Friday, October 11, 2024
HomeCrimeകൂടത്തായി കൊലപാതക കേസിൽ അന്വേഷണം ഷാജുവിലേക്കോ?

കൂടത്തായി കൊലപാതക കേസിൽ അന്വേഷണം ഷാജുവിലേക്കോ?

കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളി നടത്തിയ ക്രൂരതകളെക്കുറിച്ച്‌ രണ്ടാം ഭര്‍ത്താവ് ഷാജുവിന് മുൻ അറിവുണ്ടായിരുന്നുവെന്ന് അന്വേഷണ സംഘത്തിനു സംശയം. ഇക്കാര്യത്തില്‍ ജോളി നല്കിയ മൊഴി വിശ്വാസ്യയോഗ്യമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയെന്നാണ് അറിയുന്നത്.

ആദ്യം ഷാജു, ജോളി നടത്തിയ കൊലപാതകങ്ങളെ കുറിച്ച്‌ തനിക്കൊന്നും അറിയില്ലെന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഷാജുവിനെ ചോദ്യം ചെയ്തപ്പോള്‍ ഏറെക്കുറേ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിരുന്നുവെന്നാണ് മനസിലാകുന്നത്.

ജോളിയും ഷാജുവും പരസ്പര വിരുദ്ധമായ മൊഴി നല്‍കിയത് ചോദ്യം ചെയ്യലിന് വിധേയനായ ഷാജുവിനോട് തിരിച്ചും മറിച്ചും ചോദിച്ചപ്പോള്‍ ഷാജു കുറ്റസമ്മതം നടത്തിയെന്ന സൂചനയുമുണ്ട്.


എന്നാല്‍, അന്വേഷണ സംഘം ഷാജുവിനെ കേസില്‍ പ്രതി ചേര്‍ക്കാതെ വിട്ടയക്കുകയായിരുന്നു. അന്വേഷണ സംഘത്തിന്റെ തന്ത്രപരമായ നീക്കമായിരുന്നു ഇതെന്നാണ് വിലയിരുത്തുന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച ജോളിയെ ഇന്നലെ 11 മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.

ജോളിയെ പേടിയായിരുന്നുവെന്നും തന്നെയും കൊല്ലുമെന്ന് ഭയന്നാണ് ക്രൂരതകള്‍ പുറത്ത് പറയാതിരുന്നതെന്നുമാണ് ഷാജുവിന്റെ ആദ്യം നല്‍കിയ മൊഴിയില്‍ പറഞ്ഞത്.
ഷാജുവിന്റെ മൊഴിയില്‍ കൂടുതല്‍ വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഷാജുവിനെ ഇന്ന് രാവിലെ മുതല്‍ വീണ്ടും ചോദ്യം ചെയ്യുകയാണ്. സിലിയുടെ മരണം അന്വേഷിക്കുന്ന കോസ്റ്റല്‍ സി.ഐ ആണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.

ഇതിനുശേഷം ഷാജുവിനെ പ്രതിചേര്‍ക്കണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. അതിനിടെ ഷാജുവിന്റെ അച്ഛന്‍ സക്കറിയയേയും ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം വിളിച്ചുവരുത്തിയിട്ടുണ്ട്.

ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മരണം കൊലപാതകമാണെന്ന് ഷാജുവിനും അറിയാമായിരുന്നുവെന്ന് ജോളി ഇന്നലെ സമ്മതിച്ചതായി ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. സമാനമായ മൊഴി കഴിഞ്ഞതവണ നടന്ന ചോദ്യം ചെയ്യലില്‍ ഷാജുവും അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.

2014 മേയ് 3 നായിരുന്നു ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ കൊല്ലപ്പെടുന്നത്. ഷാജുവിന് പല്ലുവേദന വന്നതിനെ തുടര്‍ന്ന് താമരശേരിയിലെ ദന്താശുപത്രിയില്‍ ഷാജുവിനും ജോളിക്കുമൊപ്പം എത്തിയപ്പോള്‍ കുഴഞ്ഞ് വീണായിരുന്നു സിലി മരിച്ചത്. 2016 ജനുവരിയിലാണ് സിലി കൊല്ലപ്പെടുന്നത്.

എന്നാല്‍, അന്ന് ഇതില്‍ അസ്വാഭാവികതയാരും കണ്ടില്ല. എന്നാല്‍, ഷാജുവും പിതാവ് സക്കറിയയും സിലിയുടെയും മകള്‍ ആല്‍ഫൈന്റെയും മൃതദേഹങ്ങള്‍ പോസ്റ്രുമോര്‍ട്ടം ചെയ്യുന്നതിനെ എതിര്‍ത്തിരുന്നതായി ചില ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പൊലീസിന് സംശയമുണ്ടായിരുന്നുവെന്നാണ് അറിയുന്നത്.

ഈ കൊലപാതകങ്ങള്‍ക്ക് സാഹചര്യം ഒരുക്കിക്കൊടുത്തത് താനാണെന്ന് ഷാജു സമ്മതിച്ചുവെന്നാണ് അറിയുന്നത്. ജോളിയുമായി താന്‍ പ്രണയത്തിലായിരുന്നുവെന്നും മൊഴി നല്‍കിയെന്നാണ് പുറത്തുവരുന്ന വിവരം. സിലി ജീവിച്ചിരിക്കെ താനും ഷാജുവും ബന്ധമുണ്ടായിരുന്നെന്നും ജോളി ഇന്നലെ പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

ജോളിയെ അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്യല്‍ തുടരുകയാണ്. വടകര കോസ്റ്റല്‍ പൊലീസ് സ്റ്റേഷനില്‍ ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, സി.ഐ ബി.കെ സിജു എന്നിവരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. റോയിയുടെ മരണശേഷം ജോളിയുമായുള്ള ഷാജുവിന്റെ അടുപ്പം സിലി ചോദ്യം ചെയ്തതാണ് പകയ്ക്ക് കാരണമായതെന്നും ജോളി മൊഴി നല്‍കിയിട്ടുണ്ടെന്നറിയുന്നു.

സിലിയുടെ മരണശേഷം സ്വകാര്യ ആശുപത്രി ജീവനക്കാര്‍ കൈമാറിയ ആഭരണങ്ങള്‍ ഷാജുവിന് നല്‍കിയതായും ജോളി ചോദ്യം ചെയ്യലിനിടെ പറഞ്ഞു. എന്നാല്‍ ഈ ആഭരണങ്ങള്‍ ഷാജു സിലിയുടെ ബന്ധുക്കള്‍ക്ക് നല്കിയിട്ടില്ല. ആഭരണങ്ങള്‍ നേര്‍ച്ചപ്പെട്ടിയില്‍ സിലി നിക്ഷേപിച്ചിരുന്നതായി ഷാജു പറഞ്ഞത് അവര്‍ വിശ്വസിച്ചിട്ടുമില്ല.

സിലിയുടെ മരണവുമായി ബന്ധപ്പെട്ട് താമരശ്ശേരിയിലെ ദന്താശുപത്രി, ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി എന്നിവിടങ്ങളില്‍ ജോളിയെ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. അതിനിടെ വ്യാജ ഒസ്യത്ത് ഉണ്ടാക്കിയ സംഭവത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായി.

ഡെപ്യൂട്ടി കളക്ടര്‍ സി. ബിജുവാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് കളക്ടര്‍ മുഖേന റവന്യൂ മന്ത്രിക്ക് കൈമാറും. ആധാരം, നികുതി രസീത്, ലീഗല്‍ ഹെയര്‍ സര്‍ട്ടിഫിക്കറ്റ്, അടിയധാരം തുടങ്ങിയവയാണ് അന്വേഷണത്തിന് വിധേയമാക്കിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments