എ.ടി.എം കൗണ്ടറിൽ പശതേച്ച് പണം തട്ടിയെടുത്ത കേസിൽ പിടിയിലായ ഹരിയാന സ്വദേശികളെ റിമാൻഡ് ചെയ്തു. ഹരിയാന പിണക്കാവിലെ ജുനൈദ് (22), പ്രായപൂർത്തിയാകാത്ത മറ്റൊരാൾ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദെൻറ നിർദേശപ്രകാരം കേസന്വേഷിക്കുന്ന പ്രത്യേക സംഘം ഹരിയാനയിലെ പിനാങ്ഗോണിൽനിന്നാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിച്ച ഇവരിൽ ജുനൈദിനെ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്േട്രറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. പ്രായപൂർത്തിയാകാത്തയാളെ തലശ്ശേരി ജുവനൈൽ കോടതിയിൽ ഹാജരാക്കി. അതേസമയം, പ്രധാന സൂത്രധാരൻ ഷക്കീൽ അഹമ്മദിനെ കണ്ടെത്താനായില്ല. ഇയാൾ രാജസ്ഥാനിലെ ആൾവാറിൽ എൻജിനീയറിങ് വിദ്യാർഥിയാണ്. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഉൗർജിതമാക്കി. ഡിസംബർ 27നാണ് സ്റ്റേറ്റ് ബാങ്കിെൻറ നാംഗ്ഗോൺ ശാഖയിൽ അക്കൗണ്ടുള്ള ഷക്കീൽ അഹമ്മദ് 40,000 രൂപ നഷ്ടപ്പെട്ടെന്നുകാണിച്ച് ബാങ്ക് മാനേജർക്ക് പരാതി നൽകിയത്. പണം പിൻവലിച്ചതായി മൊബൈലിൽ സന്ദേശം വന്നെങ്കിലും എ.ടി.എമ്മിൽനിന്ന് പണം ലഭിച്ചില്ലെന്നായിരുന്നു പരാതി. അന്നുതന്നെ കണ്ണൂർ ടൗൺ സ്റ്റേഷനടുത്തുള്ള എസ്.ബി.െഎയുടെ എ.ടി.എം കൗണ്ടറിൽനിന്ന് 40,000 രൂപ കവർന്നതായും പരാതി ലഭിച്ചു. തുടർന്ന് ബാങ്ക് മാനേജർ നൽകിയ പരാതിയിലാണ് ടൗൺ െപാലീസ് അന്വേഷണം നടത്തിയത്. പരാതിക്കാരനായ ഷക്കീൽ അഹമ്മദും പിടിയിലായവരും അടങ്ങുന്ന സംഘം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇത്തരത്തിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് സൂചന. വിവിധ എ.ടി.എം കാർഡ് ഉപയോഗിച്ച് അക്കൗണ്ടുകളിൽനിന്ന് പണം പിൻവലിക്കുന്നസമയത്ത് എ.ടി.എം മെഷീെൻറ കണക്റ്റിവിറ്റി വിച്ഛേദിച്ച് യന്ത്രം ഓഫ് ചെയ്താണ് തട്ടിപ്പുനടത്തിയത്. പണമെത്തുന്ന സമയം മെഷീൻ ഓഫാക്കുന്നതിനാൽ വ്യക്തിഗത അക്കൗണ്ടുകൾക്കുപകരം ബാങ്കിെൻറ താൽക്കാലിക അക്കൗണ്ടിൽനിന്നാണ് പണം നഷ്ടമാകുന്നത്. അതിനാൽ, ഇടപാടുകാർ പരാതിയുമായി രംഗത്തെത്താത്തത് തട്ടിപ്പ് വ്യാപിപ്പിക്കാൻ കാരണമായി. ബാങ്ക് അധികൃതർ എ.ടി.എം ഇടപാടുകളുടെ രേഖകൾ പരിശോധിച്ചപ്പോഴാണ് വിദഗ്ധമായ തട്ടിപ്പ് വ്യക്തമായത്. ടൗൺ ജൂനിയർ എസ്.ഐ ഷൈജു, സി.പി.ഒമാരായ സഞ്ജയ്, റഉൗഫ്, സജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.