ബോറടിക്കുമ്പോൾ ഇനി ബഹിരാകാശത്തേക്ക്; ഇന്ത്യയുടെ ഗഗൻയാൻ

chinese space ship

ഭൂമിയിലിരുന്നു ബോറടിക്കുമ്പോൾ ഇനി ഒന്നു ബഹിരാകാശമൊക്കെ ചുറ്റി വരുന്നതിനെപ്പറ്റി സ്വപ്നം കാണാം. എന്നാൽ അതു വെറും സ്വപ്നമാണെന്നു കരുതി തള്ളിക്കളയാൻ വരട്ടെ. റഷ്യയുമായി കൈകോർത്ത് ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനുള്ള പദ്ധതിയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങുകയാണ് ഐഎസ്ആർഒ. ഗഗൻയാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ ഇന്ത്യാ സന്ദർശനത്തോടെ ലഭ്യമാകും.ബഹിരാകാശ ദൗത്യം കൂടാതെ റഷ്യയുടെ ജിപിഎസ് സംവിധാനമായ ഗ്ലോനാസും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ജിപിഎസ് സംവിധാനമായ നാവികിനുമായി ഭൂഗർഭ സ്റ്റേഷൻ സ്ഥാപിക്കുന്ന ചർച്ചയിലാണ് ഇരു രാജ്യങ്ങളുമിപ്പോൾ. ഹ്യൂമൻ മിഷൻ പ്രോജക്‌ടിനായുള്ള സാങ്കേതിക വിദ്യ കൈമാറ്റത്തെ സംബന്ധിക്കുന്ന ഉടമ്പടിയിൽ ഇന്ത്യയും ഫ്രാൻസും നേരത്തെ ഒപ്പു വച്ചിരുന്നു. അതിനു പിന്നാലെയാണ് റഷ്യയുമായുള്ള കരാറിനു ഇന്ത്യയൊരുങ്ങുന്നത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പൈസ് സെന്‍ററിൽ നിന്നും ഇക്കഴിഞ്ഞ സെപ്റ്റംബർ 16നു വിക്ഷേപണ വാഹനമായ പിഎസ്എൽവി-സി42 യുകെ ആസ്ഥാനമായുള്ള മിസ് സറെ സാറ്റലൈറ്റ് ടെക്നോളജീസ് ലിമിറ്റഡും ആൻട്രിക്സ് കോർപ്പറേഷൻ ലിമിറ്റഡിനും വേണ്ടി രണ്ടു ഭൗമ നിരീക്ഷണ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചിരുന്നു. ബഹിരാകാശ രംഗത്തു പുത്തൻ കുതിപ്പുകൾ നടത്തുന്ന ഇന്ത്യയുടെ സ്വപ്ന പദ്ധതിയാണിത്.2022 ആകുമ്പോഴേക്കും ഒരു ബഹിരാകാശ ടൂർ സംഘടിപ്പിക്കുകയാണ് ഐഎസ്ആർഒയുടെ ലക്ഷ്യം.സോവിയറ്റ് യൂണിയന്‍റെ ബഹിരാകാശ പേടകത്തിൽ യാത്ര ചെയ്ത രാകേഷ് ശർമ മാത്രമാണ് ഇതുവരെ ബഹിരാകാശത്തെത്തിയിട്ടുള്ള ഇന്ത്യൻ പൗരൻ. 1984ൽ ആയിരുന്നു അത്. 2015 മേയ് മാസം റഷ്യൻ ബഹിരാകാശ ഏജൻസിയുമായി ഒപ്പിട്ട കരാറിൽതാല്പര്യമുള്ള വിഷയങ്ങളിൽ ഒരുമിച്ചു മുന്നോട്ടു പോകാനുള്ള തീരുമാനം ഐഎസ്ആർഒ എടുത്തിരുന്നു. അമെരിക്കയ്ക്കും ഫ്രാൻസിനും ശേഷം ബഹിരാകാശം, പ്രതിരോധം, ആണവ ശക്തി എന്നീ മേഖലകളിൽ ഇന്ത്യയുമായി ശക്തമായ ബന്ധം സൂക്ഷിക്കുന്ന രാജ്യമാണ് റഷ്യ. മനോഹരമായ ആകാശ ഗംഗയിൽ ഭാരമില്ലാതെ പറന്നു നടക്കാൻ കാത്തിരിക്കുകയാണ് ഇപ്പോൾ എല്ലാവരും. ഇനിയവിടെയെങ്ങാനും നമ്മുടെ ചന്ദ്രേട്ടന്‍റെ ചായക്കടയുണ്ടാകുമോ എന്ന ചോദ്യമാകും ഒരോ മലയാളി മനസിലും!