12 മില്യന്‍ പേര്‍ക്ക് ക്രിസ്തുമസിനുശേഷം തൊഴില്‍രഹിത വേതനം നഷ്ടപ്പെടും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയില്‍ കോവിഡ് 19 വ്യാപകമായതോടെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ഏക ആശ്രയമായിരുന്ന തൊഴിലില്ലായ്മ വേതനം ക്രിസ്തുമസിന് പിറ്റേദിവസം മുതല്‍ നഷ്ടപ്പെടും.

കൊറോണ വൈറസ് എയ്ഡ് റിലീഫ്, എക്കണോമിക് സെക്യൂരിറ്റി ആക്ട് എന്നീ രണ്ട് പ്രധാന ഗവണ്‍മെന്റ് പദ്ധതികള്‍ ഡിസംബര്‍ 26-ന് അവസാനിക്കുന്നതോടെയാണ് പന്ത്രണ്ട് മില്യനിലധികം പേര്‍ക്ക് തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുകയെന്ന് സെഞ്ച്വറി ഫൗണ്ടേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

പാന്‍ഡമിക് അണ്‍ എംപ്ലോയ്‌മെന്റ് അസിസ്റ്റന്‍സ് പ്രോഗ്രാമില്‍ 73 മില്യന്‍ പേര്‍ക്കും, പാന്‍ഡമിക് എമര്‍ജന്‍സി ആണ്‍ എംപ്ലോയ്‌മെന്റ് കോമ്പന്‍സേഷന്‍ പ്രോഗ്രാമില്‍ 46 മില്യന്‍ തൊഴില്‍ രഹിതര്‍ക്കുമാണ് ഡിസംബര്‍ 26 വരെ തൊഴിലില്ലായ്മ വേതനം ലഭിക്കുക. അമേരിക്കയില്‍ ഇപ്പോള്‍ 21.1 മില്യന്‍ പേര്‍ക്കാണ് തൊഴിലില്ലായ്മ വേതനം ലഭിച്ചുകൊണ്ടിരിക്കുന്നത്.

തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുന്നതോടെ നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണം വാങ്ങുന്നതിനോ, വാടക നല്‍കുന്നതിനോ, അത്യാവശ്യ ചെലവുകള്‍ക്കോ പണം ലഭിക്കാതെവരുന്നത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കുകയെന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു.

ഭരണതലത്തില്‍ അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്നതും, ഉത്തരവാദിത്വപ്പെട്ടവര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ തുടര്‍ന്നും തൊഴിലില്ലായ്മ വേതനം ലഭിക്കുക എളുപ്പമല്ല. കലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവരെയാണ് ഇതു സാരമായി ബാധിക്കുക. സെക്കന്‍ഡ് സ്റ്റിമുലസ് ചെക്കിനെക്കുറിച്ചും അടിയന്തര തീരുമാനം ഉണ്ടാകേണ്ടിയിരിക്കുന്നു.