ഓസ്റ്റിന്‍ : ടെക്‌സസില്‍ തൊഴില്‍ വേതനം ലഭിക്കുന്ന ആയിരക്കണക്കിന് തൊഴില്‍ രഹിതര്‍ക്ക് പുതിയ നിബന്ധനകളുമായി ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്‍. കോവിഡ് 19 വ്യാപകമായ സാഹചര്യത്തില്‍ തൊഴില്‍ രഹിതവേതനം വാങ്ങിക്കുന്ന തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ അന്വേഷിക്കണമെന്ന നിബന്ധനയില്‍ ഇളവ് അനുവദിച്ചത് പിന്‍വലിക്കുന്നു. ജൂലൈ 6 മുതല്‍ തൊഴില്‍ രഹിതര്‍ നിരന്തരമായി തൊഴില്‍ അന്വേഷിക്കണമെന്നും അത് സാധാരണ ചെയ്യുന്നതുപോലെ പ്രത്യേകം ഫയലില്‍ സൂക്ഷിക്കണമെന്നും ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് നിര്‍ദേശിച്ചു. ജൂലൈ 19 നാണ് ആദ്യ റിപ്പോര്‍ട്ട് സമര്‍ക്കേണ്ടത്. ആദ്യം ലഭിക്കുന്ന തൊഴില്‍ ഓഫര്‍ സ്വീകരിക്കണമെന്നില്ലെന്നും വര്‍ക്ക് ഫോഴ്‌സ് അറിയിച്ചിട്ടുണ്ട്.
ടെക്‌സസില്‍ ഇപ്പോള്‍ 530,000 തൊഴില്‍ സാധ്യതകള്‍ നിലവിലുണ്ടെന്ന് ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് അറിയിച്ചു.തൊഴില്‍ രഹിതര്‍ക്ക് നിലവില്‍ 39 ആഴ്ചയിലാണ് തൊഴില്‍ രഹിത വേതനം ലഭിക്കുന്നത്.ടെക്‌സസില്‍ ഇതുവരെ 2.5 മില്യണ്‍ തൊഴില്‍ രഹിതരാണ് തൊഴില്‍ രഹിത വേതനത്തിന് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ 3.5 ശതമാനമായിരുന്നു തൊഴില്‍ രഹിതര്‍. എന്നാല്‍ ഇപ്പോള്‍ 13 ശതമാനമാണ്.
ടെക്‌സസില്‍ ജനജീവിതം സാധാരണ സ്ഥിതിയിലേക്ക് വരികയും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തു തുടങ്ങിയതോടെ വീണ്ടും ഇവിടെ തൊഴില്‍ സാധ്യതകള്‍ വര്‍ധിച്ചുവരികയാണ്.