Friday, April 19, 2024
HomeCrimeഫ്രാങ്കോയുടെ മുഖ്യ ശത്രുവായ ഫാദർ കാട്ടുതറ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഫ്രാങ്കോയുടെ മുഖ്യ ശത്രുവായ ഫാദർ കാട്ടുതറ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തനിക്കു ജീവനു ഭീഷണിയുണ്ടെന്ന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ പറഞ്ഞിരുന്നു

കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സാക്ഷി പറഞ്ഞ വൈദികന്‍ ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറയ്ക്കൽ ദുരൂഹ സാഹചര്യത്തിൽ ജലന്ധറിൽ മരിച്ചു . ബിഷപ്പിന്റെ അനുയായികളില്‍ നിന്ന് നിരന്തരം തനിക്കു ജീവനു ഭീഷണിയുണ്ടെന്ന് ഫാദര്‍ കുര്യാക്കോസ് കാട്ടുത്തറ പറഞ്ഞിരുന്നുവെന്നാണ് ഫാദറിനോട് അടുപ്പമുള്ളവർ പറയുന്നത്. താന്‍ ഏത് നിമിഷവും കൊല്ലപ്പെടാമെന്ന ആശങ്ക അദ്ദേഹത്തെ ഭരിച്ചിരുന്നുവെന്ന് റിപ്പോർട്ടുണ്ട് .

മരണത്തിൽ ദുരൂഹത

ഒരു വിഭാഗം വൈദീകർ മരണത്തിൽ ദുരൂഹത ആരോപിക്കുന്നു. ബിഷപ്പ് ഫ്രാങ്കോയുടെ നയപരമായ പല കാര്യങ്ങൾക്കെതിരെ പ്രത്യേകിച്ചും കന്യാസ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘ഇടയനോടൊപ്പം ഒരു ദിനം ‘ എന്ന പരിപാടിക്കെതിരെ ശക്തമായ രീതീയിൽ ശബ്ദമുയർത്തിയ വ്യക്തി ആയിരുന്നു ഫാദർ കാട്ടുതറ .

ബിഷപ്പ് ഹൗസിൽ നിന്നും ഭീഷണി

ബിഷപ്പ് ഹൗസിൽ നിന്നും അവിടെയുള്ള അധികൃതരിൽ നിന്നും പല രീതിയിലുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്ന് ഫാദർ കാട്ടുതറ ഒരു ചാനൽ ചർച്ചയിൽ തുറന്നു പറഞ്ഞിരുന്നു. സമീപകാലത്തു അദ്ദേഹത്തിന് നേരെ ഭീഷണികൾ ഉയർന്നിരുന്നുവെന്നും വീട് നേരെ കല്ലേറ് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ സഹോദരൻ ജോസ് കാട്ടുതറ സിറ്റി ന്യൂസിനോട് പറഞ്ഞു.

ഫ്രാങ്കോയുടെ മുഖ്യ ശത്രുവായ ഫാദർ കാട്ടുതറ കൊല്ലപ്പെട്ടതാണ് എന്ന് അദ്ദേഹത്തിന്റെ സഹോദരൻ ജോസ് കാട്ടുതറ ആരോപിക്കുന്നു. അവിടുത്തെ പോലീസിൽ ഞങ്ങൾക്ക് വിശ്വാസമില്ല. ഫ്രാങ്കോയുടെ ആളുകളാണ് ജലന്ധര്‍ പോലീസിലുള്ളത്. ഇനിയൊരു തെളിവുണ്ടാകാതിരിക്കാന്‍ അവര്‍ എല്ലാം ഇല്ലാതാക്കി കളഞ്ഞതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതുകൊണ്ടു തങ്ങളുടെ സാന്നിധ്യത്തിൽ വേണം പോസ്റ്റുമാർട്ടം നടത്താൻ എന്നാണ് ഇപ്പോൾ വൈദികന്റെ സഹോദരൻ ജോസ് കാട്ടുതറ ആവശ്യപ്പെടുന്നത് .

മാനസികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തി ?

ഫ്രാങ്കോയെ കൊണ്ട് കുര്യാക്കോസിന്റെ സംസ്‌കാരം നടത്താന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. അയാള്‍ തന്നെ കൊന്നിട്ട് ആയള്‍ തന്നെ സംസ്‌കാരം നടത്തേണ്ട കാര്യമില്ല. ഫാദറിനെ മാനസികമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയതാണ്. ഫാദറിനെ ഒരു പള്ളിയിലും മഠത്തിലും കയറ്റരുതെന്ന് വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഫ്രാങ്കോയുടെ ആളുകള്‍ നിര്‍ദേശം നല്‍കിയിരുന്നു ജോസ് കാട്ടുതറ പറയുന്നു.

വൈദികന്റെ ബന്ധുക്കളുടെ മൊഴി നിര്‍ണായകമാകും

ബിഷപ്പിന്റെ ജാമ്യവും ജലന്ധറിലെക്കുള്ള വരവും ഫാദറിന്റെ മരണവുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കണം എന്നാണ് ഇപ്പോൾ ആവശ്യം . മരിച്ച വൈദികന്റെ ബന്ധുക്കളുടെ മൊഴി ഇതില്‍ നിര്‍ണായകമാകും. ബിഷപ്പിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച്‌ ജലന്ധര്‍ രൂപത ഫാദര്‍ കുര്യാക്കോസിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു.

കുര്‍ബാനയ്ക്ക് കാണാതിരുന്ന ഫാദർ മരിച്ച നിലയിൽ

രാവിലെ കുര്‍ബാനയ്ക്ക് ഫാദറിനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വാതില്‍ പൊളിച്ച്‌ അകത്ത് കടന്നപ്പോഴാണ് വൈദികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ബിഷപ്പിന്റെ ആളുകള്‍ തന്നെ മാനസികമായി പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് രണ്ട് ദിവസം മുൻപ് ഫാദര്‍ കുര്യാക്കോസ് പറഞ്ഞിരുന്നുവെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്‌ .

സെമിനാരി വിദ്യാര്‍ത്ഥി തന്നെ ചെരിപ്പൂരി തല്ലാന്‍ വന്നിരുന്നുവെന്ന് ഫാദര്‍

ജാമ്യം കിട്ടിയ രാത്രിയില്‍ തന്നെ മൂന്ന് വൈദികര്‍ കുറ്റപ്പെടുത്തി സംസാരിച്ചിരുന്നുവെന്ന് ഫാദര്‍ പറഞ്ഞിരുന്നു. ചെരിപ്പൂരി അടിക്കാന്‍ വന്നു .ഫ്രാങ്കോക്കെതിരെ തുറന്ന് സംസാരിച്ചതിന് ഒരിക്കല്‍ സെമിനാരി വിദ്യാര്‍ത്ഥി തന്നെ ചെരിപ്പൂരി തല്ലാന്‍ വന്നിരുന്നുവെന്ന് ഫാദര്‍ വെളിപ്പെടുത്തിയിരുന്നു. നേരത്തെ കന്യാസ്ത്രീകള്‍ സഭയ്ക്കുള്ളില്‍ പരാതിപ്പെട്ടപ്പോള്‍ എല്ലാ പിന്തുണയും നല്‍കി ഒപ്പമുണ്ടായിരുന്നത് ഫാദര്‍ കുര്യാക്കോസ് ആയിരുന്നു. പോലീസ് പരാതിക്കും ഫാദര്‍ പിന്തുണ നല്‍കിയിരുന്നു. കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരായ നിര്‍ണായക കാര്യങ്ങള്‍ ഫാദറിനോട് പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുകൊണ്ടാണ് ഫ്രാങ്കോ മുഖ്യശത്രുവായി ഫാദര്‍ കുര്യാക്കോസിനെ കണ്ടിരുന്നത്.

“എനിക്ക് അധികം കാലമില്ല, എന്നെ ഒതുക്കി കളയും”

ബിഷപ്പിന് ജാമ്യം കിട്ടിയതറിഞ്ഞ നിരാശയിലായിരുന്നു കുര്യാക്കോസ്. ഇനി എനിക്ക് അധികം കാലമില്ല, എന്നെ ഒതുക്കി കളയും. എനിക്ക് ഒത്തിരിയേറെ കാര്യങ്ങള്‍ അറിയാമെന്ന് ഫ്രാങ്കോയ്ക്ക് അറിയാം. പണ്ട് സ്വാധീനിക്കാന്‍ വന്നിരുന്നു. അത് നടക്കാത്തതിനാല്‍ എന്നോട് വൈരാഗ്യമുണ്ട്. ഇനി എന്നെ മിക്കവാറും തീര്‍ത്തുകളയും. ദസ്വയില്‍ താന്‍ താമസിക്കുന്ന പള്ളിയിലെ വികാരി ഫ്രാങ്കോയുടെ അടുത്തയാളാണ്. അയാള്‍ എന്നെ വിഷമിപ്പിച്ച്‌ കൊണ്ടിരിക്കുകയാണ്. എനിക്ക് നിങ്ങളെയൊന്നും വിളിക്കാന്‍ പോലും കഴിയുന്നില്ല. കൂടെയുള്ള വൈദികര്‍ ശ്രദ്ധിക്കുന്നത് കാരണം പുറത്തേക്ക് പോകുമ്പോൾ മാത്രമേ വിളിക്കാന്‍ സാധിക്കുവെന്ന് അദ്ദേഹം പറഞ്ഞരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരണകാര്യത്തെ കുറിച്ച് അവ്യക്തതയുണ്ട് . സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments