വിചിത്ര ജന്മദിന ആഘോഷം ; വ്യവസായി 17 തടവുകാരെ മോചിപ്പിച്ചു

jail 02

ജന്മദിനത്തില്‍ തീര്‍ത്തും വ്യത്യസ്തനായി ആഗ്രയിലെ വ്യവസായി മോട്ടിലാല്‍ യാദവ്. ജില്ലാ ജയിലെത്തി 35,000 രൂപ കെട്ടിവെക്കുകയാണ് അദ്ദേഹം ചെയ്തത്. ശിക്ഷയ്‌ക്കൊപ്പം കോടതി വിധിച്ച പിഴ തുക അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാതിരുന്ന 17 തടവുകാര്‍ക്ക് ഇതോടെ മോചനം ലഭിച്ചു.

73ാം ജന്മദിനത്തിലാണ് മോട്ടിലാല്‍ യാദവ് വ്യത്യസ്തമായ പ്രവര്‍ത്തനത്തിലൂടെ ശ്രദ്ധേയനായത്. തന്റെ മകന്‍ ഒരു അഭിഭാഷകന്‍ ആയതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിരവധി തടവുകാര്‍ക്ക് പിഴത്തുക കെട്ടിവെക്കാന്‍ കഴിയാത്തതിനാല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയുന്നില്ല എന്നകാര്യം മകന്‍ തന്നോട് പറഞ്ഞു.
ഈ സാഹചര്യത്തിലാണ് ജന്മദിനത്തില്‍ ഏതാനും തടവുകാരുടെ മോചനത്തിന് ഉപകരിക്കുംവിധം ചെറിയ തുക കെട്ടിവച്ചത്. തന്റെ പിറന്നാള്‍ സമ്മാനമായ തുക ഉപയോഗിച്ച്‌ മോചനം നേടുന്നവര്‍ ഇനി കുറ്റകൃത്യമൊന്നും ചെയ്യില്ലെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

മോട്ടിലാല്‍ യാദവിന്റെ തീരുമാനത്തെ ജില്ലാ ജയില്‍ സൂപ്രണ്ട് ശശികാന്ത് മിശ്ര അഭിനന്ദിച്ചു. 35000 രൂപ അദ്ദേഹം കെട്ടിവച്ചതോടെ 17 തടവുകാര്‍ക്ക് ശനിയാഴ്ച പുറത്തിറങ്ങാന്‍ കഴിഞ്ഞുവെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.