ശബരിമല വിഷയത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും നിശിതമായി വിമര്‍ശിച്ച് ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്.അച്യുതാനന്ദന്‍. മുണ്ടൂരില്‍ സി.പി.എം മണ്ഡലം കാല്‍നട പ്രചരണ ജാഥ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗീയ ചേരിതിരിവുണ്ടാക്കി ഭരണത്തിലെത്തുക എന്നതാണ് ബി.ജെ.പിയുടെ രീതി. അതിനായി അവര്‍ ക്ഷേത്രങ്ങളെയും പ്രതിമകളെയും ഉപയോഗിക്കും. അയോദ്ധ്യയിലെ രാമക്ഷേത്രം അത്തരമൊരു സംഗതിയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ രാമക്ഷേത്രവും പൊക്കി കൊണ്ട് അവര്‍ വരും. എത്രമാത്രം വര്‍ഗീയ കാര്‍ഡിറക്കിയാലും കടന്നുവരാന്‍ പറ്റാത്ത കേരളത്തിലും ക്ഷേത്രാചാരങ്ങളുടെ പേരില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണിവര്‍ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമിയാക്കി മാറ്റാന്‍ ഉന്നയിക്കുന്ന ന്യായം വിചിത്രമാണ്. അവിടെ ആചാരങ്ങള്‍ ലംഘിക്കപ്പെടരുത് എന്നാണത്. ആരാണ് ശബരിമലയിലെ ആചാര ലംഘകര്‍? മലയരയന്മാരില്‍ നിന്ന് ശബരിമല തട്ടിയെടുത്തതു മുതല്‍ അവിടെ ആചാര ലംഘനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുണ്ട്. പല ആചാരങ്ങളും കാലഹരണപ്പെട്ടിട്ടുണ്ട്. പഴയ ആചാരങ്ങള്‍ ഇല്ലാതാവുകയും പുതിയ ആചാരങ്ങള്‍ നിലവില്‍ വരികയും ചെയ്തതുകൊണ്ട്, ഭക്തജനങ്ങള്‍ അങ്ങോട്ട് വരാതിരിക്കുയല്ല ഉണ്ടായത്. കാലത്തിനൊത്ത് ആചാരങ്ങള്‍ പുതുക്കപ്പെടുന്നതിനനുസരിച്ച്, ഓരോ വര്‍ഷവും കൂടുതല്‍ കൂടുതല്‍ ആളുകള്‍ ശബരിമലയിലെത്തുന്നു എന്നതാണ് വസ്തുത. ഇപ്പോഴത്തെ പ്രശ്‌നം ഭരണഘടനാപരമാണ്. പത്ത് വയസ്സിനും അന്‍പത് വയസ്സിനും ഇടയില്‍ പ്രായമുള്ള യുവതികള്‍ക്ക് ക്ഷേത്രദര്‍ശനം അനുവദിക്കണമെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വിധി പ്രസ്താവിച്ചു. ഇന്ത്യന്‍ ഭരണഘടനയോട് തെല്ലെങ്കിലും ബഹുമാനമുണ്ടെങ്കില്‍, ആ വിധി അംഗീകരിക്കുകയല്ലേ വേണ്ടത്? ഇന്ത്യന്‍ ഭരണഘടനയോട് ബഹുമാനമില്ലാത്തവരോട് ഈ ചോദ്യം ചോദിച്ചിട്ട് കാര്യമില്ലല്ലോയെന്നും വി.എസ് പറയുന്നു. കോണ്‍ഗ്രസിനെയും കണക്കിന് വിമര്‍ശിക്കാന്‍ വി.എസ്. മറന്നില്ല. കോണ്‍ഗ്രസ്സിന്റെ കാര്യമാണ് കഷ്ടം. ഈ തീക്കളിയില്‍ അവര്‍ക്കാണ് നഷ്ടം. ബി.ജെ.പിയുടെയും എന്‍.എസ്.എസ്സിന്റെയും വാലായി ചെന്നിത്തല മാറരുത് എന്നാണ് എനിക്ക് പറയാനുള്ളത്. കോണ്‍ഗ്രസ്സിന്റെ ആദ്യകാല ചരിത്രം ചെന്നിത്തല ഓര്‍ക്കുന്നത് നന്നായിരിക്കും. സുധാകരനെപ്പോലുള്ളവര്‍ തീവ്ര നിലപാടുകള്‍ പ്രഖ്യാപിക്കുമ്ബോള്‍ കോണ്‍ഗ്രസ്സിന്റെ കാല്‍ച്ചുവട്ടിലെ മണ്ണാണ് ഒലിച്ചു പോവുന്നത്. ആ ഒലിച്ചുപോക്ക് തുടങ്ങിക്കഴിഞ്ഞുവെന്നും വി.എസ് പറഞ്ഞു.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചു കൊണ്ട് വി എസ്
RELATED ARTICLES