കൊച്ചിയിൽ വീണ്ടും സമനില(0-0). ബ്ലാസ്റ്റേഴ്സ് പ്രതീക്ഷകൾ അസ്തമിച്ച അവസ്ഥയിൽ.
കളി അവസാന അഞ്ചു മിനിറ്റിൽ. സമനിലയുടെ പടുകുഴിയിലേക്ക് വീണ്ടും ബ്ലാസ്റ്റേഴ്സ് (0–0)
∙ 81–ാം മിനിറ്റിൽ വീണ്ടും ബാൽവിൻസൺ ഷോട്ട്. വീണ്ടും ചെന്നൈയിന്‍റെ രക്ഷകനായി കരൺജിത് സിങ്. ഗോൾ വീഴുന്നില്ല. ചെന്നൈയിനായി മുഹമ്മദ് റാഫി കളത്തിൽ. (0–0)
∙ കൗണ്ടര്‍ അറ്റാക്കിലൂടെ വീണ്ടും ബ്ലാസ്റ്റേഴ്സ്. ബാൽവിൻസന്റെ ഷോട്ട് സാഹസികമായി ചെന്നൈയിൻ ഗോളി തട്ടിയകറ്റുന്നു. (0–0)
∙ റെനെ മിഹെലിചിനെ പിൻവലിക്കുന്നു ചെന്നൈയിൻ. പകരം സ്പാനിഷ് താരം ഗാവിലാൻ കളത്തിൽ. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് ചെന്നൈയിൻ. ബ്ലാസ്റ്റേഴ്സ്
∙ കളി സമനിലയിലാക്കി ബ്ലാസ്റ്റേഴ്സിനെ തളയ്ക്കാൻ ചെന്നൈയിൻ. പക്ഷെ അതു വഴങ്ങാൻ ബ്ലാസ്റ്റേഴ്സിനാകില്ല. സീസണിൽ മുന്നോട്ടുപോകണമെങ്കിൽ ഇന്ന് ജയിച്ചേതീരൂ… (0–0), 70–ാം മിനിറ്റിലും കളിയിൽ ഗോളില്ല. ആരു നേടും ആദ്യ ഗോൾ??.
∙ 64–ാം മിനിറ്റിലും ഗോളില്ല. ബ്ലാസ്റ്റേഴ്സിന് വീണ്ടും കോർണർ. വീണ്ടും രക്ഷകനാകുന്നു കരൺജിത് സിങ്.
∙ബ്ലാസ്റ്റേഴ്സിന്റെ ആദ്യമാറ്റം. ബെർബ പുറത്തേക്ക്. ബെർബറ്റോവിനു പകരം മലയാളി താരം കെ. പ്രശാന്ത് ഇറങ്ങുന്നു. (0–0)
∙ പെനൽറ്റി. ബാൽവിൻസണെ പരുക്കൻ കളിയിലൂടെ വീഴ്ത്തിയ ചെന്നൈയ്ക്കു തിരിച്ചടി. ബ്ലാസ്റ്റേഴ്സിന് പെനൽറ്റി. കിക്കെടുക്കുന്നു പെക്കൂസൺ. പക്ഷെ ദൗർഭാഗ്യവും കരൺ ജിത് സിങ്ങെന്ന ചെന്നൈ ഗോളിയുടെ മികവും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാകുന്നു. ഗോൾ വീഴുന്നില്ല.
∙ രണ്ടാം പകുതിക്കു തുടക്കം (0–0)
∙ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ്– ചെന്നൈയിൻ എഫ്സി പോരാട്ടത്തിന്റെ ആദ്യ പകുതി ഗോൾ രഹിതം. ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ ആക്രമണ ഫുട്ബോളിനാണ് ആദ്യപകുതി സാക്ഷ്യം വഹിച്ചത്. മലയാളി താരം സി.കെ. വിനീതിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോൾ പിറന്നില്ല. ബാൽവിൻസണും ബെർബയും വിനീതിനു പിന്തുണയുമായി നിറഞ്ഞപ്പോൾ ആദ്യ പകുതിയില്‍ തന്നെ ബ്ലാസ്റ്റേഴ്സ് ഗോൾ വീഴുമെന്നായിരുന്നു ആരാധക പ്രതീക്ഷ. പക്ഷെ. അതു കണ്ടില്ല. ചെന്നൈയിന്റെ ഭാഗത്തു നിന്നും കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടായിരുന്നില്ല. അവസാന മിനിറ്റിൽ ജെജെയ്ക്കു ലഭിച്ച സുവർണാവസരം പാഴായി. ആദ്യ പകുതിയിൽ സമനില ഫലം. പക്ഷെ ബ്ലാസ്റ്റേഴ്സിന് അതുപോര. രണ്ടാം പകുതിയിൽ കളി മാറിയേ പറ്റു. (0–0)
∙ 44–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിനെ ഞെട്ടിച്ച് ചെന്നൈയിന്റെ മുന്നേറ്റം. എന്നാൽ അവസരം പാഴാക്കിയ ജെജെയുടെ ഷോട്ട് പോസ്റ്റിന് സമീപത്തുകൂടെ പുറത്തേക്ക്. ആദ്യ പകുതി സമനിലയില്‍. (0–0)
∙ കേരളത്തിന്റെ പ്രതിരോധത്തെ മറികടന്ന് വീണ്ടും ചെന്നൈയിന്‍ മുന്നേറ്റം. പക്ഷെ ഗോൾ വീഴുന്നില്ല.
∙ 35 മിനിറ്റുകള്‍ പിന്നിടുമ്പോഴും ഗോളൊന്നും വീഴുന്നില്ല. ചെന്നൈയിൻ ആക്രമണം നിർജീവം. ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങളിൽ വിനീത് , ബാൽവിൻസൺ, ബെർബ കൂട്ടുകെട്ട്…. (0–0)
∙ വീണ്ടും ബെർബ. കോർണറെടുത്ത ജാക്കിയിൽ നിന്ന് പന്ത് ബെർബയിലേക്ക്. ബെര്ഡബയുടെ വോളി ചെന്നൈ താരത്തില്‍ തട്ടി പുറത്തേക്ക്. രണ്ടാം കോർണറിലും പന്ത് ബെർബയുടെ തലയിലേക്ക്. പക്ഷെ പന്ത് പുറത്തേക്കു പോകുന്നു. (0–0)
∙ചെന്നൈയിന്റെ ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ. പക്ഷെ എളുപ്പത്തിൽ തട്ടിയകറ്റുന്നു ബ്ലാസ്റ്റേഴ്സ് പ്രതിരോധം. പെക്കൂസണിന്റെ പാസിൽ നിന്ന് ബാൽവിൻസന്റെ ഷോട്ട്. ഒന്നും സംഭവിക്കുന്നില്ല. കരൺജിത് സിങ് പിടിച്ചെടുക്കുന്നു.
∙ വീണ്ടും സി.കെ. വിനീതിന്റെ ഷോട്ട്. ബെർബറ്റോവിന്റെ പാസ് എടുത്ത് സി.കെ. വിനീതിന്റെ തകർപ്പൻ ഷോട്ട്. ഗോളി പരാജയപ്പെട്ടെങ്കിലും പോസ്റ്റിൽ തട്ടി പന്തു പോകുന്നു. ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ. പ്രതിരോധ താരങ്ങൾളെ തടഞ്ഞു ബാൽവിൻസണും മുന്നേറ്റത്തിൽ തന്ത്രമൊരുക്കി. (0–0)
∙ ഗ്രൗണ്ടിൽ ബെർബ, ബാൽവിൻസൺ എന്നിവരുടെ സാന്നിധ്യം തീരെയില്ല. 20–മിനിറ്റുകൾ പിന്നിടുമ്പോഴും ഗോൾ വീഴുന്നില്ല. (0–0)
∙ 14–ാം മിനിറ്റിൽ പെക്കൂസൻറെ ഷോട്ട്. പക്ഷെ കരൺജിത് സിങ് തട്ടിയകറ്റുന്നു. റീബൗണ്ടിനായി സി.കെ. വിനീത് ശ്രമിച്ചെങ്കിലും പന്ത് നിയന്ത്രിക്കാനാകാതെ പരാജയപ്പെടുന്നു
∙ 11–ാം മിനിറ്റിൽ ജാക്കീചന്ദ് സിങ്ങിന്റെ ഒറ്റപ്പെട്ട പോരാട്ടം. ബോക്സിനു പുറത്തു നിന്നുള്ള നീളൻ ഷോട്ട് പോസ്റ്റിലേക്ക്. പക്ഷെ ചെന്നൈയിൻ ഗോൾകീപ്പർ പന്ത് കൈപ്പിടിയിലാക്കുന്നു. (0–0)
∙ മുന്നേറ്റത്തില്‍ സി.കെ. വിനീതിന്റെ നിരന്തര ആക്രമണങ്ങൾ. കേരള ബ്ലാസ്റ്റേഴ്സിന് തുടക്കത്തില്‍ മേധാവിത്വം.
∙ നാലാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായ കോർണര്‍. ജാക്കീചന്ദ് സിങ് എടുക്കുന്നു. പക്ഷെ കാര്യമായൊന്നും സംഭവിക്കുന്നില്ല. ചെന്നൈ താരങ്ങള്‍ പന്ത് തട്ടിയകറ്റുന്നു.
∙കേരള ബ്ലാസ്റ്റേഴ്സ് – ചെന്നൈയിൻ മൽസരത്തിന് കൊച്ചിയിൽ കിക്കോഫ്
സൂപ്പർതാരം ദിമിറ്റർ ബെർബറ്റോവിനെ ഉൾപ്പെടുത്തി ചെന്നൈയിൻ എഫ്‌സിക്കെതിരെ കളിക്കുന്ന കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. അരാത്ത ഇസൂമിക്കു പകരമാണ് ബെർബയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയത്. സസ്പെൻഷനെ തുടർന്ന് കഴിഞ്ഞ മൽസരം നഷ്ടമായ പ്രതിരോധനിരയിലെ വിശ്വസ്തൻ ലാൽറുവാത്താര ആദ്യ ഇലവനിൽ തിരിച്ചെത്തിയപ്പോൾ, മലയാളി താരം കെ.പ്രശാന്ത് പകരക്കാരുടെ ബെഞ്ചിലായി. മധ്യനിരതാരം പുൾഗയും ടീമിലില്ല. അതേസമയം, മലയാളി താരങ്ങളായ റിനോ ആന്റോ, സി.കെ. വിനീത് എന്നിവരും ആദ്യ ഇലവനിലുണ്ട്. പ്രശാന്തിനു പുറമെ മറ്റൊരു മലയാളി താരം സഹൽ അബ്ദുൽ സമദ് പകരക്കാരുടെ ബെഞ്ചിലും ഇടം നേടി. ചെന്നൈയിൻ എഫ്‌സി നിരയിലെ മലയാളി താരം മുഹമ്മദ് റാഫിയും പകരക്കാരുടെ ബെഞ്ചിലാണ്.
പോൾ റെച്ചൂബ്ക തന്നെ ഗോൾവല കാക്കുന്ന ബ്ലാസ്റ്റേഴ്സ് നിരയിൽ ക്യാപ്റ്റൻ സന്ദേശ് ജിങ്കാൻ, വെസ് ബ്രൗൺ, റിനോ ആന്റോ, ലാൽറുവാത്താര എന്നിവരാണ് പ്രതിരോധം കാക്കുന്നത്. മധ്യനിരയിൽ ജാക്കിചന്ദ് സിങ്, മിലൻ സിങ്, കറേജ് പെക്കൂസൻ, സി.കെ. വിനീത് എന്നിവർ അണിനിരക്കുമ്പോൾ മുന്നേറ്റത്തിൽ ബെർബറ്റോവിനൊപ്പം ഐസ്‌ലൻഡ് താരം ബാൾഡ്‌വിൻസൻ എത്തും.
നാലാം സീസണിൽ ലീഗ് ഘട്ടത്തിലെ അവസാന ഹോം മൽസരത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇന്ന് വിജയത്തിൽ കുറഞ്ഞതൊന്നും ആലോചിക്കാനേ സാധിക്കില്ല. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ വിജയം അനിവാര്യമായതിനാൽ മഞ്ഞപ്പടയുടെ തകർപ്പൻ പ്രകടനം കാണാമെന്ന പ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ. ഇന്നു വിജയിച്ചാൽ 17 മൽസരങ്ങളിൽനിന്ന് 27 പോയിന്റുമായി ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തേക്കു കയറാം. അതേസമയം, 28 പോയിന്റുള്ള ചെന്നൈയിൻ എഫ്‌സി അപ്പോഴും ബ്ലാസ്റ്റേഴ്സിനു തൊട്ടുമുന്നിൽ രണ്ടാം സ്ഥാനത്തു തുടരും. നിലവിൽ നാലാം സ്ഥാനത്തുള്ള ജംഷഡ്‌പുർ 25നു നടക്കുന്ന മൽസരത്തിൽ പോയിന്റ് പട്ടികയിൽ തലപ്പത്തുള്ള ബെംഗളൂരു എഫ്‌സിയോടു തോറ്റാൽ ബ്ലാസ്റ്റേഴ്സിന്റെ സാധ്യതകൾ വർധിക്കും. അങ്ങനെ വന്നാൽ അവസാന ലീഗ് മൽസരത്തിൽ ബെംഗളൂരുവിനെതിരെ കൂടുതൽ കരുത്തോടെ പൊരുതാൻ ബ്ലാസ്റ്റേഴ്സിനാകും.