കോവിഡ് വ്യാപനം: ബോധവല്‍ക്കരണവും നിയമനടപടികളുമായി പോലീസ്

Computer image of a coronavirus

കോവിഡിന്റെ രണ്ടാംവരവ് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍, കോവിഡ് പ്രോട്ടോകോള്‍ നിബന്ധനകളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിച്ചും,  ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചും പോലീസ്. 20 ന് തുടങ്ങിയ കോവിഡ് ബോധവല്‍ക്കരണ കാമ്പയിന്‍ ജില്ലയില്‍ വെള്ളിയാഴ്ചയും തുടര്‍ന്നു. അഡിഷണല്‍ എസ്പി ആര്‍.രാജന്റെ നേതൃത്വത്തില്‍  ഡിവൈഎസ്പിമാര്‍, പോലീസ് ഇന്‍സ്പെക്ടര്‍മാര്‍, എസ്‌ഐമാര്‍ തുടങ്ങി പോലീസ് സ്റ്റേഷനുകളിലെയും, വിവിധ യൂണിറ്റുകളിലെയും ഭൂരിപക്ഷം ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് ഈ പ്രവര്‍ത്തനം  നടത്തുന്നതെന്ന് ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി  അറിയിച്ചു.
ജില്ലയിലെ പോലീസിനെ പൂര്‍ണമായും പ്രയോജനപ്പെടുത്തി ഇതുമായി ബന്ധപ്പെട്ട ഡ്യൂട്ടികള്‍ തുടരും. തുടര്‍ന്നുവരുന്ന രാത്രികാല നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതിന് പോലീസ് പരിശോധന ഊര്‍ജിതമാക്കി. രാത്രി ഒന്‍പതു മുതല്‍ രാവിലെ അഞ്ചു വരെ അടിയന്തിര ആവശ്യങ്ങള്‍ക്കല്ലാതെ ആരും പുറത്തിറങ്ങരുത്. മരുന്ന്, പാല്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ വാങ്ങാനും, നോമ്പുതുറയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കും ഇളവുണ്ട്. അവശ്യസേവനങ്ങള്‍ക്ക് തടസമുണ്ടാവില്ല. സമയപരിധിക്കു ശേഷം തുറന്ന് വയ്ക്കുന്ന കടകള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും, അനാവശ്യമായി കറങ്ങിനടക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകും.
     കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് 20 ന് ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചത്. മാസ്‌ക് ധരിക്കാത്തവരെയും, കൃത്യമായി ധരിക്കാതെ പുറത്തിറങ്ങിയവരെയും, സാമൂഹിക അകലം പാലിക്കാത്തവരെയും, പൊതുഇടങ്ങളിലും വ്യാപാരസ്ഥാപങ്ങളിലും സാനിറ്റൈസറോ ഹാന്‍ഡ്വാഷോ ലഭ്യമാക്കാത്തവരെയും പോലീസിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണത്തിലൂടെ അപകടം പറഞ്ഞു മനസിലാക്കികൊടുത്തു. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷന്‍ പരിധികളിലെ പ്രധാന സ്ഥലങ്ങളില്‍,  തിരക്കേറിയ സമയങ്ങളില്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആളുകളെ ബോധവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരികയാണ്. പ്രോട്ടോകോള്‍ ലംഘനം നടത്തുന്നവര്‍ക്ക് ഉപദേശവും ശാസനയും നല്‍കുകയും പേര് ഉള്‍പ്പെടെയുള്ള വിശദാംശം ശേഖരിക്കുകയും ചെയ്തുവരുന്നു.
പോലീസിനോട് ജനങ്ങള്‍ നന്നായി പ്രതികരിക്കുന്നുണ്ടെന്നും, വരും ദിവസങ്ങളിലും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും, ലംഘനങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നിയമനടപടി തുടരുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.
മാസ്‌ക് ധരിക്കാത്തതിനും, സാമൂഹിക അകലം പാലിക്കാത്തതിനും കേസ് എടുത്തു.
    ഈമാസം 20 മുതല്‍ 22 വരെ ജില്ലയില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ക്ക് 174 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 172 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മൂന്ന്  വ്യാപാരസ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. ഈ ദിവസങ്ങളില്‍ ആകെ 4123 പേര്‍ക്കെതിരെ  മാസ്‌ക് ധരിക്കാത്തതിന് കേസ് എടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 2382 പേര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യുകയും, വീടുകളില്‍ ക്വാറന്റൈനില്‍ കഴിഞ്ഞുവന്ന മൂന്ന് പേര്‍ അത് ലംഘിച്ചതിന് കേസ് എടുക്കുകയും ചെയ്തു.
 
ശനി, ഞായര്‍ ദിവസങ്ങളില്‍ കര്‍ശനനിയന്ത്രണം
ശനി, ഞായര്‍ ദിവസങ്ങളില്‍ ആവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ എന്നും, കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്നും ജില്ലാപോലീസ് മേധാവി ആര്‍. നിശാന്തിനി അറിയിച്ചു. സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് നിരീക്ഷണം ശക്തമാക്കും. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹ, ഗൃഹപ്രവേശ ചടങ്ങുകളില്‍ പരമാവധി 75 പേരെ  അനുവദിക്കും. ഭക്ഷണസാധനങ്ങള്‍, പച്ചക്കറി, പഴം, പാല്‍, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന ഏറ്റവും അടുത്തുള്ള കടകളില്‍ നിന്നും വാങ്ങുന്നതിനും ഇത്തരം കടകള്‍ പ്രവര്‍ത്തിക്കുന്നതിനും ഈദിവസങ്ങളില്‍ അനുമതിയുണ്ട്, വീടുകളില്‍ നിന്ന് ആളുകള്‍ പുറത്തുപോകുന്നത് ഒഴിവാക്കുന്നതിന് റസ്റ്റോറന്റുകളില്‍ പാഴ്‌സലുകളും ഹോം ഡെലിവറിയും മാത്രം അനുവദിക്കും. ആളുകള്‍ക്ക് അവശ്യ യാത്രകള്‍ ചെയ്യാം, ആവശ്യമായ രേഖ കൈയില്‍ കരുതേണ്ടതാണ്. സ്വകാര്യ ടാക്‌സികള്‍ തടയില്ല. പക്ഷേ, യാത്രാരേഖകള്‍ കാണിക്കേണ്ടതാണ്.
ട്യൂഷന്‍ സെന്ററുകള്‍ പോലെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കില്ല. നോമ്പുകാര്‍ക്ക്   പ്രാര്‍ഥനയും മറ്റും നടത്തുന്നതിന് രാത്രി ഒന്‍പതിനു ശേഷം പ്രോട്ടോകോള്‍ അനുസരിച്ച് അനുമതിയുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ രാത്രി 7.30 ന് ശേഷം കടകള്‍ അടയ്ക്കുന്നെന്ന് ഉറപ്പുവരുത്തും. ജോലിക്കു പോകുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യ യാത്രക്കാര്‍, രോഗികള്‍, അവരുടെ സഹായികള്‍, വാക്‌സിന്‍ എടുക്കാന്‍ പോകുന്നവര്‍ എന്നിവര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം.