സിനിമകള്‍ക്ക് നേരെ ആയുധമെടുക്കുകയാണ് ഇന്ത്യയുടെ ഭരണപാര്‍ട്ടി

padmavati

വര്‍ഗീയ കലാപങ്ങള്‍, കൊലപാതകങ്ങള്‍, പശുവിന്റെ പേരു പറഞ്ഞ്‌ മുസ്ലിംകളെ ആക്രമിക്കല്‍ എന്നിവക്ക് ശേഷം രാജ്യത്തിറങ്ങുന്ന സിനിമകള്‍ക്ക് നേരെ ആയുധമെടുക്കുകയാണ് ഇന്ത്യയുടെ ഭരണപാര്‍ട്ടിയായ ബിജെപി; കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വാഷിംങ്ടണ്‍ പോസ്റ്റ്‌ പത്രത്തിലെ വാര്‍ത്തയുടെ ഉള്ളടക്കമാണിത്.

പത്മാവതി എന്ന സിനിമയ്‌ക്കെതിരെ ബിജെപിയും സംഘപരിവാറും ഉയര്‍ത്തുന്ന ആരോപണങ്ങളും ഭീഷണികളും ആക്രമണങ്ങളും തുറന്നുകാട്ടി ബിജെപിയുടെ വര്‍ഗീയ മുഖം ലോകത്തിന് മുമ്പില്‍ വ്യക്തമാക്കുകയാണ് വാഷിംഗ്ടണ്‍ പോസ്റ്റ്‌. ദീപികയുടെ തലയ്ക്ക് ബിജെപി നേതാവ് വില പറഞ്ഞത് ഏറ്റവും നാണം കെട്ട പ്രവര്‍ത്തിയായിട്ടാണ് പത്രം എടുത്തുകാട്ടുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ രാഷ്ട്രീയ അടിത്തറയുടെ പിന്‍ബലത്തിലാണ് ഇവര്‍ ഇത്തരം കൊലവിളികള്‍ നടത്തുന്നതെന്ന് പത്രം നിരീക്ഷിക്കുന്നു.

ഇന്ത്യന്‍ ചരിത്രത്തില്‍ മുസ്ലിംങ്ങളുടെ പങ്ക് ചെറുതാക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും പത്രം നിരീക്ഷിക്കുന്നുണ്ട്. ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹല്‍ മുസ്ലിം രാജവായ ഷാജഹാന്‍ നിര്‍മിച്ച കാരണം അത് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് ബിജെപി നേതാവ് പറഞ്ഞത് ഇതിന്റെ തെളിവായിട്ടാണ് പത്രം ചൂണ്ടികാട്ടുന്നത്.

ലോകത്തിലെ ഏറ്റവും മികച്ച സിനിമാ വ്യവസായത്തിന്റെ അതിരുകള്‍ നിശ്ചയിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ചില കാരണങ്ങള്‍ ഉന്നയിച്ച് മികച്ച സംവിധായകരേയും കലാസൃഷ്ടിയേയും പിന്നോട്ട് വലിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നു.

14ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പദ്‌മിനി എന്ന ധീരരാഞ്ജിയുടെ ജീവിത കഥയാണ് പത്മാവതി എന്ന ചിത്രത്തിലൂടെ സഞ്ജയ് ലീലാ ബന്‍സാലി പറയുന്നത്. ചിത്രത്തില്‍ പത്മാവതി റാണിയ്ക്ക് മുസ്ലീം രാജാവായ അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്ന രീതിയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നു പറഞ്ഞാണ് ബിജെപി നേതൃത്വവും സംഘപരിവാറും ചിത്രത്തിനെതിരെ ആക്രമണം അഴിച്ചു വിടുന്നത്. എന്നാല്‍ ചിത്രത്തില്‍ ഇങ്ങനൊയൊരു രംഗമില്ലെന്ന് സംവിധായകന്‍ ആവര്‍ത്തിച്ചിട്ടും ആക്രമണം തുടരുകയാണെന്ന കാര്യവും വാര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്.

ചിത്രത്തിനെതിരെ ആക്രമണം നടത്തിയ മീററ്റിലെ ക്ഷത്രിയ സമുദായ അംഗമായ താക്കൂര്‍ അഭിഷേക് സോം, ഹരിയാനയിലെ ബിജെപിയുടെ മീഡിയ കോര്‍ഡിനേറ്ററായ സുരാജ്പാല്‍ അമു, രജപുത് കര്‍ണിസേന എന്നിവരുടെ ഭീഷണികളെ കുറിച്ചും വാര്‍ത്തയില്‍ വ്യക്തമാക്കുന്നുണ്ട്.

മോഡിയെ വിമര്‍ശിച്ച് ഇതിനു മുമ്പും വാഷിംടണ്‍ പോസ്റ്റ്‌ വാര്‍ത്ത എഴുതിയിരുന്നു.