സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പരിപാടി

പത്തനംതിട്ട : സംസ്ഥാന സര്‍ക്കാരിന്‍റെ ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ വിമുക്തിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂളുകളില്‍ ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തും. വിദ്യാഭ്യാസ, എക്‌സൈസ് വകുപ്പുകള്‍ സംയുക്തമായാണ് പരിപാടി നടത്തുക. ഒരു സ്‌കൂളിന് 5000 രൂപ എന്ന കണക്കില്‍ ഇതിനായി തുക നല്‍കിയിട്ടുണ്ട്. വിമുക്തിയുടെ ജില്ലാതല യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്കുതല ബോധവത്ക്കരണ പരിപാടികളും നടത്തും. പത്തനംതിട്ട ജനറല്‍ ആശുപത്രിയുടെ ഭാഗമായി ഡീ അഡിക്ഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലാണ്. ഇതു സംബന്ധിച്ച് ഡി.എം.ഒ നല്‍കിയ റിപ്പോര്‍ട്ട് എക്‌സൈസ് വകുപ്പ് സര്‍ക്കാരിന് സമര്‍പ്പിച്ചു. 76 ലക്ഷം രൂപയ്ക്ക് സെന്റര്‍ സ്ഥാപിക്കാനാണ് ശുപാര്‍ശ. കോഴഞ്ചേരിയില്‍ നിലവിലുള്ള ഡി അഡിക്ഷന്‍ സെന്റര്‍ പൂര്‍ണസജ്ജമാക്കാനുള്ള ശുപാര്‍ശ എക്‌സൈസ് വകുപ്പ് നേരത്തെ സര്‍ക്കാരിന് നല്‍കിയിരുന്നു. വിമുക്തി യോഗത്തിന്റെ തുടര്‍ച്ചയായി വ്യാജമദ്യ നിയന്ത്രണ സമിതി യോഗവും നടന്നു. ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ലഹരി ഉപയോഗം വ്യാപകമാക്കുന്നതായും ഇവര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചുനല്‍കുന്നവരെ കണ്ടെത്തണമെന്നും ആവശ്യമുയര്‍ന്നു. എക്‌സൈസിനൊപ്പം പോലീസും നിരീക്ഷണം കര്‍ശനമാക്കണമെന്നും നിര്‍ദേശമുണ്ടായി. അടൂര്‍ നഗരസഭ അധ്യക്ഷ ഷൈനി ജോസ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, സമിതി അംഗങ്ങള്‍, എക്‌സൈസ്, പോലീസ്, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.