ഇറാനില്‍ ബോംബാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു

ഇറാനില്‍ സൈനിക പരേഡിനിടെ വെടിവെയ്പ്പിലും ബോംബാക്രമണത്തിലും നിരവധി സൈനികര്‍ കൊല്ലപ്പെട്ടു. പരേഡ് കാണാനെത്തിയവരും കൊല്ലപ്പെട്ടിട്ടുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു. ഒരുസംഘം ആസൂത്രിതമായി നടത്തിയ ആക്രമണമാണിതെന്ന് സര്‍ക്കാര്‍ അറിയിച്ചു. പോലീസ് വേഷത്തിലെത്തിയരാണ് ആക്രമണം നടത്തിയത്. അക്രമികളില്‍ രണ്ടുപേരെ സൈന്യം കൊലപ്പെടുത്തി. അമേരിക്കയുമായി വാക് പോര് നടക്കവെയാണ് ഇറാനില്‍ ശക്തമായ ആക്രമണമുണ്ടായിരിക്കുന്നത്. ഇറാനും സൗദിയും പോര് മൂര്‍ഛിച്ച വേളയില്‍, ഇറാനില്‍ നിന്നു തന്നെ ഇറാന്‍ ഭരണകൂടത്തിന് തിരിച്ചടി ലഭിക്കുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ താക്കീത് നല്‍കിയിരുന്നു. തെക്ക് പടിഞ്ഞാറന്‍ ഇറാന്‍ നഗരമായ അഹ്വാസിലാണ് സൈനിക പരേഡിനിടെ വെടിവയ്പ്പുണ്ടായത്. എട്ട് സൈനകര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. നിരവധി പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരേഡ് കാണാനെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കുണ്ട്. ഇറാന്‍ ഔദ്യോഗിക ടെലിവിഷനാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.പരേഡ് കാണാന്‍ നില്‍ക്കുന്നവര്‍ക്ക് പിന്നില്‍ നിന്നാണ് വെടിവയ്പ്പുണ്ടായത്. ഇതേ സമയം തന്നെ ബൈക്കിലെത്തിയവരും ആക്രമണം നടത്തി. ബോംബുകള്‍ പൊട്ടിത്തെറിച്ചു. കൂടാതെ നാല് ഭാഗത്തുനിന്നും വെടിയുതിര്‍ക്കുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം സൈനികര്‍ക്ക് വ്യക്തമായില്ല. ചിതറിപ്പോയ സൈന്യം പിന്നീട് ഒരുമിക്കുകയും തിരിച്ചടി ശക്തമാക്കുകയുമായിരുന്നു.അക്രമികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ വധിക്കുകയും ചെയ്തു. പോലീസ് വേഷത്തിലെത്തിയവരാണ് ആക്രമണം നടത്തിയതെന്ന് ഖുസെസ്താന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അലി ഹുസൈന്‍ പറഞ്ഞു. ആരാണ് അക്രമികളെന്ന് പോലീസിന് വ്യക്തമായിട്ടില്ല. ഒരു സംഘടനയും അവകാശവാദം ഉന്നയിച്ചിട്ടുമില്ല.പരേഡ് കാണാന്‍ ഒട്ടേറെ പ്രമുഖരെത്തിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, സൈനികരുടെ ബന്ധുക്കള്‍, പ്രവിശ്യാ ഭരണാധികാരികള്‍ എന്നിവരെല്ലാം പരേഡ് വീക്ഷിച്ചിരിക്കുന്നതിനിടെയാണ് വെടിവയ്പ്പും സ്‌ഫോടനവുമുണ്ടായത്. വിദേശ രാജ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി ജവാദ് സരീഫ് പറഞ്ഞു. എന്നാല്‍ അദ്ദേഹം ഏതെങ്കിലും ഒരു രാജ്യത്തിന്റെ പേര് എടുത്തുപറഞ്ഞില്ല.അമേരിക്ക, സൗദി, യമന്‍, ഇസ്രായേല്‍ തുടങ്ങിയ രാജ്യങ്ങളുമായി ഇറാന്‍ പോര് തുടരുന്നതിനിടെയാണ് സംഭവം. ഭീകരവാദികളെ തിരഞ്ഞെടുത്ത് പരിശീലനം നല്‍കി പണം കൊടുത്തയച്ചത് വിദേശരാജ്യമാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു. ഗള്‍ഫ് മേഖലയിലെ ഒരു രാജ്യത്തിന് ബന്ധമുണ്ട്. ഇവരുടെ അമേരിക്കന്‍ യജമാനന്‍മാരും ഇത്തരം ആക്രമണത്തിന് ഉത്തരവാദിയാണെന്നും ജവാദ് സരീഫ് തുറന്നടിച്ചു.അഹ്വാസി വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൈനിക ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചു. സൗദി അറേബ്യയുടെ പിന്തുണയുള്ള വിമതരാണിതെന്ന് ഇറാന്‍ ആരോപിക്കുന്നു. എന്നാല്‍ സൗദി ഇക്കാര്യം സമ്മതിച്ചിട്ടില്ല. ഇറാന്‍ വിദേശകാര്യ മന്ത്രി മേഖലയിലെ പ്രധാന രാജ്യത്തിന് പങ്കുണ്ടെന്ന് പറഞ്ഞെങ്കിലും ഒരുരാജ്യത്തിന്റെയും പേരെടുത്ത് പരാമര്‍ശിച്ചില്ല. അതുകൊണ്ടുതന്നെ ഇക്കാര്യം സംശയം മാത്രമാണ്.അഹ്വാസി വിഘടനവാദികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷമായി ശക്തിപ്പെട്ടുവന്നിട്ടുണ്ട്. ഇറാനെ വിഭജിച്ച് പുതിയ രാജ്യമുണ്ടാക്കണമെന്നാണ് ഇവരുടെ വാദം. ഇറാനിലെ എണ്ണ സമ്പന്നമായി ഖുസെസ്താന്‍ പ്രവിശ്യ പ്രത്യേക രാജ്യമാക്കി മാറ്റണമെന്ന് ഇവര്‍ വാദിക്കുന്നു. ഇതു തന്നെയാണ് ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈനും ആവശ്യപ്പെട്ടിരുന്നതെന്ന് ഇറാനിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ മുസ്തഫ കുഷ്‌ചെഷം പറയുന്നു.സത്യത്തില്‍ ആരാണ് അഹ്വാസ് വിഘടനവാദികള്‍? ഇറാനില്‍ ആക്രമണമുണ്ടായ ശേഷം രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലെ ചോദ്യവും ഇതാണ്. നേരത്തെ അത്ര പരിചിതമായ വിഭാഗമല്ല അഹ്വാസ്. ഇവര്‍ അടുത്ത കാലത്താണ് ശക്തിപ്പെട്ടുവന്നത്. അറബികളാണെന്ന് അവര്‍ പറയുന്നു. വിദേശത്ത് കഴിയുന്ന ഇറാന്‍ വിമതരുമായി അടുപ്പമുള്ളവരാണിവരെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാന്‍-ഇറാഖ് യുദ്ധം തുടങ്ങിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു സൈനിക പരേഡ് സംഘടിപ്പിച്ചത്. 1980 മുതല്‍ 1988 വരെ നീണ്ടു നിന്ന യുദ്ധമായിരുന്നു ഇറാനും ഇറാഖും തമ്മില്‍ നടന്നത്. തകിഫിരി അക്രമികളാണ് ആക്രമണം നടത്തിയതെന്നാണ് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭീകരവാദി സംഘടനയായ ഐസിസിനെ ഇറാനുകാര്‍ വിളിക്കുന്ന പേരാണ് തകിഫിരി.