Thursday, March 28, 2024
HomeInternationalആരാധനാലയത്തിൽ ചാവേറാക്രമണം;മരണസംഖ്യ അൻപതിലേറെ

ആരാധനാലയത്തിൽ ചാവേറാക്രമണം;മരണസംഖ്യ അൻപതിലേറെ

മുസ്‌ലിം ആരാധനാലയത്തിൽ പ്രഭാത പ്രാർഥനയ്ക്കിടെയുണ്ടായ ചാവേറാക്രമണത്തിൽ അൻപതിലേറെ മരണം. ബൊക്കൊ ഹറാം ഭീരകവാദികളുടെ പിടിയിൽനിന്ന് 2014ൽ മോചിപ്പിച്ചെടുത്ത ആഡമാവയിലെ മുബിയിലാണ് ആക്രമണമുണ്ടായത്. യുവാവായ ചാവേറാണ് ആക്രമണത്തിനു പിന്നിലെന്നു പൊലീസ് പറഞ്ഞു. ഇനിയും മരണസംഖ്യ കൂടാനിടയുണ്ടെന്നും വ്യക്തമാക്കി. ആഡമാവയുടെ തലസ്ഥാന നഗരമായ യോലയിൽ നിന്ന് 200 കി.മീ. മാറിയാണ് മുബി. നൈജീരിയയയുടെ വടക്കുകിഴക്കൻ പ്രദേശത്ത് ഈ വർഷമുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണ് മുബിയിലേത്. കഴിഞ്ഞ വർഷം ഡിസംബറിൽ രണ്ട് സ്കൂൾ കുട്ടികളെ ഉപയോഗിച്ച് ബൊക്കൊ ഹറാം നടത്തിയ ആക്രമണത്തിൽ 56 പേരായിരുന്നു കൊല്ലപ്പെട്ടത്. ഒട്ടേറെ പേർക്കു പരുക്കേറ്റു.

മുബിയിൽ ചൊവ്വാഴ്ച പ്രാദേശിക സമയം രാവിലെ അഞ്ചരയോടെയായിരുന്നു ചാവേറാക്രമണം. പള്ളിക്കകത്തേക്കു കയറിയ ചാവേർ പ്രാർഥന പകുതിസമയമായപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിൽ പള്ളിയുടെ മേൽക്കൂര പൂർണമായും തകർന്നു. മൃതദേഹങ്ങളിൽ പലതും ചിന്നിച്ചിതറിയ നിലയിലായിരുന്നു. നാൽപതോളം പേർ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പള്ളിയിൽ ഏറെ തിരക്കുള്ള സമയത്തായിരുന്നു സ്ഫോടനവും. വിവിധ ആശുപത്രികളിലേക്കു മാറ്റിയ ഒട്ടേറെ പേരുടെ നില ഗുരുതരമാണ്. അക്രമത്തിനു പിന്നിൽ ബൊക്കൊ ഹറാം ആണെന്നു സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ആക്രമണത്തിന്റെ സ്വഭാവം വിരൽ ചൂണ്ടുന്നത് ഈ ഭീകരസംഘടനയിലേക്കു തന്നെയാണെന്നും അധികൃതർ വ്യക്തമാക്കുന്നു. ഒരു വർഷത്തോളം ശാന്തമായിരുന്ന മേഖലയില്‍ ഇത്തരമൊരു ആക്രമണം നടന്നത് അധികൃതരെയും ഞെട്ടിച്ചിരിക്കുകയാണ്. 2009 മുതൽ ആരംഭിച്ച ബൊക്കൊ ഹറാമിന്റെ വിവിധ ആക്രമണങ്ങളിൽ രാജ്യത്ത് ഇതുവരെ 20,000ത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 26 ലക്ഷത്തിലേറെ പേർ ഭവനരഹിതരായി അഭയാർഥി ക്യാംപുകളിലേക്കു മാറി.

നൈജീരിയയുടെ വടക്കുകിഴക്കൻ മേഖലകൾ കീഴടക്കി മുന്നേറുന്നതിനിടെ 2014ൽ മുബിയിലും ബൊക്കൊ ഹറാം അധികാരം പിടിച്ചെടുത്തിരുന്നു. ‘സിറ്റി ഓഫ് ഇസ്‌ലാം’ എന്നു മുബിയുടെ പേരു മാറ്റുകയും ചെയ്തു. എന്നാൽ പട്ടാള ഇടപെടലിൽ വൈകാതെ തന്നെ മേഖലയിൽനിന്ന് ഭീകരരെ തുരത്തി. ആഡമാവ സ്റ്റേറ്റ് സർവകലാശാല ഉൾപ്പെടെ വിദ്യാഭ്യാസ കേന്ദ്രങ്ങളും നൈജീരിയയുടെ വാണിജ്യകേന്ദ്രങ്ങളിലൊന്നുമായിരുന്നു മുബി. ആഡമാവയിൽ നിന്ന് ഏറെ വടക്കുമാറി ബോർണോയോടു ചേർന്നുള്ള മേഖലകളിലാണ് നിലവിൽ ബൊക്കൊ ഹറാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവിടെയാകട്ടെ തുടർച്ചയായി ചാവേർ ആക്രമണങ്ങളും നടക്കുന്നു. ബോർണോയിലെ വന–പർവതപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് ഭീകരരുടെ പ്രവർത്തനങ്ങളിലേറെയും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments