തലസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട;3 കോടി രൂപയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

excise

13 കോടി രൂപയുടെ ഹാഷിഷ് ഓയിലുമായി സംഘം പിടിയില്‍. ഇടുക്കി സ്വദേശികളായ അനില്‍ കുമാര്‍, ബാബു, തിരുവനന്തപുരത്തുകാരായ ഷാജന്‍, ഷെഫീഖ്, ആന്ധ്രാ സ്വദേശി റാം ബാബു എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരത്ത് ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്ത് കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച്‌ വെച്ച നിലയിലാണ് മയക്ക് മരുന്ന് കണ്ടെടുത്തത്. മാലിയിലേക്ക് കടത്താനായിരുന്നു നീക്കം.എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയായിരുന്നു തലസ്ഥാനത്തെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. ആക്കുളം കേന്ദ്രീയ വിദ്യാലയത്തിനു സമീപത്തുനിന്നാണ് ഇന്നോവ കാറിന്റെ ഡോര്‍ പാനലില്‍ ഒളിപ്പിച്ച നിലയില്‍ 13 .5 കിലോ ഹാഷിഷ് ഓയില്‍ പിടിച്ചത്. ഇവരില്‍ നിന്നും എട്ടു ലക്ഷത്തിനാല്‍പ്പതിനായിരം രൂപയും കണ്ടെടുത്തു.തിരുവനന്തപുരം സർക്കിൾ ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ ജി. കൃഷ്ണ കുമാർ കഴക്കൂട്ടം എക്‌സൈസ് ഇൻസ്‌പെക്ടർ പ്രദീപ്‌ റാവു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ മുകേഷ്‌കുമാർ പ്രിവന്റീവ് ഓഫീസർ മാരായ ദീപു കുട്ടൻ, സന്തോഷ്‌ കുമാർ, സുനിൽ രാജ്, ബൈജു സിവിൽ എക്‌സൈസ് ഓഫീസർമാരായ ശിവൻ, കൃഷ്ണ പ്രസാദ്, ജസീം, സുബിൻ, അരുൺകുമാർ, ഷാജി കുമാർ, സനൽ, പ്രവീൺ എന്നിവരടങ്ങിയ ടീമാണ് മയക്കുമരുന്ന് വേട്ടയിൽ പങ്കെടുത്തത്.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തേക്കുള്ള ലഹരി കടത്തു തടയാന്‍ കർശന പരിശോധന ആരംഭിച്ചെന്ന് എക്‌സൈസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.