വോട്ടിംഗ് മെഷീനുകള്‍ തകരാറിൽ;വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

വോട്ടിംഗ് മെഷീനുകള്‍ തകരാറിലായി എന്ന പരാതിയില്‍ വിശദീകരണവുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത് . സംസ്ഥാനത്ത് ഒരു ശതമാനം വോട്ടിംഗ് മെഷീനുകള്‍ മാത്രമാണ് തകരാറിലായതെന്ന് മീണ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഇതില്‍ കൂടുതല്‍ മെഷീനുകള്‍ തകരാറിലായിട്ടുണ്ട്. വോട്ട് ചെയ്യാന്‍ പറ്റുന്നില്ലെന്ന തകരാര്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ചിഹ്നം മാറി വോട്ട് പോയെന്ന ആക്ഷേപം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.മറ്റൊരു പാര്‍ട്ടിക്ക് വോട്ട് പോയിട്ടില്ല. തെറ്റായ പ്രചരണമാണ് നടക്കുന്നത്. അത് കൊണ്ടാണ് കേസ് കൊടുത്തതെന്നും മീണ കൂട്ടിച്ചേര്‍ത്തു. കേസെടുത്തത് സംബന്ധിച്ച് പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയോട് പ്രതികരിക്കാനില്ല. നിയമം ശരിയല്ലെങ്കില്‍ അത് മാറ്റാം. പക്ഷേ കമ്മീഷന് നിയമം പാലിച്ചേ മതിയാകൂ എന്നും മീണ പറഞ്ഞു. ആറ് മണിക്ക് മുമ്പ് ക്യൂവില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മീണ കൂട്ടിച്ചേര്‍ത്തു.