കൂടുതല്‍ പ്രവാസികള്‍ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് ഓരോ നിയോജകമണ്ഡലത്തിലും കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കെയര്‍ സെന്ററുകള്‍ ശുചീകരിക്കുന്ന തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം. മൂന്നു ദിവസത്തിനുള്ളില്‍ നിരീക്ഷണ സമിതി യോഗംചേര്‍ന്ന് കോവിഡ് കെയര്‍ സെന്ററുകള്‍ ആക്കാനുള്ള കൂടുതല്‍ കെട്ടിടങ്ങള്‍ കണ്ടെത്തണമെന്നും ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നും മന്ത്രി കെ രാജു പറഞ്ഞു.


ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നത് ഗൗരവത്തില്‍ എടുക്കണമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. വീടുകളില്‍ ക്വാറന്റൈനില്‍  കഴിയുന്നവരുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്‌നേഹപൂര്‍വമായ ഇടപെടല്‍ നടത്തണം. പഞ്ചായത്ത്, വാര്‍ഡ്തലങ്ങളില്‍ സമിതികള്‍ കൂടുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം. തുടര്‍ച്ചയായി മഴ പെയ്താല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങേണ്ട സാഹചര്യം ഉണ്ടാകാം. അതിനുവേണ്ട സജ്ജീകരണങ്ങള്‍ ചെയ്യണം. മഴക്കാലപൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നും മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. ദുരന്തനിവാരണ നിയമപ്രകാരം കൂടുതല്‍ കെട്ടിടങ്ങള്‍ ക്വാറന്റൈനായി ഏറ്റെടുക്കണമെന്ന് രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. കൂടുതല്‍ വോളന്റീയര്‍മാരെയും ശുചീകരണ തൊഴിലാളികളെയും നിയോഗിക്കണമെന്നും രാജു എബ്രഹാം എംഎല്‍എ പറഞ്ഞു. കോവിഡ് കെയര്‍ സെന്ററുകള്‍ക്ക് ചിലവിനുള്ള തുക നല്‍കണമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. കെ.യു ജെനീഷ്‌കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ ചേംബറിലും വിവിധയിടങ്ങളില്‍ നിന്നും തദ്ദേശസ്വയംഭരണ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments