സൈബർ ആക്രമണം; ഇറാന്റെ റോക്കറ്റ്, മിസൈല്‍ ലോഞ്ചറുകള്‍ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനത്തിന് നേര്‍ക്ക്

hacker

അത്യാധുനിക ആളില്ലാ ചാര വിമാനം വെടിവച്ചിട്ടതിന് പിറകേ ഇറാനെ ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഉടന്‍ തന്നെ അത് പിന്‍വലിക്കുകയും ചെയ്തു. ഇറാന് മറുപടിയായി ഇപ്പോള്‍ സൈബര്‍ ആക്രമണം ആണ് അമേരിക്ക നടത്തിയിരിക്കുന്നത്.

ഇറാന്റെ റോക്കറ്റ്, മിസൈല്‍ ലോഞ്ചറുകള്‍ നിയന്ത്രിക്കുന്ന കംപ്യൂട്ടര്‍ സംവിധാനത്തിന് നേര്‍ക്കായിരുന്നു അമേരിക്കയുടെ സൈബര്‍ ആക്രമണം. ഇതോടെ ഇവ പ്രവര്‍ത്തന രഹിതമായി എന്നാണ് അമേരിക്കയുടെ അവകാശവാദം.

എന്നാല്‍ ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. മറ്റ് കേന്ദ്രങ്ങളും ഇത്തരം വാര്‍ത്ത ഇതുവരെ സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടെ ഇറാനെതിരെയുള്ള വിലക്കുകള്‍ അമേരിക്ക കൂടുതല്‍ കര്‍ക്കശമാക്കുകയും ചെയ്തിട്ടുണ്ട്.

ബരാക്ക് ഒബാമയുടെ കാലത്ത് ഉണ്ടാക്കിയ ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് ഖത്തര്‍ പ്രതിസന്ധിയിലും സൗദി വിഷയത്തിലും അമേരിക്കയുടെ ഇടപെടലുകള്‍ ഇറാനെ ചൊടിപ്പിച്ചിരുന്നു.

ഒമാന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പലുകള്‍ക്ക് നേര്‍ക്കുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്‍ ആണെന്ന് അമേരിക്ക ആവര്‍ത്തിച്ച്‌ ആരോപിക്കുകയും ചെയ്തു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കുകയായിരുന്നു. ഇതിനിടെ ആയിരുന്നു അമേരിക്കയുടെ ചാര വമാനം ഇറാന്‍ വെടിവച്ചിട്ടത്. അന്താരാഷ്ട്ര വ്യോമപാതയില്‍ ആയിരുന്നു ആക്രമണം എന്നാണ് അമേരിക്കയുടെ ആരോപണം. എന്നാല്‍ തങ്ങളുടെ അതിര്‍ത്തിയിലെത്തിയ ഡ്രോണിനെ ആക്രമിച്ചത് അവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയതിന് ശേഷം ആണെന്ന് ഇറാന്‍ അവകാശപ്പെടുന്നുണ്ട്.