Wednesday, April 24, 2024
HomeNationalജയലളിതയുടെ മരണം; അന്വേഷണവുമായി മുന്നോട്ട് പോകാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

ജയലളിതയുടെ മരണം; അന്വേഷണവുമായി മുന്നോട്ട് പോകാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അന്വേഷണവുമായി മുന്നോട്ട് പോകാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷന്‍ പിരിച്ചു വിടാന്‍ നിര്‍ദ്ദേശിക്കണമെന്ന അപ്പോളോ ആശുപത്രിയുടെ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.ജയലളിതയുടെ മരണകാരണത്തെ സംബന്ധിച്ച്‌ ചെന്നൈ അപ്പോളോ ആശുപത്രിക്ക് കൃത്യമായ കാരണം ബോധിപ്പിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ കേസില്‍അറുമുഖ സ്വാമി കമ്മീഷന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണം ആശുപത്രിയുടെ പേരിന് കളങ്കമുണ്ടാക്കിയതായും കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. എന്നാല്‍ കമ്മീഷനെ അപ്രസക്തമാക്കുന്ന തരത്തില്‍ തെളിവുകളൊന്നും ഹാജരാക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയാത്ത സാഹചര്യത്തില്‍ അറുമുഖ സ്വാമി കമ്മീഷന് അന്വേഷണം തുടരാമെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു.ജയലളിതയുടെ മരണത്തില്‍ തോഴി വി.കെ.ശശികല, ആരോഗ്യ സെക്രട്ടറി ജെ.രാധാകൃഷ്ണന്‍, മുന്‍ ചീഫ് സെക്രട്ടറി പി.രാമമോഹന റാവു എന്നിവര്‍ക്കും അപ്പോളോ ആശുപത്രിക്കുമെതിരെ ആരോപണങ്ങളുമായി ജസ്റ്റിസ് ആറുമുഖ സ്വാമി കമ്മീഷന്‍ രംഗത്ത് വന്നിരുന്നു. അപ്പോളോ ആശുപത്രി അധികൃതരും തമിഴ്നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ രാധാകൃഷ്ണനും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഫലമായി ജയലളിതയ്ക്ക് മോശം ചികിത്സയാണ് നല്‍കിയതെന്ന് അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു. ജയലളിത ചികിത്സയിലിരിക്കെ തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന രാമ മോഹന റാവുവിനെതിരേയും അന്വേഷണ കമ്മീഷന്‍ ആരോപണം ഉന്നയിക്കുന്നുണ്ട്. ജയലളിതയുടെ ചികിത്സയെക്കുറിച്ച്‌ രാമ മോഹന റാവു തെറ്റായ തെളിവുകള്‍ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥരുടെ ആരോപണം. കൂടാതെ ജയലളിതയെ വിദേശത്തേക്ക് ചികിത്സയ്ക്കായി കൊണ്ടുപോകുന്നതിനെ ചീഫ് സെക്രട്ടറി എതിര്‍ത്തുവെന്നും അന്വേഷണ കമ്മീഷന്‍ ആരോപിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments