Friday, March 29, 2024
HomeKeralaഡെങ്കി വൈറസിന്റെ വാഹകരായ ഈഡിസ് കൊതുകുകളുടെ പ്രജനനം വര്‍ധിക്കാന്‍ കാരണം

ഡെങ്കി വൈറസിന്റെ വാഹകരായ ഈഡിസ് കൊതുകുകളുടെ പ്രജനനം വര്‍ധിക്കാന്‍ കാരണം

ഡെങ്കിപ്പനി വ്യാപിക്കാന്‍ കാരണം കാലാവസ്ഥാവ്യതിയാനവും നഗരവല്‍ക്കരണവും. വേനല്‍മഴക്ക് തുടര്‍ച്ചയായി ശക്തമായ കാലവര്‍ഷമുണ്ടാകാത്തത് ഡെങ്കി വൈറസിന്റെ വാഹകരായ ഈഡിസ് കൊതുകുകളുടെ പ്രജനനം വര്‍ധിക്കാന്‍ കാരണമായെന്ന് ശാസ്ത്രജ്ഞനും ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സയന്‍സസ് ഡയറക്ടറുമായ ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്ത് പറഞ്ഞു.

നേരത്തെ സര്‍വേയുടെ അടിസ്ഥാനത്തില്‍ പഠനം നടത്തിയിരുന്നു. തുടര്‍ച്ചയായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോള്‍ കൊതുകുകളുടെ പ്രജനനം കുറയും. എന്നാല്‍, രണ്ടു വര്‍ഷമായി ഈ സ്ഥിതിയില്ലാത്തത് ഡെങ്കിപ്പനി വര്‍ധിക്കാന്‍ കാരണമായി. അന്തരീക്ഷ ഊഷ്മാവിലുണ്ടായ വ്യതിയാനങ്ങളും ഈഡിസ് കൊതുകിന് അനുകൂല സാഹചര്യമുണ്ടാക്കി.

കൃഷിയില്ലാതായത് കൊതുകുകള്‍ക്ക് പ്രജനനത്തിന് അനുകൂലമായി. ജീവിതശൈലിയിലുണ്ടായ മാറ്റം നമ്മുടെ രോഗപ്രതിരോധശേഷി കുറച്ചു. ഗ്രാമങ്ങള്‍ ഇല്ലാതാകുകയും ടൌണ്‍ഷിപ്പുകള്‍ ഉയര്‍ന്നുവരികയും ചെയ്തത് മാലിന്യത്തിന്റെ അളവ് വര്‍ധിപ്പിച്ചു. ഈഡിസ് കൊതുകുകള്‍ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തില്‍ മാത്രമാണ് മുട്ടയിടുക. ഐസ്ക്രിം കപ്പിലോ സ്പൂണിലോ മിഠായിക്കടലാസിലോ ഉള്ള വെള്ളം മതി ഇവയ്ക്ക് പ്രജനനത്തിന്.

രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി നടത്തിയ പഠനത്തില്‍ മാരകമായ ഡെങ്കി ഹെമോറോജിക്ക് ഫീവര്‍ എന്ന അവസ്ഥ കേരളത്തില്‍ കാണപ്പെടുന്നില്ലെന്നു തെളിഞ്ഞു. ഇപ്പോള്‍ ഡെങ്കിപ്പനി വന്ന് മരിക്കുന്നവരെല്ലാം അസുഖത്തിന്റെ തീവ്രതകൊണ്ട് മരിക്കുന്നതല്ല. കൃത്യമായ ചികിത്സ തേടാതിരിക്കുന്നതും സ്വയംചികിത്സയുമാണ് മരണകാരണം.

ഡെങ്കിപ്പനിയുടെ കാരണങ്ങളെയും ഈഡിസ് കൊതുകുകളെപ്പറ്റിയും ഗൌരവപഠനം നടന്നിട്ടില്ല. കമ്യൂണിറ്റി സര്‍വേയിലൂടെയും മറ്റുമുള്ള പഠനങ്ങളിലൂടെ ഇത്തരം കാര്യങ്ങള്‍ മനസിലാക്കുന്നത് രോഗപ്രതിരോധത്തെ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments