Monday, November 11, 2024
HomeKeralaമാതാപിതാക്കളുടെ മുന്നില്‍വച്ച് മകനെ തല്ലിച്ചതച്ച പോലീസ് - അന്വേഷണ ഉത്തരവ്

മാതാപിതാക്കളുടെ മുന്നില്‍വച്ച് മകനെ തല്ലിച്ചതച്ച പോലീസ് – അന്വേഷണ ഉത്തരവ്

വീടു ചവിട്ടിത്തുറന്ന് യുവാവിനെ അറസ്റ്റുചെയ്ത പൊലീസ് സംഘത്തിന്റെ നടപടി വിവാദമായതോടെ സംഭവം അന്വേഷിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടു. തൃശൂര്‍ റേഞ്ച് ഐജി അജിത്കുമാറിനെയാണ് ഡിജിപി ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മദ്രസയിലേക്ക് പോകുന്ന വിദ്യാര്‍ത്ഥിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്ന പരാതിയിലാണ് പൂക്കയില്‍ പുതിയകത്ത് അബ്ദുല്‍ റഷീദിനെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ദിവസം രാത്രി വീടു ചവിട്ടിത്തുറന്ന് പോലീസെത്തിയത്. പോലീസ് വീട്ടില്‍ നടത്തിയ പരാക്രമങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ സംഭവം വലിയ വിവാദമാവുകയായിരുന്നു. തിരൂര്‍ പൂക്കയിലെ വീട്ടിലെത്തി പൊലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുന്നതും യുവാവിനെ ക്രൂരമായി മര്‍ദിക്കുന്നതും അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

റഷീദിന്റെ പ്രായമായ പിതാവും മാതാവും പോലീസിനെ തടയാന്‍ ശ്രമിച്ചെങ്കിലും പോലീസ് വയോധികരായ മാതാപിതാക്കളുടെ മുന്നില്‍വച്ച് മകനെ തല്ലിച്ചതക്കുകയായിരുന്നു. അതേസമയം യുവാവ് സ്വമേധയാ വരാമെന്ന് അറിയിച്ചിട്ടും ബലമായി പിടികൂടി വലിച്ചിഴക്കുകയും ഇത് ചോദ്യം ചെയ്യാനെത്തിയ പരിസരവാസികളോട് പൊലീസ് തട്ടിക്കയറുന്നതും വീഡിയോയില്‍ കാണാം.

അതേസമയം നിരവധി തവണ വിളിച്ചിട്ടും സ്റ്റേഷനില്‍ വരാതിരുന്നതിനെ തുടര്‍ന്നാണ് യുവാവിനെ വീട്ടില്‍ ചെന്ന് കസ്റ്റഡിയില്‍ എടുത്തതെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പോലീസുകാര്‍ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി തന്നെ പല തവണ പറഞ്ഞിട്ടും ഇത്തരത്തില്‍ പോലീസ് പ്രതികരിക്കുന്നത് വലിയ ചര്‍ച്ചയായതോടെയാണ് ഇവര്‍ക്കെതിരെ ഡിജിപി അന്വേഷണം പ്രഖ്യാപിച്ചത്.

അറസ്റ്റ് ചെയ്യാനെത്തിയപ്പോള്‍ പ്രതിയും വീട്ടുകാരും പൊലീസ് സംഘത്തെ ആക്രമിച്ചെന്നും യുവാവിനെതിരെ പോലീസ് കേസെടുത്തിരുന്നു. വനിത ഉദ്യോഗസ്ഥ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റതായി അറിയിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വീട് ചവിട്ടിത്തുറക്കുന്നതും മറ്റു സംഭവങ്ങളുമെല്ലാം പൊലീസുകാരന്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതും വിഡിയോ ദൃശ്യങ്ങളിലുണ്ട്.

പ്രതിക്കെതിരെ ആരോപിച്ച എഫ്‌ഐആറിലെ കുറ്റകൃത്യങ്ങള്‍ പൊലീസിന് തെളിയിക്കാന്‍ കഴിഞ്ഞതുമില്ല. ഇതോടെ ചിത്രങ്ങളും മറ്റും വിലയിരുത്തി കോടതി യുവാവിന് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഡിജിപി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments