പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘം മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തു.വിജിലന്‍സിന്റെ കൊച്ചിയിലെ ഓഫിസില്‍ വിളിച്ചു വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ഉച്ചയക്ക് 12 മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഏകദേശം മുന്നു മണിക്കൂറോളം നീണ്ടു നിന്നു.അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.വിജിലന്‍സ് ചോദിച്ച കാര്യങ്ങള്‍ക്ക് സത്യസന്ധമായി താന്‍ മറുപടി പറഞ്ഞിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനു ശേഷം പുറത്തിറങ്ങിയ വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണത്തിലെ തകരാറുമായി ബന്ധപ്പെട്ട് വിഷയം ഉയര്‍ന്നു വന്നപ്പോള്‍ തന്നെ ഏതന്വേഷണവുമായി സഹകരിക്കാന്‍ താന്‍ തയാറാണെന്ന് താന്‍ വ്യക്തമാക്കിയിരുന്നു.
വിജിലന്‍സ് അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിന്റെ ഭാഗമായി തന്നോട് ചില കാര്യങ്ങള്‍ അവര്‍ ചോദിച്ചു.അവര്‍ ചോദിച്ച കാര്യങ്ങള്‍ക്ക് സത്യസന്ധമായി താന്‍ മറുപടി നല്‍കി.വിജിലന്‍സിനോട് പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ചോദ്യത്തിന് മറുപടിയായി വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലം നിര്‍മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോയെന്ന് താനല്ലല്ലോ തീരുമാനിക്കുന്നത്. എല്ലാ വിവരങ്ങളും താന്‍ പറഞ്ഞിട്ടുണ്ട്.ദേശീയ പാത അതോരിറ്റിയെ ഒഴിവാക്കി റോഡ്‌സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷനെ നിര്‍മണ ചുമതല ഏല്‍പ്പിച്ചത് ഏതു സാഹചര്യത്തിലായിരുന്നുവെന്ന ചോദ്യത്തിന് അതെല്ലാം താന്‍ വിജിലന്‍സിനോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു വി കെ ഇബ്രാഹിം കുഞ്ഞിന്റെ മറുപടി.നിര്‍മാണത്തില്‍ വീഴ്ച വന്നിട്ടുണ്ട്.
വീഴ്ചയില്ലാതെ പാലത്തിന് കേടുപറ്റില്ലല്ലോയെന്നും ചോദ്യത്തിന് മറുപടിയായി വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.അത് കണ്ടു പിടിക്കാനാണ് അന്വേഷണം നടക്കുന്നത്.അന്വേഷണവുമായി താന്‍ സഹകരിക്കും.തനിക്കെതിരെ നടക്കുന്ന പ്രചരണം രാഷ്ട്രീയ പ്രേരിതമാണ്. മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നില്ലല്ലോയെന്നും വി കെ ഇബ്രാഹിം കുഞ്ഞ് ചോദിച്ചു.പാലത്തിന്റെ നിര്‍മാണ സമയത്ത് വീഴ്ച സംഭവിക്കുന്നതായി താന്‍ അറിഞ്ഞിരുന്നില്ല.
അറിഞ്ഞിരുന്നെങ്കില്‍ താന്‍ സമ്മതിക്കില്ലായിരുന്നു.പാലത്തിന്റെ ഉദ്ഘാടന സമയത്തുപോലും ആ വിഴ്ച കണ്ടില്ലല്ലോയെന്നും അങ്ങനെ വീഴ്ച കണ്ടിരുന്നുവെങ്കില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ മുഖ്യമന്ത്രിയെ കൊണ്ടു ഉദ്ഘാടനം ചെയ്യിക്കുമായിരുന്നോയെന്നും വി കെ ഇബ്രാഹിംകുഞ്ഞ് ചോദിച്ചു.പാലം നിര്‍മാണത്തില്‍ തകരാറ് സംഭവിച്ചു. അത് കണ്ടുപിടിക്കാനുള്ള ശ്രമം നടക്കുകയാണ്. ഇതിനു മുമ്പും ഇത്തരത്തില്‍ പാലങ്ങളുടെ നിര്‍മാണത്തില്‍ പ്രശ്‌നം ഉണ്ടായിട്ടുണ്ട്. അത് പിന്നീട് കണ്ടുപിടിച്ച് പരിഹരിക്കുകയായിരുന്നുവെന്നും വി കെ ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായിരുന്ന സമയത്തായിരുന്നു പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നടന്നത്.പാലം ഉദ്ഘാടനം ചെയ്ത് ഗതാഗതത്തിന് തുറന്നുകൊടുത്തു മൂന്നു വര്‍ഷം ആയപ്പോഴേക്കും പാലം തകരുകയും തുടര്‍ന്ന്് അടച്ചിടുകയുയമായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലം നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേടും അഴിമതിയും നടന്നതായി കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്