കോവിഡ്: സഹായ ഹസ്തവുമായി ഇല്ലിനോയ് ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍

ഇല്ലിനോയ് : കോവിഡ് വ്യാപനം അതിര്‍വരമ്പുകളില്ലാതെ ജനങ്ങള്‍ക്ക് ദുരിതം വിതച്ച് മുന്നേറുമ്പോള്‍, ഈ ദുരന്തത്തില്‍ ക്രിയാത്മകമായി പങ്കുവഹിക്കുക എന്ന ഉത്തരവാദിത്വം ഏറ്റെടുത്ത് ഇല്ലിനോയ് നാപ്പര്‍ വില്ലയിലെ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ടെലികോണ്‍ഫറന്‍സുകളിലും പ്രസ്താവനകളിലും മാത്രം ഒതുങ്ങി നില്‍ക്കാതെ മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ ചില സംഘടനകളും വ്യക്തികളും മുന്നോട്ടു വന്ന മാതൃക പിന്തുടരുകയാണ് നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനായ കളേഴ്‌സ് ഫോര്‍ ചെയ്ഞ്ച് എന്ന ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അനേസ്യ ആചാര്യയുടെ ശ്രമഫലമായി രൂപം കൊണ്ട സംഘടന.

വിദ്യാലയങ്ങളിലും ആശുപത്രികളിലും അനാഥമന്ദിരങ്ങളിലും അവര്‍ക്കാവശ്യമായ സാധനങ്ങള്‍ ശേഖരിച്ച് എത്തിക്കുന്ന ദൗത്യമായിരുന്നു ആദ്യ സംഘടന ഏറ്റെടുത്തിരുന്നത്. എന്നാല്‍ മഹാമാരി വന്നതോടെ അതില്‍ നിന്നും അല്‍പം വ്യതിചലിച്ചു ഭക്ഷണ പദാര്‍ഥങ്ങള്‍, സാനിറ്റൈസേഴ്‌സ്, പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുമെന്റ് എന്നിവ ശേഖരിച്ചു വിതരണം ചെയ്യുകയാണ് കളേഴ്‌സ് ഫോര്‍ ചെയ്ഞ്ച് എന്ന സംഘടന. ജനങ്ങളില്‍ നിന്നും നല്ല സഹകരണമാണ് ലഭിക്കുന്നതെന്ന് സംഘടനയുടെ സംഘാടകര്‍ അറിയിച്ചു. പ്രകൃതി സംരക്ഷണത്തിനും സംഘടന മുന്‍ഗണന നല്‍കുന്നുണ്ട്.