ചന്ദ്രയാന്‍-2 ആദ്യഘട്ടം വിജയകരം

ചന്ദ്രയാന്‍-2 ആദ്യഘട്ടം വിജയകരം. പേടകം ആദ്യഭ്രമണപഥത്തിലെത്തി. 181.616 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്നു. ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്റെ രണ്ടാമത്തെ പതിപ്പ് ശ്രീഹരിക്കോട്ടയില്‍ നിന്ന് 2.43 നാണ് വിക്ഷേപിച്ചത്. ഓഗസ്റ്റ് 13ന് പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മാറ്റും.

വിക്ഷേപണം നടന്ന് 16 മിനിറ്റിനുള്ളില്‍ ചന്ദ്രയാന്‍ 2 വിക്ഷേപണ വാഹനത്തില്‍നിന്ന് വേര്‍പ്പെട്ടു. ഇതോടെ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായതില്‍ ശാസ്ത്രജ്ഞര്‍ ആഹ്ലാദം പ്രകടിപ്പിച്ചു. ചന്ദ്രയാന്‍ രണ്ടിന്റെ സഞ്ചാരം ശരിയായ പാതയിലാണെന്ന് ഐ.എസ്.ആര്‍.ഒ. അധികൃതര്‍ അറിയിച്ചു.
ചന്ദ്രനില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തിയ ചന്ദ്രയാന്‍ ഒന്നിന് കൃത്യം പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷമാണ് രണ്ടാം ദൗത്യം. ചന്ദ്രോപരിതലത്തില്‍ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാന്‍ഡിങ്ങാണ് ചന്ദ്രയാന്‍ രണ്ടിന്റെ പ്രത്യേകത. റഷ്യയും അമേരിക്കയും ചൈനയും മാത്രമാണ് ലോകത്ത് ഇതിനു മുന്‍പ് സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്.