ഫ്രാൻ‍സിൽ സൂപ്പർമാർക്കറ്റിൽ വെടിവയ്പ്; ഭീകരൻ കൊല്ലപ്പെട്ടു

france

സൂപ്പര്‍മാര്‍ക്കറ്റിലെത്തിയവരെ അക്രമി ബന്ദികളാക്കിയതിനെത്തുടര്‍ന്നു ജാഗ്രതാനിര്‍ദേശം. രാവിലെ പതിനൊന്നോടെ തെക്കന്‍ ഫ്രാന്‍സിലെ ഹെബ് നഗരത്തിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ തോക്കുധാരി അവിടെയുണ്ടായിരുന്നവരെ ബന്ദിയാക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു. എട്ടു പേരാണു നിലവില്‍ ബന്ദികളാക്കപ്പെട്ടിരിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. സംഭവത്തിന് അരമണിക്കൂര്‍ മുന്‍പു സമീപ നഗരത്തില്‍ നാലു പൊലീസുകാര്‍ക്കു നേരെ വെടിവയ്പുണ്ടായി. ഒരു പൊലീസുകാരനു വെടിയേറ്റിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ കയറിയ അക്രമിയാണോ ഇതിനു പിന്നിലെന്നു വ്യക്തമായിട്ടില്ല. കടയ്ക്കുള്ളില്‍നിന്നു വെടിവയ്പ് ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറയുന്നു. പൊലീസും സുരക്ഷാസേനയും എത്തിയിട്ടുണ്ട്. ഇതിന്റെ ചിത്രങ്ങളും പലരും ട്വീറ്റ് ചെയ്തു. അതേസമയം, മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചതായും ബന്ദികളെ മോചിപ്പിക്കാന്‍ ശ്രമം തുടങ്ങിയെന്നും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.