ക്യാൻസറിനെ തോൽപിച്ച കണ്ണുകൾ

mercy

ക്യാൻസർ തോൽപ്പിക്കാത്ത ആ കണ്ണുകൾ ഇനി മുതൽ രണ്ടു പേർക്കു വെളിച്ചമാകും. ചാത്തങ്കരി മുട്ടാർ ശ്രാമ്പിക്കൽ പുളിയ്ക്കൽ ജോസ്കുട്ടിയുടെ ഭാര്യ മേഴ്സിയുടെ (55) കണ്ണുകളാണ് മരണാനന്തരം അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിനു കൈമാറിയത്.അർബുദ ചികിൽസയിലായിരുന്ന മേഴ്സിയുടെ വേർപാട് ശനിയാഴ്ച പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. വിശാഖപട്ടണം നേവൽ ഡോക്‌യാർഡിലെ ഉദ്യോഗസ്ഥനാണ് ജോസ്കുട്ടി. വിശാഖപട്ടണത്തെ ആശുപത്രിയിൽ 36 തവണ കീമോയ്ക്കു വിധേയയായി. പല തവണ ശസ്ത്രക്രിയ. എല്ലാം പുഞ്ചിരിയോടെ നേരിട്ട മേഴ്സി കാൻസർ പോരാട്ട വഴിയിലെ അസാമാന്യ സാക്ഷ്യമാണ് കാഴ്ചവച്ചത്.

രണ്ടാഴ്ച മുമ്പു തീർത്തും അവശയായതോടെ നാട്ടിലേക്കു പോരാൻ തീരുമാനമായി.1400 കിലോമീറ്ററോളം ആംബുലൻസിൽ കിടന്നുള്ള യാത്ര അവസാനിച്ചത് പുഷ്പഗിരി പാലിയേറ്റീവ് കെയറിന്റെ സാന്ത്വന കരങ്ങളിലേക്ക്. ഡോ. പി. ടി തമ്പിയും ഭാര്യ ഡോ. സൂസനും ജീവനക്കാരും എല്ലാ പരിചരണവും നൽകി. മേഴ്സിയുടെ പിതാവ് കുറിയന്നൂർ ചെറുകാട്ട് പരേതനായ സി. ടി ഏബ്രഹാമിന്റെ സഹോദരൻ സി. ടി സാമുവലിന്റെ അടുത്ത സുഹൃത്തുകൂടിയായ റവ. എ. സി കുര്യന്റെ ആശ്വാസ വാക്കുകളും കൗൺസലിങും കൂടിയായതോടെ മേഴ്സി എന്തും നേരിടാൻ മാനസികമായി തയ്യാറായി.

പ്രതീക്ഷിച്ചതുപോലെ മരണം ശാന്തമായി ആ ജീവിതത്തെ തഴുകി കടന്നുപോകയും ചെയ്തു. മരണമറിഞ്ഞ് അവയവദാന വിഭാഗത്തിലെ എബി ജേക്കബ് മുതുകാട്ടിൽ ബന്ധുക്കളെ സമീപിച്ചു. ഭർത്താവ് ജോസ്കുട്ടിയും മക്കളായ സജിനും സൻജുവും സമ്മതപത്രം ഒപ്പിട്ടതോടെ 15 മിനുട്ട് ശസ്ത്രക്രിയയിലൂടെ വീണ്ടെടുത്ത നേത്രപടലം അങ്കമാലി ആശുപത്രിയിയിലേക്ക് അയച്ചു. കോർണിയ തകരാർ മൂലം കാഴ്ചയില്ലാതിരിക്കുന്ന രണ്ടു വ്യക്തികൾക്ക് ഇത് വെളിച്ചമേകും. അതാരാണെന്ന് അറിയില്ലെങ്കിലും ആ കണ്ണുകളിലൂടെ മേഴ്സി ഇനി പ്രകാശം പരത്തും. മേഴ്സിയുടെ സംസ്കാരം ഇന്ന് (20) രണ്ടിന് ചാത്തങ്കരി മുട്ടാർ സെന്റ് ജോർജ് പഴയപള്ളിയിൽ നടത്തി

വർഷം തോറും ശരാശരി 80 നേത്രപടലങ്ങളാണ് പുഷ്പഗിരി മെഡിക്കൽ കോളജിൽ നിന്ന് വീണ്ടെടുക്കാറുള്ളത്. മരിച്ച് ആറു മണിക്കൂറിനുള്ളിൽ ശസ്ത്രക്രിയ നടത്തണം. വീടുകളിൽ വച്ച് മരിച്ചാലും നേരിട്ടെത്തും. കണ്ണിനെ ബാധിക്കാത്തതിനാൽ (രക്താർബുദം ഒഴികെ) കാൻസർ രോഗികൾക്കും നേത്രപടലം ദാനം ചെയ്യാം. രണ്ടു മുതൽ 80 വയസുവരെ പ്രായമുള്ള ഏതൊരു വ്യക്തിയുടെയും കണ്ണുകൾ മരണാനന്തരം അനുയോജ്യം. രാജ്യത്ത് ഒരുലക്ഷം പേരാണ് ഇത്തരം പടലത്തിനായി കാത്തിരിക്കുന്നത്. എന്നാൽ ദാനത്തിലൂടെ ലഭിക്കുന്നതു മുപ്പതിനായിരം പടലം. ഇതു നേതൃദാനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. മസ്തിഷ്ക മരണം സംഭവിച്ചവരിൽ നിന്നാണ് മറ്റ് അവയവങ്ങൾ എടുക്കുന്നത്.