ലൈസെന്‍സില്ലാതെ തോക്ക് കൈവശം വെക്കാവുന്ന നിയമം ടെക്‌സസ് സെനറ്റില്‍ പാസാകില്ലെന്ന് ലഫ്. ഗവര്‍ണര്‍

ഓസ്റ്റിന്‍ : ലൈസെന്‍സ് ഇല്ലാതെ തോക്കുകൈവശം വയ്ക്കാവുന്ന നിയമം ടെക്‌സസ് നിയമസഭ പാസ്സാക്കിയിട്ടുണ്ടെങ്കിലും, ടെക്‌സസ് സെനറ്റില്‍ പാസാക്കുവാന്‍ കഴികയില്ലെന്ന് ടെക്‌സസ് ലഫ്. ഗവര്‍ണര്‍ ഡാന്‍ പാട്രിക്. 
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബില്‍ ചര്‍ച്ചക്കുശേഷം സെനറ്റിന്റെ അംഗീകാരത്തിനായി അയച്ചത്. വ്യാഴാഴ്ച 56 നെതിരെ 84 വോട്ടുകള്‍ക്ക് നിയമസഭ ബില്‍ അംഗീകരിച്ചിരുന്നു. ടെക്‌സസ് സെനറ്റില്‍ ബില്‍ പാസ്സാക്കുന്നതിനാവശ്യമായ വോട്ട് ലഭിക്കുകയില്ലെന്ന് തിങ്കളാഴ്ച (ഏപ്രില്‍ 19)  ലഫ്. ഗവര്‍ണര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വോട്ടു ലഭിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ ബില്‍ ഞാന്‍ സെനറ്റില്‍ അവതരിപ്പിക്കും – പാട്രിക് കൂട്ടിചേര്‍ത്തു. മുപ്പത്തിഒന്ന് സെനറ്റ് അംഗങ്ങളില്‍ 18 പേരുടെ പിന്തുണ ബില്‍ പാസ്സാക്കണമെങ്കില്‍ ആവശ്യമുണ്ട്. നിലവില്‍ റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ എണ്ണം പതിനെട്ടാണ്. ഇവരെല്ലാവരും ബില്ലിനെ അനുകൂലിച്ചെങ്കില്‍ മാത്രമേ ബില്‍ ചര്‍ച്ചക്ക് എടുക്കുകയുള്ളൂവെന്നും ഡാന്‍ പാട്രിക് പറഞ്ഞു.
പെര്‍മിറ്റില്ലാതെ തോക്ക് ഉപയോഗിക്കുന്നതിനെ എതിര്‍ക്കുന്ന നിയമ പാലകരുമായും, നാഷനല്‍ റൈഫിള്‍ അസോസിയേഷനും, ഗണ്‍ ഓണേഴ്‌സ് അസോസിയേഷനുമായി ചര്‍ച്ച ചെയ്തു ബില്‍ പാസാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഡാന്‍ പാട്രിക് പറയുന്നു.അമറില്ലൊയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ കെല്‍ സെലിഗര്‍ ഇതിനകം തന്നെ ബില്ലിനെ പിന്തുണക്കുകയില്ലെന്ന് പ്രസ്താവനയിറക്കിയിട്ടുണ്ട്.
അമേരിക്കയില്‍ വെടിവെപ്പു സംഭവങ്ങള്‍ ദൈനംദിനം വര്‍ധിച്ചുവരുന്നതിനിടയില്‍ സ്വയ രക്ഷക്ക് ഹാന്‍ഡ് ഗണ്‍ കൈവശം കരുതേണ്ടതുണ്ടെന്നാണ് അനുകൂലമായി വാദിക്കുന്നവര്‍ ഉന്നയിക്കുന്ന പ്രധാന വാദമുഖം.