കേരളത്തില്‍ കരുത്താര്‍ജിച്ച് യുഡിഎഫ്; കിതച്ചുവീണ് എല്‍ഡിഎഫ്

congress

ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ കരുത്താര്‍ജിച്ച് യുഡിഎഫ്; കിതച്ചുവീണ് എല്‍ഡിഎഫ്. ബിജെപി പരാജയത്തിന്റെ കയ്പുനീർ നുണഞ്ഞു. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ജനം വിധിയെഴുതിയത് യുഡിഎഫിന് അനുകൂലമായി.

യുഡിഎഫ് 12 സീറ്റില്‍നിന്ന് 19 സീറ്റിലേക്ക് ഉയര്‍ന്നു മികച്ച വിജയം നേടി. ഉറച്ച വിജയം പ്രതീക്ഷിച്ച പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ മണ്ഡലങ്ങളില്‍ സിപിഎം കനത്ത പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ഥികളായി സിപിഎം പിന്തുണയോടെ മത്സരിച്ച ഇന്നസന്റ് ചാലക്കുടിയിലും ജോയ്സ് ജോര്‍ജ് ഇടുക്കിയിലും പരാജയപ്പെട്ടു.

പൊന്നാനിയില്‍ മത്സരിച്ച നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വറിനും കനത്ത പരാജയമുണ്ടായി.പെരിയ കൊലപാതകത്തിലൂടെ രാഷ്ട്രീയ ചിത്രം മാറിയ കാസർകോട് രാജ്മോഹന്‍ ഉണ്ണിത്താനിലൂടെ കോണ്‍ഗ്രസ് പിടിച്ചെടുത്തു. 1984ലെ തിരഞ്ഞെടുപ്പിനുശേഷം ആദ്യമായാണു കോണ്‍ഗ്രസ് ഈ മണ്ഡലത്തില്‍ വിജയിക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനെതിരെ കെ.മുരളീധരന്‍ മികച്ച വിജയം നേടി. പി.കെ.ശ്രീമതിക്കെതിരെ കെ.സുധാകരന്‍ വിജയിച്ചത് സിപിഎമ്മിനു ക്ഷീണമായി. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് സിപിഎം രണ്ടാം സ്ഥാനത്തായതു കൂടുതല്‍ ക്ഷീണമായി.

ആലപ്പുഴയില്‍ മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസ വിജയം നേടാനായത്.നാലു സീറ്റുകളില്‍ മത്സരിച്ച സിപിഐക്ക് ഒരു സീറ്റില്‍പോലും വിജയിക്കാനായില്ല. സിറ്റിങ് സീറ്റായ തൃശൂര്‍ നഷ്ടമായി. തിരുവനന്തപുരത്ത് മത്സരിച്ച മുതിര്‍ന്ന നേതാവ് സി. ദിവാകരന്‍ ബിജെപിക്കു പിന്നില്‍ മൂന്നാം സ്ഥാനത്തായി. വയനാട്ടില്‍ സിപിഐ സ്ഥാനാര്‍ഥിക്കെതിരെ രാഹുല്‍ ഗാന്ധി മൂന്നുലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം നേടി.കേന്ദ്രത്തില്‍ നിറംമങ്ങിയ കോണ്‍ഗ്രസിനു കേരളത്തിലെ വിജയം നല്‍കുന്ന ആശ്വാസം ചെറുതല്ല. കേരളത്തിലെ നേതൃത്വത്തിനാകട്ടെ വിജയപാതയിലേക്കുള്ള മടങ്ങിവരവാണ് ഈ തിരഞ്ഞെടുപ്പ്.

ബിജെപിയുടെ വളര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ എന്നു കേരളത്തിലെ ഭൂരിഭാഗം വോട്ടര്‍മാരും ചിന്തിച്ചതിന്റെ ഫലമാണു വിജയം. ഇതില്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ വലുതാണെന്നു നേതൃത്വം കരുതുന്നു. ബിജെപി അധികാരത്തില്‍ വരുന്നത് തടയാന്‍ ന്യൂനപക്ഷ വിഭാഗം ശ്രമിച്ചതിന്റെ ഗുണം യുഡിഎഫിനു ലഭിച്ചു.

ഭൂരിപക്ഷ വിഭാഗത്തില്‍നിന്നുള്ള വോട്ടുകള്‍ വിഭജിച്ചതും യുഡിഎഫിനു ഗുണകരമായി. മറുവശത്ത്, എല്‍ഡിഎഫിനു സ്ഥിരമായി ലഭിച്ചിരുന്ന വോട്ടുകളും തരംഗത്തിനിടെ ചോര്‍ന്നു.ദേശീയ സാഹചര്യങ്ങള്‍ വിലയിരുത്തിയാണു ജനം യുഡിഎഫിനു വോട്ടു ചെയ്തതെന്നാണ് സിപിഎം ആവകാശപ്പെടുന്നതെങ്കിലും സര്‍ക്കാര്‍ നയങ്ങളും എല്‍ഡിഎഫിനു തിരിച്ചടിയായെന്നാണു യുഡിഎഫ് വിലയിരുത്തല്‍. പ്രളയകാലത്തെ വീഴ്ചകളും ശബരിമലയിലെ യുവതീപ്രവേശനത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളുമെല്ലാം വീഴ്ചയ്ക്കു കാരണമായി.

ശബരിമല വിഷയത്തിലെ എന്‍എസ്എസ് നിലപാട് യുഡിഎഫിന് അനുകൂലമായെന്ന വിലയിരുത്തലുമുണ്ട്. ഇതോടെ 20 സീറ്റെന്ന യുഡിഎഫ് നേതൃത്വത്തിന്റെ അവകാശവാദം ലക്ഷ്യത്തിലേക്കടുത്തു. രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിച്ചതു ഗുണകരമായെന്നു നേതൃത്വം ഒന്നടങ്കം പറയുന്നു. രാഹുല്‍ എത്തിയതോടെ വടക്കന്‍കേരളത്തിലെ എല്‍ഡിഎഫ് കോട്ടകളില്‍പോലും വലിയ മുന്നേറ്റം സാധ്യമായെന്നാണ് അവകാശവാദം.കാസർകോട്ടെ പെരിയയില്‍ 2 യുവാക്കള്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിഞ്ഞതു യുഡിഎഫിനു നേട്ടമായെന്നാണു തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

കാസർകോട്ട് സിപിഎമ്മിന്റെ കുത്തകയായിരുന്ന സീറ്റ് നഷ്ടപ്പെടാനും കണ്ണൂരും വടകരയും നഷ്ടപ്പെടാനും കാരണം സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിഞ്ഞതാണെന്നു യുഡിഎഫ് ആരോപിക്കുന്നു. ഇതില്‍ പി.ജയരാജന്റെ തോല്‍വി യുഡിഎഫിനു മധുരപ്രതികാരവും സിപിഎമ്മിനു ക്ഷീണവുമായി.യുഡിഎഫില്‍ ജനങ്ങള്‍ വലിയ പ്രതീക്ഷയര്‍പ്പിക്കുന്നതായാണു വര്‍ധിച്ച ഭൂരിപക്ഷം തെളിയിക്കുന്നത്. 9 സ്ഥലങ്ങളില്‍ ഭൂരിപക്ഷം 1 ലക്ഷം കടന്നു. വയനാട്ടില്‍ ഭൂരിപക്ഷം 3.5 ലക്ഷവും മലപ്പുറത്ത് 2.5 ലക്ഷവും കടന്നു.

കാസർകോടും ആറ്റിങ്ങലും പാലക്കാടും ഒഴികെ മറ്റിടങ്ങളിലെല്ലാം ഭൂരിപക്ഷം അരലക്ഷം കഴിഞ്ഞു. ഇടതുമുന്നണി വന്‍ വിജയം നേടിയ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം യുഡിഎഫിന് അനുകൂല വിധി എത്തിയത് തദ്ദേശ, ഉപതിരഞ്ഞെടുപ്പുകള്‍ നേരിടാന്‍ മുന്നണിക്കു കൂടുതല്‍ ആത്മവിശ്വാസം നല്‍കും.