Wednesday, April 24, 2024
Homeപ്രാദേശികംകോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന്റെ കുതിപ്പിൽ

കോഴഞ്ചേരി ജില്ലാ ആശുപത്രി വികസനത്തിന്റെ കുതിപ്പിൽ

കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ വികസന സ്പന്ദനത്തിനൊപ്പം പുതിയ നിയമനങ്ങളും. ഒന്നരക്കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ തുടക്കമായി. ശിശുരോഗവിഭാഗത്തിൽ ജൂനിയർ ഡോക്‌ടർ ഉൾപ്പെടെ പുതിയ നാല് തസ്‌തികകൾ കൂടി സർക്കാർ അനുവദിച്ചു. വീണാ ജോർജ് എംഎൽഎയുടെ ആവശ്യപ്രകാരം സർക്കാരും എൻആർഎച്ച്എമ്മും ചേർന്നാണ് ജില്ലാ ആശുപത്രിയുടെ നവീകരണത്തിന് ആവശ്യമായ തുക ചെലവഴിക്കുന്നത്. നിലവിലുള്ള ഡയാലിസിസ് യൂണിറ്റിൽ ആറ് പുതിയ മെഷീനുകളും കൂടി സ്ഥാപിക്കും. നെഫ്രോളജി വിഭാഗത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കും. ഇതിനായി കിഫ്ബി മുഖേന 80 ലക്ഷം രൂപയാണ് വിനിയോഗിക്കുക. ശസ്ത്രക്രിയ വിഭാഗം ആധുനികവൽക്കരിക്കും. താക്കോൽദ്വാര ശസ്ത്രക്രിയകൾക്കായി 40 രൂപയുടെ ഉപകരണങ്ങൾ വാങ്ങുന്നതിന്റെ നടപടികളും ആരംഭിച്ചു.

സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ കൃത്രിമ അവയവദാനകേന്ദ്രം

സംസ്ഥാനത്ത് ആദ്യമായി സർക്കാർ ആശുപത്രിയിൽ കൃത്രിമ അവയവദാനകേന്ദ്രം ആരംഭിക്കുന്നു എന്ന മികവും കോഴഞ്ചേരിക്ക് സ്വന്തം. ഇതിനായി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ ആധുനിക സംവിധാനങ്ങളോട് കിടപിടിക്കുന്ന രീതിയിലാണ് ഇവിടെയും കേന്ദ്രം സജ്ജമാക്കുന്നത്. കൃത്രിമ കൈകാലുകളുടെ നിർമാണത്തിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ഇ– ടെൻഡർ നടപടികൾ പൂർത്തിയായി. ആശുപത്രിയിലെ ശിശുരോഗവിഭാഗത്തിൽ ഒരു ജൂനിയർ ഡോക്‌ടറെ കൂടാതെ രണ്ട് ഡയാലിസിസ് ടെക്‌നീഷ്യന്മാരുടെയും മെഡിക്കൽ റെക്കോർഡ് ലൈബ്രേറിയന്റെയും ഉൾപ്പെടെ നാല് തസ്‌തികകളാണ് സർക്കാർ പുതിയതായി അനുവദിച്ചത്. പാലിയേറ്റീവ് കെയർ ചികിൽസ സഹായത്തിന് 9.55 ലക്ഷം രൂപയാണ് ചെലവഴിക്കുക. രോഗികൾക്കൊപ്പമുള്ള കൂട്ടിരിപ്പുകാരുടെ വിശ്രമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്ക് ആറു ലക്ഷം രൂപ മാറ്റിവച്ചു. ഇതോടൊപ്പം പൂന്തോട്ട നിർമാണവും ഉണ്ടാവും. പാലിയേറ്റീവ് രോഗികളുടെ ചികിൽസ പദ്ധതികൾക്കായി 3.15 ലക്ഷം രൂപയുടെ പ്രവൃത്തികളും ഒരുക്കും. അത്യാഹിത വിഭാഗം ഉൾപ്പെടെ വിവിധ കെട്ടിടങ്ങളിൽ നിന്ന് രോഗികളെ സ്‌ട്രെച്ചറുകളിലും വീൽചെയറുകളിലും കൊണ്ടുപോകുന്നതിന് വേണ്ടി തറയിൽ പൂട്ടുകട്ട പാകുന്നതിനും ഒപി കൗണ്ടറിനോടു ചേർന്ന് പോളികാർപ് ഷീറ്റുകൾ സ്‌ഥാപിക്കുന്നതിനും ആർഎസ്ബിവൈ ഫണ്ടിൽ നിന്ന് 4.9 ലക്ഷം രൂപ ഉപയോഗിക്കും.ജില്ലാ ആശുപത്രി പരിസരത്ത് ട്രോളി പാത്ത് ആവശ്യമാണെന്ന് മനോരമ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കാൻസർ കെയർ സെന്ററിനു സമീപം തണൽ മരത്തിനു ചുറ്റുമാണ് വിശ്രമസങ്കേതം ഒരുക്കുന്നത്. ഇവിടെയാണ് പൂന്തോട്ടങ്ങളും ഒരുക്കുന്നത്. വാർഡുകളിലെ മാലിന്യങ്ങൾ ഇനംതിരിച്ച് സൂക്ഷിക്കുന്നതിനുള്ള വീപ്പകൾ സ്ഥാപിക്കുന്നതിന് ആറു ലക്ഷം രൂപ ചെലവിലുള്ള നിർമാണ ജോലികൾ നടന്നുവരുന്നു. ജില്ലാ ആശുപത്രിയിലെ വികസന പ്രവർത്തനങ്ങൾക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ പ്രവർത്തനങ്ങളും ആക്കം കൂട്ടുന്നു. ചികിൽസ രീതികളിൽ വേറിട്ടതും മാതൃകാപരവുമായ പ്രവർത്തനങ്ങൾ ജീവനക്കാരും പ്രകടിപ്പിക്കുന്നതുകൊണ്ട് രോഗികളുടെ പഴയ തിരക്ക് കുറഞ്ഞിട്ടുണ്ട്. ഗൈനക്കോളജി വിഭാഗവും വളരെ കാര്യക്ഷമമായാണ് പ്രവർത്തിക്കുന്നത്.’

RELATED ARTICLES
- Advertisment -

Most Popular

Recent Comments