നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരം ഈ വര്‍ഷമില്ല; വിദ്യാര്‍ഥികള്‍ക്ക് നിരാശ

മേരിലാന്റ് : വിജയ പ്രതീക്ഷകളുമായി ഫൈനല്‍ മത്സരത്തിന് അര്‍ഹത നേടിയ നിരവധി ഇന്ത്യന്‍ അമേരിക്കന്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ഥികളെ നിരാശയിലാഴ്ത്തി ഈ വര്‍ഷം നടക്കേണ്ടിയിരുന്ന സ്ക്രിപ്‌സ് നാഷണല്‍ സ്‌പെല്ലിംഗ് ബി മത്സരം നടത്തേണ്ടതില്ലെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മേരിലാന്റ് നാഷണല്‍ ഹാര്‍ബറില്‍ മേയ് 24ന് മത്സരങ്ങള്‍ ഉണ്ടായിരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഏപ്രില്‍ 21 നാണ് മത്സരം വേണ്ടെന്ന് വെച്ചതും അടുത്ത വര്‍ഷം നടത്തുന്നതിനുമുള്ള തീരുമാനം പ്രഖ്യാപിച്ചത്.

മത്സരത്തില്‍ പങ്കെടുക്കുന്നവരുടേയും കുടുംബാംഗങ്ങളുടേയും ആരോഗ്യം സംരക്ഷിക്കേണ്ടതിനുള്ള ഉത്തരവാദിത്വം കോവിഡ് 19 മഹാമാരി വ്യാപകമായതിനെ തുടര്‍ന്ന് നിറവേറ്റുവാന്‍ കഴിയുകയില്ല എന്ന് ആശങ്കയാണ് മത്സരം വേണ്ടെന്ന് വെക്കാന്‍ കാരണമെന്ന് സ്ക്രിപ്‌സ കമ്പനി അധികൃതര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ വിജയിക്കുന്നതിനുള്ള കഠിന പരിശീലനം നടത്തിവരുന്നതിനിടയില്‍ ഇങ്ങനെ ഒരു തീരുമാനം സ്വീകരിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരവും കുട്ടികളെ നിരാശപ്പെടുത്തുന്നതുമാണെന്നും അധികൃതര്‍ സമ്മതിച്ചു.

സംസ്ഥാന തലത്തിലുള്ള ജിയൊ ബി മത്സരങ്ങളും റദ്ദാക്കി. അടുത്ത വര്‍ഷത്തെ മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഈ വര്‍ഷാവസാനം അറിയിക്കുമെന്നും അധികൃതര്‍ പറഞ്ഞു.