Friday, April 19, 2024
HomeKeralaശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്

ശബരിമലയിൽ നിരോധനാജ്ഞ നീട്ടണമെന്ന് പോലീസ്

ശബരിമലയില്‍ നിലനിക്കുന്ന നിരോധനാജ്ഞ വ്യാഴാഴ്ച അവസാനിക്കാനിരിക്കെ 14 വരെ നീട്ടണമെന്ന് പോലീസ്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ പൊലീസ് മേധാവി പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. ശബരിമല ഉള്‍പ്പെടെ നാലുസ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ തുടരണമെന്നാണ് പത്തനംതിട്ട എസ്പി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.ഒരാഴ്ച മാത്രമാണ് നിരോധനാജ്ഞ ഏര്‍പ്പടുത്തിയിരുന്നത്. ഇതിനുമുമ്ബ് തുലാമാസ പൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും നടതുറന്ന സമയത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ക്രിമിനല്‍ നിയമം 144 പ്രകാരമുള്ള നിരോധനാജ്ഞ തുടരേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് കോന്നി, റാന്നി എന്നീ താലൂക്കുകളിലെ തഹസില്‍ദാര്‍മാര്‍ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പോലീസും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പോലീസിന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ കളക്ടര്‍ 15ന് അര്‍ധരാത്രി മുതല്‍ സന്നിധാനം, പമ്ബ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലും കോട്ടയം ജില്ലാ കളക്ടര്‍ എരുമേലിയിലും 7 ദിവസത്തേക്കാണു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച നിരോധനാജ്ഞ അവസാനിക്കും. സുപ്രീം കോടതിയുടെ യുവതീപ്രവേശന വിധിക്ക് ശേഷം ആദ്യമായി നട തുറന്നപ്പോള്‍ നടയ്ക്കലില്‍ സംഘപരിവാര്‍ നേതൃത്വത്തില്‍ വന്‍ അക്രമം നടന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നത്.നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വ്യശ്ചികം ഒന്നിന് നട തുറക്കുന്നതിന്റെ തലേന്നാണ് നിരോധനം നിലവില്‍ വന്നത്. നിരോധനാജ്ഞ തുടരേണ്ടതില്ലെന്നാണ് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ രാവിലെ വ്യക്തമാക്കിയത്. റാന്നി, കോന്നി തഹസില്‍ദാര്‍മാരും നിരോധനാജ്ഞ തുടരേണ്ടതില്ലെന്ന് ശുപാര്‍ശ ചെയ്തിരുന്നു. അതേസമയം വ്യാഴാഴ്ച വൈകിട്ടേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുകയുളളൂ.നിലവില്‍ സന്നിധാനത്ത് സംഘര്‍ഷാവസ്ഥയില്ലെന്നും പ്രതിഷേധക്കാരുടെ സാന്നിധ്യം സന്നിധാനത്ത് ഉണ്ടെങ്കിലും അവര്‍ പ്രകോപനപരമായ രീതിയിലേക്ക് സമരം മാറ്റിയിട്ടില്ലെന്നും തഹസില്‍ദാര്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സന്നിധാനത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ എല്ലാം തന്നെ ഉടന്‍ മാറ്റണം. പമ്ബ നിലയ്ക്കല്‍ റൂട്ടില്‍ ഒരു തരത്തിലുള്ള യാത്രാ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തരുത്. മുഴുവന്‍ സമയവും ഭക്തര്‍ക്ക് ശബരിമല യാത്രയ്ക്ക് അവസരമൊരുക്കണമെന്നും സന്നിധാനത്തും പരിസരത്തും വിരിവെക്കാന്‍ സൗകര്യം ഒരുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഹൈക്കോടതിയില്‍ നിന്നും പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പമ്ബയിലും നിലയ്ക്കലിലും ഉള്ള നിയന്ത്രണവും നിരീക്ഷണവും തുടര്‍ന്നേക്കാം. എന്നാല്‍ തഹസില്‍ദാര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാവും ജില്ലാ കളക്ടര്‍ നിരോധനാജ്ഞ നീട്ടുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സന്നിധാനത്തെ പോലീസ് നിയന്ത്രണങ്ങളില്‍ കഴിഞ്ഞ ദിവസം അയവ് വരുത്തുകയും ചെയ്തിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments