കശ്മീരിലെ നൗഷേരയിൽ പാക്ക് സൈനിക പോസ്റ്റുകൾ തകർക്കുന്ന ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു. ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായുള്ള സൈനിക നടപടിയുടെ ഭാഗമായായിരുന്നു ആക്രമണം. അതിർത്തിയിൽ തുടർച്ചയായി പ്രകോപനങ്ങൾ സൃഷ്ടിക്കുകയും ഭീകരരെ ഇന്ത്യയിലേക്കു കയറ്റിവിടാൻ സഹായിക്കുകയും ചെയ്യുന്ന പാക്ക് സൈന്യത്തിന് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സൈനികരുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിലേക്കു നുഴഞ്ഞുകയറ്റം പ്രോൽസാഹിപ്പിക്കുന്ന പാക്ക് പോസ്റ്റുകൾക്കുനേരെയാണ് സൈന്യം ആക്രമണം നടത്തിയതെന്നു മേജർ ജനറൽ അശോക് നാരുല പറഞ്ഞു. ജമ്മു കശ്മീരിൽ സമാധാനം തിരികെകൊണ്ടുവരാനുള്ള ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാഗമായാണു സൈനിക നടപടിയെന്നു സേന വിശദീകരിച്ചു.