Thursday, April 18, 2024
HomeKeralaയുവതികൾ ടാക്സി ഡ്രൈവറെ മർദ്ദിച്ചതെന്തിന്? സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

യുവതികൾ ടാക്സി ഡ്രൈവറെ മർദ്ദിച്ചതെന്തിന്? സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്

കൊച്ചിയില്‍ യുവതികള്‍ യൂബര്‍ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിക്കുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ ഡ്രൈവറുടെ മുഖത്തും ശരീരത്തിലും ഇടിക്കുകയും തല്ലുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്‌. ആക്രമണത്തിനിടെ കാഴ്ചക്കാര്‍ യുവതികളെ തടയാന്‍ ശ്രമിച്ചിട്ടും യുവതികള്‍ ഡ്രൈവറെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് തങ്ങള്‍ ഡ്രൈവറെ മര്‍ദ്ദിച്ചിട്ടില്ലെന്നായിരുന്നു യുവതികളുടെ മറുപടി. സിസി ടിവി പരിശോധിച്ചാല്‍ മതിയെന്നുമായിരുന്നു ഇവരുടെ ന്യായം. എന്നാല്‍ മൂന്നു പേരും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചതായി ഡ്രൈവര്‍ ഷഫീക്ക് വ്യക്തമാക്കിയിരുന്നു.

അതേസമയം സംഭവത്തില്‍ പ്രതികളായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതില്‍ പ്രതിഷേധം ഉയരുന്നു. പരിക്കേറ്റ ഡ്രൈവർ ഷെഫീക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടും സ്ത്രീകളെ മരട് പൊലീസ് ജാമ്യത്തില്‍ വിട്ടതിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. യൂബര്‍ ടാക്‌സിഡ്രൈവറായ കുമ്പളം സ്വദേശി ഷെഫീക്കിനെ വൈറ്റിലയ്ക്കു സമീപം മൂന്നു യുവതികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തില്‍ സാക്ഷിയായ തൃപ്പൂണിത്തുറയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായ ഷിനോജ് മൊഴി നല്‍കിയിട്ടും സ്ത്രീകളെ ജാമ്യത്തില്‍ വിട്ടയച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാരുടെ ചോദ്യം. അക്രമത്തിന്റെ തീവ്രതയനുസരിച്ചു ജാമ്യമില്ലാത്ത വകുപ്പുപ്രകാരം യുവതികള്‍ക്കെതിരെ കേസെടുക്കുമെന്ന് തന്റെ മൊഴിയെടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതെന്ത് കൊണ്ടാണെന്ന് അറിയില്ലെന്നും ഷിനോജ് വ്യക്തമാക്കി.

ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ വൈറ്റില ജംഗ്ഷനിലായിരുന്നു സംഭവം.ഷിനോജ് എറണാകുളം ഷേണായീസിന് സമീപത്ത് നിന്നും തൃപ്പൂണിത്തുറയിലെ ഓഫിസിലേക്കു പോകുന്നതിന് ഓണ്‍ലൈന്‍ ഷെയര്‍ ടാക്‌സി വിളിച്ചു യാത്രചെയ്തു. വൈറ്റിലയില്‍ ടാക്‌സി എത്തിയതോടെ ഇവിടെ ബുക്ക് ചെയ്തു കാത്തിരുന്ന യുവതികളും കയറാനെത്തി. തങ്ങള്‍ വിളിച്ച ടാക്‌സിയില്‍ മറ്റൊരാള്‍ ഇരിക്കുന്നത് അനുവദിക്കില്ലെന്നും ഇറക്കിവിടണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് ഷഫീക്ക് തയാറാകാത്തതിനെ തുടര്‍ന്ന് യുവതികള്‍ അക്രമാസക്തരാകുകയായിരുന്നെന്ന് ഷിനോജ് അറിയിച്ചു. സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന യുവതിയടക്കമുള്ളവരായിരുന്നു ആക്രമണത്തിന് നേതൃത്വം കൊടുത്തത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments