സംസ്ഥാന സ്കൂള്‍ കായികമേളയില്‍ എറണാകുളം ജില്ലയ്ക്ക് കിരീടം

pala minicipal stadium

സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിനെ പിന്തള്ളി എറണാകുളം ജില്ലയ്ക്ക് കിരീടം. 258 പോയിന്റുമായി എറണാകുളം ഒന്നാമതെത്തിയത്. 184 പോയിന്റുമായി പാലക്കാട് രണ്ടാം സ്ഥാനത്തും 110 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനം സ്വന്തമാക്കി. സ്കൂളുകളില്‍ നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ബേസില്‍ കിരീടം നിലനിര്‍ത്തി. 75 പോയിന്റാണ് മാര്‍ബേസില്‍ നേടിയത്. പുല്ലൂരംപാറ സെന്റ് ജോസഫ് എച്ച്എസ് 63 പോയിന്റോടെ രണ്ടാം സ്ഥാനവും പറളി സ്‌കൂള്‍ 57 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.

എറണാകുളം ജില്ല നേരത്തെ തന്നെ ജേതാക്കളാകുമെന്ന് ഉറപ്പായിരുന്നു. ജില്ലയിലെ പ്രമുഖ സ്കൂളുകളായ കോതമംഗലം മാര്‍ ബേസിലിന്റെയും സെന്റ് ജോര്‍ജിന്റെയും കുതിപ്പിലാണ് ഇത്തവണ എറണാകുളം കിരീടം തിരിച്ചുപിടിച്ചത്.

വര്‍ഷങ്ങളായി ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുന്ന പാലക്കാട് ജില്ലയിലെ സ്കൂളുകള്‍ ഇത്തവണയും എറണാകുളത്തിന് വെല്ലുവിളിയുയര്‍ത്തിയെങ്കിലും പാലക്കാടിന് ഇത്തവണ രണ്ടാം സ്ഥാനത്തെത്താനെ കഴിഞ്ഞുള്ളൂ. കഴിഞ്ഞവര്‍ഷം തേഞ്ഞിപ്പലത്ത് കാലിക്കട്ട് യൂണിവേഴ്സ്റ്റി ഗ്രൗണ്ടില്‍ നടന്ന കായികമേളയില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ എറണാകുളത്തെ പരാജയപ്പെടുത്തി പാലക്കാടാണ് കിരീടം നേടിയിരുന്നത്.