കേരളത്തിന് എന്ത് സഹായവും നല്‍കാന്‍ തയറാണ് ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍

പ്രളയക്കെടുതിയില്‍ മുങ്ങിയ കേരളത്തിന് മനുഷ്യത്വപരമായ എന്ത് സഹായവും നല്‍കാന്‍ തയ്യാറാണെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമാന്‍ ഖാന്‍ അറിയിച്ചു. പാകിസ്ഥാന്റെ 22ആമത് പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത ഇമ്രാന്‍ ഖാന്‍ ഇന്ന് വൈകുന്നരേമാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ പ്രളയ ദുരിതം അനുഭവിക്കുന്നവരോടുള്ള സ്‌നേഹവും പ്രാര്‍ത്ഥനയും പാക് ജനതയ്‌ക്ക് വേണ്ടി താന്‍ അറിയിക്കുന്നു. കേരളത്തിന് ആവശ്യമായ എന്ത് സഹായവും മനുഷ്യത്വം കരുതി ചെയ്യാന്‍ തങ്ങള്‍ ഒരുക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതേസമയം, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഹായം വേണ്ടെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. യു.എ.ഇ ഭരണകൂടം കേരളത്തിന് നല്‍കാമെന്ന് വാഗ്‌ദ്ധാനം ചെയ്‌ത 700 കോടി കഴിഞ്ഞ ദിവസം കേന്ദ്രം നിരസിച്ചിരുന്നു. ഇതിന് പുറമെ മാലിദ്വീപ് നല്‍കാമെന്ന 50000 ഡോളറിന്റെയും ഖത്തര്‍ നല്‍കാമെന്നേറ്റ 35 കോടിയുടെയും സഹായവും കേന്ദ്രം നിരസിച്ചിരുന്നു. യു.പി.എ സര്‍ക്കാരിന്റെ കാലത്തെ വിദേശകാര്യ നയമാണ് സഹായം നിരസിക്കുന്നതിന് കാരണമായി കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രം നിലപാട് തിരുത്തണമെന്നും കേരളത്തിന് കൂടുതല്‍ സഹായം ആവശ്യമാണെന്നും കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ അല്‍ഫോണ്‍സ് കണ്ണന്താനം പ്രതികരിച്ചു.