ഇന്ധന വില ഇനിയും വര്‍ധിക്കുമെന്ന് സൂചന

petrol

യുഎസ് ഉപരോധ ഭീഷണിയെത്തുടര്‍ന്ന് ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇന്ത്യ നിര്‍ത്തലാക്കി. മേയ് ആദ്യത്തോടെ ഇറാനില്‍നിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യില്ലെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. ഇറാനില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന എണ്ണയ്ക്ക് പകരമായി സൗദി, കുവൈറ്റ്, യുഎഇ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യാനാണ് ഇന്ത്യയുടെ പദ്ധതി.

ഇറാനില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്ക് നീട്ടി നല്‍കിയ ഇളവ് ഒഴിവാക്കാന്‍ യുഎസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, തായ്വാന്‍, തുര്‍ക്കി, ഇറ്റലി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത്.
ചൈന കഴിഞ്ഞാല്‍ ഇന്ത്യയാണ് ഇറാനില്‍നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 24 ദശലക്ഷം ടണ്‍ ക്രൂഡ് ഓയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ഇറാനില്‍ നിന്ന് ഇറക്കുമതി നിര്‍ത്തിയാലും റിഫൈനറികള്‍ക്ക് മതിയായ ക്രൂഡ് ഓയില്‍ നല്‍കുമെന്നും ഇന്ധനക്ഷാമമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു. വില 0.6 ശതമാനം വര്‍ധിച്ച്‌ ബാരലിന് 74.46 ഡോളറായി. കഴിഞ്ഞ ആറു മാസത്തിനിടെയുള്ള ഉയര്‍ന്ന വിലയാണിത്. ഇറക്കുമതി നിര്‍ത്തലാക്കിയാല്‍ രാജ്യത്തെ ഇന്ധന വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. സൗദി അറേബ്യ കഴിഞ്ഞാല്‍ ഇന്ധനത്തിനായി ഇന്ത്യ കൂടുതല്‍ ആശ്രയിച്ചിരുന്നതും ഇറാനെയായിരുന്നു.