മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് പ്രവീണ്‍ തൊഗാഡിയ

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയം ഉയര്‍ത്തി ഹിന്ദുത്വ സംഘടനകള്‍ വീണ്ടും രംഗത്തെത്തി. രാമക്ഷേത്ര വിഷയത്തില്‍ മോദിക്കെതിരേ വിമര്‍ശനം ഉന്നയിച്ച് പ്രവീണ്‍ തൊഗാഡിയ ആണ് രംഗത്തെത്തിയത്. രാമക്ഷേത്രം നിര്‍മ്മിക്കാമെന്ന് വാഗ്ദാനം നല്‍കി മോദി രാജ്യത്തെ ഹിന്ദുക്കളെ വഞ്ചിച്ചെന്ന് പ്രവീണ്‍ തൊഗാഡിയ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുക്കളെയും രാമനെയും വഞ്ചിച്ചിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമനിര്‍മ്മാണം നടത്താന്‍ ആവശ്യപ്പെട്ടപ്പോഴാണ് തന്നോട് അനുസരണയുളള പ്രവര്‍ത്തകനായി തുടരാന്‍ പറഞ്ഞത്. അന്ന് അവരുടെ വാക്ക് കേട്ടിരുന്നുവെങ്കില്‍ ഞാനിന്നും വിഎച്ച് പി അദ്ധ്യക്ഷ സ്ഥാനത്ത് തുടര്‍ന്നേനെ. ഇന്നിപ്പോള്‍ അവര്‍ രാമക്ഷേത്രം നിര്‍മ്മിക്കാനുളള നിയമ നിര്‍മ്മാണം നടത്തുന്നതിന് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നതായി ഞാന്‍ അറിഞ്ഞു. അത് ഞാന്‍ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് കൊണ്ടാണ്,’ മോദി രാമന്റെയല്ല , റഹീമിന്റെ അഡ്വക്കേറ്റ് ആണെന്നും തൊഗാഡിയ പറഞ്ഞു. രാമക്ഷേത്രം നിര്‍മ്മിക്കണമെന്നാവശ്യപ്പട്ട് ഒക്ടോബര്‍ 31 ന് ലക്‌നൗ മുതല്‍ അയോദ്ധ്യ വരെ മാര്‍ച്ച് നടത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി. മോദി ഉള്‍പ്പെട്ട റഫാല്‍ കേസില്‍ മോദി തന്നെ പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ എങ്ങനെ നിഷ്പക്ഷമായ അന്വേഷണം നടക്കും എന്നും അന്താരാഷ്ട്ര ഹിന്ദു പരിഷത് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ കൊച്ചിയില്‍ ചോദിച്ചു. റഫാല്‍ ഇടപാടില്‍ മോദി ഉള്‍പ്പെട്ടിട്ടുണ്ട്. മോദി പ്രധാനമന്ത്രി ആയിരിക്കുമ്പോള്‍ എങ്ങനെയാണ് ശരിയായ അന്വേഷണം നടക്കുകയെന്നും തൊഗാഡിയ ചോദിച്ചു. രാമക്ഷേത്ര വിഷയത്തില്‍ ആര്‍എസ്എസ് മേധാവിയും കഴിഞ്ഞ ദിവസം പ്രസ്താവനയുമായി രംഗത്തെത്തിയിരുന്നു. കര്‍സേവകര്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് എത്രയും വേഗം രാമക്ഷേത്രം നിര്‍മിക്കണമെന്നായിരുന്നു മോഹന്‍ ഭഗതിന്റെ പ്രസ്താവന. ഇതിലൂടെ ഏറെ കാലമായി നിലനില്‍ക്കുന്ന ഹിന്ദു-മുസ്്‌ലിം തര്‍ക്കത്തിന് പരിഹാരം കാണാമെന്നും ആര്‍എസ്എസ് മേധാവി പറഞ്ഞു. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ടാണ് ഹിന്ദുത്വ നേതാക്കള്‍ രാമക്ഷേത്ര വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറഞ്ഞു.