Thursday, March 28, 2024
HomeKeralaബിഷപ്പിന്റെ നെഞ്ചു വേദന അഭിഭാഷകര്‍ ഉപദേശിച്ച തന്ത്രമെന്ന് സൂചന

ബിഷപ്പിന്റെ നെഞ്ചു വേദന അഭിഭാഷകര്‍ ഉപദേശിച്ച തന്ത്രമെന്ന് സൂചന

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റും ആശുപത്രി വാസവും പൊലീസ് കസ്റ്റഡിയും എല്ലാം മുന്‍കൂട്ടിയുള്ള തിരക്കഥ അനുസരിച്ചാണെന്ന പ്രചാരണം ശക്തമായി. ഒരു ദിവസം പോലും ജയിലില്‍ കിടത്താതെ ബിഷപ്പിനെ പുറത്തെത്തിക്കുന്നതിനുള്ള കളികളാണ് പലര്‍ ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥയനുസരിച്ച്‌ നടക്കുന്നതെന്നാണ് ആരോപണം. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ അറസ്റ്റ് സ്ഥിരീകരിച്ച ശേഷവും ഏറെ വൈകിയാണ് ബിഷപ്പിനെ തൃപ്പൂണിത്തുറയിലെ ഹൈടെക്ക് ചോദ്യം ചെയ്യല്‍ മുറിയില്‍ നിന്നും കോട്ടയത്തേയ്ക്ക് കൊണ്ടു വന്നത്. തൃപ്പൂണിത്തുറയില്‍ വച്ച്‌ ബിഷപ്പിനെ അന്വേഷണ സംഘം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിക്ക് സമീപമായപ്പോള്‍ നെഞ്ചു വേദന അനുഭവപ്പെടുന്നുവെന്ന് പറഞ്ഞ ബിഷപ്പിനെ അന്വേഷണ സംഘം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ബിഷപ്പിന്റെ രക്ത സമ്മര്‍ദം ഏറിയെന്ന് കണ്ടെത്തി. നെഞ്ച് വേദനയെന്ന് പറഞ്ഞതോടെ ഇ.സി.ജി എടുത്ത് ആറു മണിക്കൂര്‍ നിരീക്ഷണം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു .ഇതോടെ രാത്രി 11 മുതല്‍ രാവിലെ ഒന്‍പത് മണിവരെ ബിഷപ്പിന് സുഖമായി ഉറങ്ങാന്‍ കഴിഞ്ഞു. പൊലീസ് ക്ലബിലെ രാത്രി കൊതുകുകടി ഒഴിവാക്കാന്‍ ബിഷപ്പിന്റെ അഭിഭാഷകര്‍ തന്നെയാണ് നെഞ്ചു വേദന എന്ന തന്ത്രം ഉപദേശിച്ച്‌ നല്‍കിയത്. പൊലീസും ഇതിന് രഹസ്യമായി കൂട്ടു നിന്നു. ഇതിന്റെ ഭാഗമായിരുന്നു ആശുപത്രി വാസവും പൊലീസ് കസ്റ്റഡിയും പെട്ടന്നുണ്ടായ ജാമ്യാപേക്ഷയും എല്ലാമെന്നാണ് സൂചന. എന്നാല്‍ ബിഷപ്പിനു വഴിവിട്ട് യാതൊരു സൗകര്യങ്ങളും ഒരുക്കിയില്ലെന്നാണ് പൊലീസിന്റെ വാദം. ബിഷപ്പ് നെഞ്ചിനു വേദനയുണ്ടെന്ന് പറഞ്ഞ ഉടന്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. നിയമപരമായ നടപടികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. മറിച്ചുള്ള പ്രചാരണമെല്ലാം അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറയുന്നു. ബിഷപ്പിനെ പൊലീസ് രണ്ടു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ ഹൈക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. ഈ ഹര്‍ജിയില്‍ അനുകൂല വിധി നേടി പുറത്തിറങ്ങാനാവുമെന്നാണ് ഫ്രാങ്കോയുടെ അനുയായികളും, അഭിഭാഷകരും പ്രതീക്ഷിക്കുന്നത്. അതുവരെ ഫ്രാങ്കോയെ ജയിലില്‍ കിടത്താതിരിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്ന ആരോപണം പൊലീസ് തള്ളുമ്ബോഴും ഫ്രാങ്കോ ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ലല്ലോ എന്ന ചോദ്യം വരികള്‍ക്കിടയില്‍ തെളിയുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments