കര്‍ണാടകത്തില്‍ ഇന്നും വിശ്വാസ വോട്ടെടുപ്പ് നടന്നേക്കില്ലെന്ന് സൂചന.

karnataka

കര്‍ണാടകത്തില്‍ ഇന്നും വിശ്വാസ വോട്ടെടുപ്പ് നടന്നേക്കില്ലെന്ന് സൂചന. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ രണ്ട് ദിവസം കൂടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി സ്പീക്കര്‍ രമേശ് കുമാറിനോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സുപ്രീം കോടതി വിധി വരുന്നത് വരെ കാത്തിരിക്കാനാണ് കോണ്‍ഗ്രസിന്‍റെ തിരുമാനമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവുവും പ്രതികരിച്ചു.

ഇന്ന് വൈകീട്ട് ആറ് മണിക്കുള്ളില്‍ വിശ്വാസ പ്രമേയത്തിന്‍ മേല്‍ വോട്ടെടുപ്പ് നടക്കുമെന്ന് സ്പീക്കര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീം കോടതി ചൊവ്വാഴ്ച ഹരജി പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തില്‍ വോട്ടെടുപ്പ് നീട്ടണമെന്നാണ് കുമാരസ്വാമിയും കോണ്‍ഗ്രസും സ്പീക്കറോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാവി നടപടികളെ കുറിച്ച്‌ തിരുമാനമെടുക്കാന്‍ കോടതി വിധി വരേണ്ടതുണ്ട്. എല്ലാം അഗങ്ങളുടേയും അവകാശം ഉയര്‍ത്തിപ്പിടിക്കാനാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. എന്നാല്‍ ഇത്തരമൊരു സാഹചര്യത്തില്‍ വിശ്വാസ വോട്ട് തേടാനാവില്ലെന്നും ദിനേശ് ഗുണ്ടു റാവു പ്രതികരിച്ചു. നിയമസഭയില്‍ വിശ്വാസപ്രമേയത്തിന്‍ മേലുള്ള ചര്‍ച്ച ഇപ്പോഴും പുരോഗമിക്കുകയാണ്. തിങ്കളാഴ്ച വൈകീട്ട് ആറിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പ് നടക്കുമെന്നായിരുന്നു സ്പീക്കര്‍ സഭയെ അറിയിച്ചിരിക്കുന്നത്.

ഇന്ന് തന്നെ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും സ്പീക്കര്‍ രമേശ് കുമാറിനെ കണ്ടിരുന്നു. അതേസമയം വോട്ടെടുപ്പ് നീട്ടണമെന്ന് രാവിലെയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്പീക്കര്‍ ഇക്കാര്യം അംഗീകരിച്ചിരുന്നില്ല. വോട്ടെടുപ്പ് ഇനിയും നീട്ടുന്നത് സഭയുടെയും എംഎല്‍എമാരുടെയും സ്പീക്കറായ തന്റെയും പ്രതിച്ഛായയെ ബാധിക്കുമെന്നായിരുന്നു സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയത്