കാല്‍നടയാത്രക്കാരനെ കാറിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച ഡ്രൈവര്‍ അറസ്റ്റില്‍

accident

കൊച്ചിയില്‍ കാല്‍നടയാത്രക്കാരനെ കാറിടിപ്പിച്ച്‌ പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. പള്ളുരുത്തി സ്വദേശി സ്വദേശി നഹാസിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയാണ് സംഭവമുണ്ടായത്. ഇടപ്പള്ളി മരോട്ടിച്ചോടില്‍ നിന്നും പാലാരിവട്ടം ഭാഗത്തേക്ക് സര്‍വ്വീസ് റോ‍ഡിലൂടെ വന്ന സ്വിഫ്റ്റ് ഡിസയര്‍ ടാക്സി കാറാണ് വഴിയാത്രക്കാരനായ നിശാന്തിനെ ഇടിച്ചത്. വഴിയാത്രക്കാരനായ നിശാന്തിനെ ഇടിച്ച കാര്‍ നിര്‍ത്താതെ ഏറെ ദൂരം മുന്നോട്ട് പോയി. കാറിടിച്ചു ബോണറ്റിലേക്ക് വീണ യുവാവുമായി ഏകദേശം 400 മീറ്ററോളം മുന്നോട്ട് പോയ ശേഷം വഴിയില്‍ തള്ളി.
ഓട്ടോറിക്ഷയില്‍ നിന്ന് ഇറങ്ങിയ നിശാന്തിനെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏറെ ദൂരം മുന്നോട്ട് പോയ ശേഷം കാറില്‍ നിന്ന് റോഡിലേക്ക് വീണ തന്റെ കാലിന്റെ മുകളിലൂടെ കയറിയിറങ്ങിയ ശേഷമാണ് കാര്‍ കടന്നുകളഞ്ഞത്.

കാലിനും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ നിഷാന്ത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിശാന്തിന്റെ പരാതിയെ തുടര്‍ന്ന് എളമക്കര പൊലീസ് സിസിടിവി പരിശോധിച്ചപ്പോഴാണ് അപകടത്തിന്റെ ക്രൂരത വെളിവാകുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.